Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗമാരത്തിൽത്തന്നെ ഹൃദയത്തെ കരുതുക

heart

ചൊട്ടയിലെ ശീലം ചുടല വരെയെന്നാണ് പഴമൊഴി. അപ്പോൾ കൗമാരത്തിൽത്തന്നെ ഹൃദയത്തെ കരുതുകയെന്നതാണ് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. ഹൃദ്രോഗങ്ങളില്‍ ഹൃദയാഘാതവും ഹൃദയസ്തംഭനവുമാണ് ഏറ്റവും അപകടകരമായവ. ഹൃദയാഘാതത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് ലക്ഷണങ്ങളും പ്രതിരോധവും. ഹൃദയാഘാതലക്ഷണങ്ങള്‍ തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് വിദഗ്ധചികിത്സ തേടിയാൽ മരണം പരമാവധി ഒഴിവാക്കാം. ചെറുപ്പത്തിൽത്തന്നെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നാൽ ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താനും കഴിയും.

സമയം വളരെ വിലപ്പെട്ടതാണ്

ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന കൊറോണറി ധമനികളിലെ ബ്ലോക്കുകളാണ് ഹൃദയാഘാതത്തിനു വഴിതെളിക്കുന്നത്. ബ്ലോക്ക്മൂലം ഹൃദയപേശികള്‍ക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ കോശങ്ങള്‍ ചത്തൊടുങ്ങുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. നാശത്തിന്‍റെ തീവ്രത അനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് തീവ്രഹൃദയസംരക്ഷണ യൂണിറ്റുള്ള ആശുപത്രിയില്‍  പെട്ടെന്ന് എത്തിച്ചാല്‍ ജീവന്‍ രക്ഷിക്കാനാകും. 

ലക്ഷണങ്ങളെ അവഗണിക്കരുത്

നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണ ലക്ഷണം. നെഞ്ചിന്‍റെ നടുവിലോ ഇടതുവശത്തോ അനുഭവപ്പെടുന്ന ശക്തമായ വേദന, നെഞ്ച് പൊട്ടിപ്പോകുന്നതുപോലെയോ കനത്തഭാരം കയറ്റിവച്ചതുപോലെയോ അനുഭവപ്പെടും. ക്രമേണ ഈ വേദന തോളിലേക്കോ കഴുത്തിലേക്കോ ഇടതുകൈയുടെ ഉള്‍വശത്തേക്കോ വ്യാപിക്കാം. മിക്കവരിലും വേദനയുണ്ടാകുന്നത് കഠിനാദ്ധ്വാനം ചെയ്യുമ്പോഴോ പടികയറുമ്പോഴോ മാനസികസമ്മര്‍ദമോ ഭയമോ ഉണ്ടാകുമ്പോഴോ ഒക്കെയാണ്. നെഞ്ചുവേദനയോടൊപ്പം ശരീരം അമിതമായി വിയര്‍ക്കുന്നതും മറ്റൊരു പ്രധാന ലക്ഷണമാണ്. നെഞ്ചുവേദനയോടൊപ്പമോ ഇല്ലാതെയോ പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം, നാഡിമിടിപ്പ് ക്രമാതീതമായി കൂടുക, ഛര്‍ദ്ദി, മനംപുരട്ടല്‍, തലചുറ്റല്‍, ബോധംമറയല്‍, അമിതമായ ക്ഷീണം, തളര്‍ച്ച, നെഞ്ച്എരിച്ചില്‍ എന്നിവയും ഗൗരവമായെടുക്കണം. നെഞ്ചിനുവേദനയോ മറ്റ് ലക്ഷണങ്ങളോ പ്രകടമാവാതെ നിശബ്ദഹൃദയാഘാതമുണ്ടായും ചിലർ മരിക്കുന്നു. പ്രമേഹമുള്ളവര്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരിലാണ് നിശബ്ദഹൃദയാഘാതം അധികമായി കണ്ടുവരുന്നത്.

ജീവിതശൈലി മാറ്റി ഹൃദയം കാക്കാം

സ്വന്തം ഹൃദയത്തെ സ്നേഹിക്കുന്നു എങ്കില്‍ അതിനെ ഒരിക്കലും ഹൃദയാഘാതത്തിലേക്കു തള്ളിവിടരുത്. ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നതിന് എല്ലാവരും മുന്‍തൂക്കം നല്‍കണം. ഹൃദയാരോഗ്യത്തിന് ഹാനികരമായവ ഉപേക്ഷിക്കുകയും ഹൃദയസംരക്ഷണത്തിന് ആവശ്യമായവ കൈക്കൊള്ളുകയും ചെയ്യണം. ഹൃദയാഘാതത്തിന്റെ പല കാരണങ്ങളും നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവ നിയന്ത്രിക്കാവുന്നതോ ഉപേക്ഷിക്കാവുന്നതോ ആണ്. 

പുകവലിയെന്ന വില്ലൻ

പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തധമനികളുടെയും ഹൃദയത്തിന്‍റെയും പ്രധാനശത്രുവാണ്. പുകവലിയും അമിത മദ്യപാനവും ഉപേക്ഷിക്കുകയെന്നാണ് ഏറ്റവും നല്ല പ്രതിരോധം. ശരീരത്തിന് അനുയോജ്യമായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. ദിവസവും നാല്‍പതു മിനിറ്റ് വ്യായാമത്തിനായി മാറ്റിവെയ്ക്കുക. വേഗത്തിലുള്ള നടപ്പ്, സൈക്കിളിങ്, നീന്തല്‍ തുടങ്ങിയ എയ്റോബിക്  വ്യായാമങ്ങളില്‍ ഏതെങ്കിലുമൊന്ന് ചെയ്യുക. വീട്ടിലും ഓഫിസിലും ഒരു മണിക്കൂറില്‍ കൂടുതല്‍ ഒരേ ഇരിപ്പ് ഒഴിവാക്കുക. സന്തോഷം നല്‍കുന്ന പ്രവൃത്തികളിൽ ഏര്‍പ്പെട്ട് മാനസിക സംഘര്‍ഷങ്ങള്‍ കഴിവതും ഒവിവാക്കുക

ആഹാരത്തിലും ചിട്ട വേണം

ദിവസേനയുള്ള ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും  ഉള്‍പ്പെടുത്തുക. ഹൃദയാരോഗ്യസംരക്ഷണത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള്‍ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു. സംസ്കരിച്ച ധാന്യങ്ങള്‍ക്കു പകരം തവിടോടുകൂടിയ കുത്തരി, മുഴുധാന്യങ്ങള്‍ (ഗോതമ്പ്, റാഗി, ഓട്സ്, തിന, ബാര്‍ലി) എന്നിവ ശീലമാക്കുക. ചുവന്ന മാംസം, ഫാസ്റ്റ്ഫുഡുകള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായവ,  ജങ്ക് ഫുഡുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, പായ്ക്കറ്റ് ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഹൃദയാരോഗ്യത്തിനു നന്നല്ല. ഇവയില്‍പലതിലും മധുരം, കൊഴുപ്പ്, ഉപ്പ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഒമേഗ ത്രി ഫാറ്റി അമ്ലങ്ങള്‍ അടങ്ങിയ ചെറുമത്സ്യങ്ങള്‍ (മത്തി, അയല, ചൂര), നട്സ്, ബദാം, ഫ്ളാക്സ് സീഡ്, വാള്‍നട്ട് എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, അമിതവണ്ണം എന്നിവയെ മരുന്നിലൂടെയോ ജീവിതശൈലീമാറ്റത്തിലൂടെയോ നിയന്ത്രിച്ചു നിര്‍ത്തണം. 

(മെഡിക്കല്‍ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവര്‍ത്തകനുമാണ് ലേഖകൻ)