ഏതു ഘട്ടത്തിലാണ് ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസും ചെയ്യേണ്ടത്? ആശങ്കയുണർത്തുന്ന ഒരു ചോദ്യമാണിത്. ബൈപ്പാസ് ശസ്ത്രക്രിയ മാത്രമാണു പ്രതിവിധി എന്നു കരുതിയിരുന്ന പഴയകാലത്തു നിന്ന് ഹൃദയശസ്ത്രക്രിയാരംഗം ഇന്ന് ഏറെ വളർന്നു കഴിഞ്ഞു.
ഹാർട്ട് അറ്റാക്ക് ഉണ്ടായ ഉടൻ ആശുപത്രിയിലെത്തുന്ന രോഗിയിൽ ആദ്യം ചെയ്യുക പ്രൈമറി ആൻജിയോപ്ലാസ്റ്റിയാണ്. പെട്ടെന്ന് കൊറോണറി ധമനിയിലെ തടസം മാറ്റി ഹൃദയപേശിയെ രക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമാർഗം പ്രൈമറി ആൻജിയോ പ്ലാസ്റ്റിയാണ്. ബൈപാസ് ശസ്ത്രക്രിയയ്ക്ക് അവിടെ പ്രസക്തിയില്ല. അതിന്റെ ആവശ്യവും വരാറില്ല. എന്നാൽ വളരെ നീളം കൂടിയ ബ്ലോക്കാണെങ്കിലും ബ്ലോക്കുകളുടെ എണ്ണം കൂടുതലാണെങ്കിലും ബൈപാസ് വേണ്ടി വരും.
പ്രൈമറി ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഏകദേശം മൂന്നാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ ബൈപ്പാസ് ചെയ്യാനാകൂ. മാത്രമല്ല പ്രായംകൂടിയവരിൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു നിരവധി റിസ്ക്കുകളുമുണ്ട്.
ശസ്ത്രക്രിയ ചെയ്യാൻ പേടിക്കുന്നവർ ആൻജിയോപ്ലാസ്റ്റി തിരഞ്ഞെടുക്കാറുണ്ട്. സ്റ്റെന്റുകളുടെ എണ്ണം കൂടുന്നതിനനസരിച്ച് ആൻജിയോ പ്ലാസ്റ്റിയുടെ ചെലവും കൂടും. ചെലവു പ്രശ്നമില്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി ചെയ്യാം. രോഗികളുടെ താത്പര്യത്തിനാണ് ഇവിടെ മുൻഗണന നൽകുന്നത്.