രണ്ടു വർഷം മുമ്പ് ഡോക്ടർ പറഞ്ഞു, സൂക്ഷിക്കണമെന്ന് കൊളസ്ട്രോൾ വളരെ കൂടുതലാണ്, ബി പിയുമുണ്ട്. വ്യായാമവും ഭക്ഷണനിയന്ത്രണവും വേണം. പുകവലിക്കുന്ന കാര്യം ഇനി ചിന്തിക്കുകപോലും വേണ്ട, എന്നു പറഞ്ഞ് ഡോക്ടർ ചില ഗുളികകൾ കുറിച്ചു നൽകി.
ഒരു മാസം കഴിഞ്ഞപ്പോൾ മരുന്നു നിർത്തി. പിന്നെ ആ വഴി പോയിട്ടില്ല. കാര്യമില്ലാത്ത കാര്യങ്ങൾ എന്നു ചിന്തിച്ച് ഭക്ഷണനിയന്ത്രണവും വ്യായാമക്കാര്യവും അപ്പോഴേ മറന്നു. പക്ഷേ ഇന്ന് പലിശയ്ക്കെടുത്ത പണം കൊണ്ട് ബൈപ്പാസ് കഴിഞ്ഞ് വീട്ടിലിരിക്കുമ്പോൾ സത്യത്തിൽ ഒരുപാട് സങ്കടമുണ്ട്. വലിയ കടക്കാരനായതിലും ഈ ജീവിതം അവസാനിക്കുന്നതുവരെ മരുന്നു കഴിക്കേണ്ടി വരുന്നതിലും ഈ അവസ്ഥ ഒഴിവാക്കാനാകുമായിരുന്നു. അന്ന് ഡോക്ടർ പറഞ്ഞതു കേട്ടിരുന്നെങ്കിൽ...
തിരുവനന്തപുരത്തെ 35 കാരനായ ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇവ. ഈ അനുഭവം വിവരിക്കുമ്പോൾ ജീവിതത്തിന്റെ വസന്തകാലം കണ്മുന്നിൽ കൊഴിഞ്ഞു വീണതിന്റെ തേങ്ങൽ അയാളുടെ ശബ്ദത്തിലുണ്ടായിരുന്നു. ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. എത്ര പറഞ്ഞാലും അനുസരിക്കാൻ കൂട്ടാക്കാതെ, ജീവിതശൈലിയുടെ തെറ്റായ വഴികളിലൂടെ മലയാളി അല്പമൊരു പുച്ഛത്തോടെ തന്നെ നടന്നു പോകുന്നു. തനിക്ക് ഹൃദ്രോഗമോ ഹൃദയാഘാതമോ വരില്ലെന്നുറപ്പിച്ചു തന്നെയാണ് ആ യാത്ര.
ഒടുവിൽ നിനച്ചിരിക്കാത്ത നേരത്ത്, വിളിച്ചു വരുത്തിയ ആ അതിഥി പതുങ്ങി വന്ന് ഹൃദയത്തെ കീഴടക്കും. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ മരുന്നിന്റെ ഭാണ്ഡവും പേറി പിന്നീടുള്ള യാത്ര അത്ര സുഖകരമായിരിക്കില്ല.
ക്ഷണിച്ചു വരുത്തുന്ന ദുരന്തം
ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ (പ്പത്നഗ്ന്യന്റത്സദ്ധ്രന്റ₨k ണ്ടnക്ഷന്റത്സ്യന്ധദ്ധഗ്നn) എന്നു വിളിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്. ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന രേഗമായി ഹൃദയാഘാതം മാറിയിരിക്കുന്നു. മരണത്തിലേയ്ക്കുള്ള കുറുക്കുവഴിയാണ് ഇന്നു ഹൃദയാഘാതം പരമാർശിക്കപ്പെടുന്നത്.
ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ കഴിയുമായിരുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. എന്നാൽ നമ്മുടെ നാട്ടിൽ ഹൃദയാഘാതം പ്രതിരോധപ്രവർത്തനത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടത്ര ഉൾക്കൊള്ളുന്നില്ല എന്നതാണ് ഏറ്റവും ആശങ്കയുണർത്തുന്ന കാര്യം. അറ്റാക്കോ, അതു വന്നിട്ടു നോക്കാം എന്ന നിസാരഭാവമാണ് പലരിലും പ്രവർത്തിക്കുന്നതെന്ന് സംശയിച്ചു പോകും.
അറിവില്ലായ്മ മാത്രമല്ല മിക്കപ്പോഴും വില്ലനാകുന്നത്, അശ്രദ്ധയും മേൽപ്പറഞ്ഞ നിസാരഭാവവും തന്നെയാണ്. അൽപം ശ്രദ്ധിച്ചാൽ മുന്നറിയിപ്പുകളെ മുഖവിലയ്ക്കെടുത്താൽ തടഞ്ഞു നിർത്താം ഈ മാരകരോഗത്തെ.
ഫിൻലൻഡിൽ അതു സംഭവിച്ചു
ഹൃദയാഘാതമുൾപ്പെടുന്ന ഹൃദ്രോഗങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ നമുക്കു സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാതൃകയാണ് ഫിൻലൻഡ് എന്ന രാജ്യം. ആ രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ അതിനെതിരെ അവർ ഉപയോഗിച്ച ശക്തമായ ആയുധം ബോധവൽക്കരണമായിരുന്നു.
കൊഴുപ്പും ഉപ്പും കൂടിയ പാക്ക്ഡ് ഭക്ഷണ പദാർഥങ്ങൾക്ക് കർശന നിയന്ത്രണം അവർ ഏർപ്പെടുത്തി. ഇവ നിശ്ചിത അളവിൽ കൂടിയിരുന്നാൽ കടുത്ത നികുതിയാണ് ഈടാക്കിയത്. പുകയില ഉൽപന്നങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു. സ്കൂൾ പാഠ്യപദ്ധതിയിലടക്കം ഹൃദ്രോഗപ്രതിരോധപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി. ഫലം എന്തെന്നറിയാമോ? വെറും രണ്ടു പതിറ്റാണ്ടുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും ഹൃദ്രോഗം കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഫിൻലൻഡ് മാറി.
അത് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണ്.
അപായം വരുന്ന വഴി
കാനഡയിലുള്ള മലയാളിയായ ഹൃദ്രോഗവിദഗ്ധൻ പ്രഫ സലിം യൂസഫിന്റെ നേതൃത്വത്തിൽ നടത്തിയ ലോകപ്രസിദ്ധമായ പഠനമാണ് ഇന്റർഹാർട്ട് സ്റ്റഡി. 50 രാജ്യങ്ങളിലുള്ള 27,000 പേരിൽ നടത്തിയ ബൃഹത്തായ പഠനമായിരുന്നു ഇത്.
ഒമ്പത് അപായഘടകങ്ങളെ നിയന്ത്രിച്ചാൽ 95 ശതമാനത്തോളം ഹൃദ്രോഗവും തടയാനാകുമെന്നായിരുന്നു ആ പഠനത്തിന്റെ സാരം.
പുകവലി, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, ദുർമേദസ്, പിരിമുറുക്കം, പച്ചക്കറികളും പഴങ്ങളും കുറഞ്ഞ ഭക്ഷണരീതി, വ്യായാമരാഹിത്യം, അമിതമദ്യപാനം എന്നിവയാണ് ആ ഒമ്പതു ഘടകങ്ങൾ. ഒട്ടും ബുദ്ധിമുട്ടു കൂടാതെ നിയന്ത്രിച്ചു നിർത്താവുന്നവയാണ് ഈ അപായഘടകങ്ങൾ. അതിനു സാധ്യമായാൽ ഹൃദയാഘാതത്തിൽ (അക്യൂട്ട് മയോകാർഡിയൽ ഇൻഫാർക്ഷൻ) 90 ശതമാനവും വരാതെ നോക്കാൻ കഴിയുമെന്നായിരുന്നു ഡോ സലിം യൂസഫ് തെളിയിച്ചത്.
നമ്മൾ കൂടുതൽ സൂക്ഷിക്കണം
എസെിഎംആറിന്റെ പഠന റിപ്പോർട്ടനുസരിച്ച് കേരളത്തിൽ 87 ലക്ഷം പേരിൽ ബി പി കൂടുതലാണ്. 34 ലക്ഷം പേർക്ക് പ്രമേഹമുണ്ട്. പുരുഷന്മാരിൽ 52 ശതമാനം പേരിലും സ്ത്രീകളിൽ 61 ശതമാനം പേരിലും കൊളസ്ട്രോൾ കൂടുതലാണ്. കേരളത്തിലെ ഹൃദ്രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നു തന്നെയല്ലേ ഇതു സൂചിപ്പിക്കുന്നത്.
2010—2015ൽ ലോകത്തിലെ മൊത്തം ഹൃദ്രോഗികളുടെ അറുപതു ശതമാനവും ഇന്ത്യയിലായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആരോഗ്യരംഗത്തു നേടിയ വളർച്ചയുടെ ഫലമായി പകർച്ചവ്യാധികൾ മൂലമുള്ള മരണം ഇപ്പോൾ വളരെ കുറവാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഇന്ന് ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്നത് ഹൃദയാഘാതമാണ്.
അളവിലും കുറച്ച്
ഹൃദ്രോഗസാധ്യത കൂട്ടുന്ന അമിതവണ്ണം, കൊഴുപ്പ്, പ്രമേഹം തുടങ്ങി വിവിധ ആപൽഘടകങ്ങളുടെ അളവിന്റെ കാര്യത്തിലും നമ്മൾ ഉദാസീനരാണ്. അതൊക്കെ വിദേശികൾക്കു വേണ്ടിയുള്ള അളവുകളല്ലേ. അല്പം കൂടപ്പോയാലും കുഴപ്പമൊന്നുമില്ലെന്ന് പലരും കരുതുന്നു.
എന്നാൽ ആ ധാരണ തെറ്റാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ബിഎംഎെ 25ൽ ആകുമ്പോൾ ഹൃദ്രോഗആപൽഘടകമായി കണക്കാക്കുന്നു. എന്നാൽ മലയാളിയുടെ കാര്യത്തിൽ അത് 23ൽ തന്നെ തുല്യമായി അപായഘടകമായി മാറുന്നു.
ചീത്തകൊളസ്ട്രോളായ എൽ ഡി എൽ ഉൾപ്പെടെയുള്ള ആപൽഘടകങ്ങളുടെ അളവുകളുടെ കാര്യത്തിൽ മലയാളി ഒരുപടി താഴെത്തന്നെ നിൽക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഇന്റർഹാർട്ട് പഠനം അടക്കമുള്ളവയുടെ വെളിച്ചത്തിൽ ഡോ മോഹനൻ പറയുന്നു.
എന്നെ അറിയുമോ?
പേര് : ഹൃദയം
ഭാരം : 300—350 ഗ്രാം (പുരുഷന്)
: 230—275 ഗ്രാം (സ്ത്രീക്ക്)
വലുപ്പം: ചുരുട്ടിയ മുഷ്ടിയോളം
സ്ഥാനം : നെഞ്ചിന്റെ മധ്യത്ത്
ഇടത്തേക്ക് അൽപം ചരിഞ്ഞ് ശ്വാസകോശങ്ങൾക്കിടയിൽ.
നിർമിതം : ശക്തമായ മാംസപേശികളാൽ.
ധർമം : ജീവന്റെ തുടിപ്പാണ് ഹൃദയം.
ഒരുപമ്പുപോലെ പ്രവർത്തിച്ച് ജീവൻ നിലനിർത്തുന്നതിനാവശ്യമായ രക്തചംക്രമണം നിർവഹിക്കുന്നു.
പമ്പിങ് ശേഷി : മിനിട്ടിൽ അഞ്ചുലീറ്റർ.
കായികാധ്വാനമുള്ളപ്പോൾ 20—25 ലീറ്റർ വരെ ഉയരും.