Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് ലോക ഹൃദയദിനം; ഹൃദ്രോഗം അകറ്റാൻ ഫലപ്രദമായ അഞ്ചു മുൻകരുതലുകൾ

heart-attack

പേശികളുടെ പ്രവർത്തനവൈകല്യം, ധമനികളിലെ തടസ്സം എന്നീ രണ്ട് അപകടങ്ങളാണ് അമ്പതുവയസ്സ് പിന്നിടുന്നവരിൽ ഹൃദയവുമായി ബന്ധപ്പെട്ടു സാധാരണകണ്ടു വരുന്നത്. ഹൃദയപേശികളുടെ പ്രവർത്തനവൈകല്യം കാരണം ശരീരഭാഗങ്ങളിലേക്ക് ആവശ്യമായ അളവു രക്തം എത്തിക്കാൻ ഹൃദയത്തിന് കഴിയാതെ വരും. രക്തക്കുഴലുകളിൽ തടസ്സമുണ്ടായാൽ ഹൃദയം വിചാരിച്ചാലും രക്തത്തിന്റെ ഒഴുക്ക് സുഗമാക്കാനാവുകയുമില്ല.

കൊഴുപ്പ് വില്ലനാകുമ്പോൾ 

കഠിനാധ്വാനിയും ശ്രദ്ധാലുവുമായ ഒരു നിത്യഹരിതനായകനാണ് ഹൃദയം. ഒരു ദിവസം ഒരു ലക്ഷത്തിലധികം തവണ ചുരുങ്ങി സങ്കോചിക്കുന്ന ഹൃദയം ആറായിരം ലീറ്ററിലധികം രക്തം ഏതാണ്ട് അറുപതിനായിരം മൈൽ ദൂരത്തിലേക്ക് (ശരീരത്തിലെ മൊത്തം രക്തകുഴലുകൾ ഒന്നിനു പിറകേ ഒന്നായി ചേർത്തുവെച്ചാലുള്ള നീളം )എത്തിക്കുന്ന ജോലിയിൽ വ്യാപൃതനാണ്. ഉടമസ്ഥൻ എത്ര അലസതകാണിച്ചാലും ഈ ജോലിയിൽ ഹൃദയം പരമാവധി വീഴ്ച വരുത്താറില്ല. പക്ഷേ സുഗമമായ രക്തചംക്രമണം അനുവദിക്കാതെ ഹൃദയത്തെ വെല്ലുവിളിക്കുന്ന ഒരു വില്ലൻ കഥാപാത്രമുണ്ട്. അതാണ് കൊഴുപ്പ്. ചെറുപ്പം മുതലുള്ള സന്തുലിതമോ ആരോഗ്യകരമോ അല്ലാത്ത ഭക്ഷണശീലത്തിന്റെ പ്രതികൂലഫലം അനുഭവപ്പെടുക മധ്യവയസ്സിലായിരിക്കും. 

ഹൃദയം ക്ഷമിക്കാത്ത ഭക്ഷണക്രൂരതകൾ 

നേരത്തെ സന്തുലിത ഭക്ഷണം ശീലമാക്കാത്തവർക്കും മധ്യവയസ്സെത്തുന്നതോടെ ശ്രദ്ധാപൂർവമായ ആഹാരക്രമം ശീലിച്ചു ഹൃദയാരോഗ്യം കാര്യക്ഷമമാക്കി ഹൃദയത്തെ ചെറുപ്പമാക്കിതന്നെ നിർത്താം. അതിലൂടെ ശാരീരിക ക്ഷമതയും ആയുസ്സും കാത്തുസൂക്ഷിക്കാനാവും . രുചിയും പോഷകഗുണവും തമ്മിൽ ഒരു ബന്ധവുമില്ല. നമ്മിൽ മിക്കവർക്കും രുചിയേറിയതെന്നാൽ മാംസഭക്ഷണവും വറുത്തതും  പൊരിച്ചതും ഉപ്പുള്ളതും കൊഴുപ്പുള്ളതുമൊക്കെയാണ്. ഏതാണ്ടു നാൽപതുവയസ്സുവരെ രുചിക്കു  പരമപ്രധാന്യം നൽകിയിട്ടുള്ള ആളാണു  നിങ്ങളെങ്കിലും  ഒരു പക്ഷേ ഹൃദയം നിങ്ങളോടു ക്ഷമിച്ചെന്നിരിക്കും. എന്നാൽ അതുകഴിഞ്ഞും രുചിയോടുമാത്രം കീഴടങ്ങി ജീവിക്കാനാണു ഭാവമെങ്കിൽ ഹൃദയം അത്രപെട്ടെന്ന്  ക്ഷമിച്ചെന്നുവരില്ല. കാരണം മാംസഹാരത്തിലും വറുത്തതിലും പൊരിച്ചതിലുമൊക്കെ അടങ്ങിയിരിക്കുന്ന കൊഴുപ്പ് അപകടകാരിയായ കൊളസ്ട്രോളിനു വഴിവയ്ക്കും. 

മാംസാഹാരം ശീലിച്ചവർ അത് ഒറ്റയടിക്ക് ഒഴിവാക്കണമെന്നില്ല. മറിച്ച് വല്ലപ്പോഴുമാക്കി ചുരുക്കി മത്സ്യം (എണ്ണയിൽ വറുക്കാത്ത) കൂടുതൽ കഴിക്കാം. പച്ചക്കറികളും പഴങ്ങളുമൊക്കെ ആവശ്യംപോലെ കഴിക്കുക. ഇലക്കറികൾ നന്നായി കഴിക്കുക. അമിതഭക്ഷണം ഒഴിവാക്കി ഭക്ഷണസമയത്തിൽ കൃത്യതപാലിക്കുക. 50 കഴിഞ്ഞവർ ഇങ്ങനെയുള്ള സമീകൃതാഹാരത്തിൽ ഉറച്ചുനിന്നാൽ ഹൃദയത്തിന്റെ പ്രായം  ഒരു പത്തുവയസ്സെങ്കിലും കുറയ്ക്കാം. 

ഹൃദയം പരാതി പറയുന്നുണ്ടോ —ശ്രദ്ധിക്കാം

സർവീസിൽ നിന്നു വിരമിച്ച് ശരീരത്തിനു വിശ്രമം നൽകുന്നവർ ഓർക്കുക നിങ്ങളുടെ ഹൃദയത്തിന്റെ പ്രവർത്തനവും മന്ദീഭവിക്കുകയാണ്. ഹൃദയപേശികൾക്കു പണി കുറയും. പതിയെപ്പതിയെ അവയുടെ പ്രവർത്തനവും മന്ദീഭവിക്കും. രക്തചംക്രമണവേഗം കുറയും. ശരീരകോശങ്ങളിലേക്ക് എത്തുന്ന ജീവവായുവിന്റെയും പോഷകങ്ങളുടെയും അളവു കുറയും. പ്രതിരോധശക്തി  കുറയും. പെട്ടെന്നങ്ങു വയസ്സാകും. 

ഒന്ന് കാതോർക്കൂ, ഹൃദയം പരാതി പറയുന്നുണ്ടോയെന്ന്. നമുക്കുവേണ്ടി ഒരുപാട് അധ്വാനിക്കുന്ന ഹൃദയത്തിനുവേണ്ടി നമ്മൾ എന്താണു ചെയ്യുന്നത്? ദിവസവും അരമണിക്കൂറെങ്കിലും ഹൃദയത്തോടു ചേർന്ന് നടക്കാം. അതെ, നടത്തം, ഏതു പ്രായത്തിലും ഹൃദയം ഇഷ്ടപ്പെടുന്ന വ്യായാമം. രാവിലെയും വൈകിട്ടുമായി രണ്ടുനേരം നടന്നാൽ എല്ലാ വിരോധവും മായ്ച്ചുകളഞ്ഞ് ഹൃദയം നിങ്ങളെ പ്രണയിച്ചുതുടങ്ങും. അന്തരീക്ഷം മാലിന്യരഹിതമായിരിക്കുന്ന രാവിലെ അഞ്ചുമുതൽ ഏഴുവരെയുള്ള സമയാമാണ് നടക്കാൻ ഏറ്റവും നല്ലത്. ശരീരപേശികൾക്കും സന്ധികൾക്കും വരെ ഈ നടപ്പും വ്യായാമവും  ഗുണകരമാണ്. ശ്വസനശേഷിയും മെച്ചപ്പെടും. മാത്രമല്ല നിങ്ങളുടെ ഹൃദയത്തിന് ഒരു പത്തുവയസ്സൂകൂടി വീണ്ടും കുറയും. 

മനസ്സുണ്ടോ? വഴിയുണ്ട്

വാർധക്യം ശാരീരികമെന്നപോലെയോ അതിനേക്കാൾ ഉപരിയോ മാനസികവുമാണ്. പ്രായമായി , എല്ലാം കഴിഞ്ഞുവെന്നു ചിന്തിക്കുന്നതിനുപകരം കൈയെത്തിപ്പിടിക്കാൻ പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തുക. ആവശ്യമുണ്ടെങ്കിലേ ആരോഗ്യത്തിനും ആവേശമുണ്ടാവൂ; മനസ്സ് സജീവമാക്കൂ. മനസ്സിനെ വിശ്രാന്തമാക്കുന്ന യോഗയും ധ്യാനവും ശീലിച്ചാൽ പതിന്മടങ്ങു ഗുണം കിട്ടും. ഇത്രയുമായാൽ ഹൃദയം പറയും എനിക്കു  പ്രായം പത്തുകൂടി കുറഞ്ഞെന്ന്

സത്യസന്ധത മുതൽ പ്രണയംവരെ ഏതു കാര്യത്തിനും  നെഞ്ചുതൊട്ട് ആണയിടുന്നവരല്ലേ നമ്മൾ അതേ വൈകാരികതയോടെ ഹൃദയത്തേയും സ്നേഹിക്കാം

ഹൃദയമന്ത്രം അറിയാം

ഹൃദയം അതിന്റ യജമാനനായ നമ്മളോട് ഓരോ മിടിപ്പിലും പ്രധാനമായി മന്ത്രിക്കുന്നത് ബിപിയും കൊളസ്ട്രോളും സാധാരണ നിലയിൽ നിയന്ത്രിച്ചു നിർത്തുക എന്ന ഹൃദയമന്ത്രമാണ്. അതു കേൾക്കണം. ഒപ്പം ഹൃദയത്തോടു സ്നേഹമുള്ള പ്രമേഹരോഗി ഭക്ഷണത്തിനുമുമ്പുള്ള രക്തത്തിലെ പഞ്ചസാരനില (ഫാസ്റ്റിങ് ഷുഗർ) 100ൽ താഴെ കൊണ്ടുവരാനും ശ്രമിക്കണം.