പ്രവീൺ വലിയൊരു പ്രത്യാശയാണ്. ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ കാരണം നൽകുന്ന പ്രത്യാശ. പ്രവീണിന്റെ അമ്മ ഗീത വലിയൊരു അത്ഭുതവും. വിധിയോടു ചിരിച്ചുകൊണ്ടു യുദ്ധം ചെയ്യുന്ന ഇങ്ങനെയും ചിലരുണ്ടെന്ന അത്ഭുതം. 21 വർഷമായി പ്രവീണിന് ഒരു നിഴലേയുള്ളൂ; അമ്മ. തോൽപിക്കാനെത്തിയ ജീവിതത്തോട് ഇരുവരും ചേർന്നു പറയുന്നു: മനസ്സില്ല
പോരാട്ടം
രണ്ടു വയസ്സുള്ളപ്പോഴാണു മോനു സെറിബ്രൽ പാൾസി എന്ന അസുഖമാണെന്നും ചലനശേഷി ലഭിക്കില്ലെന്നും അറിയുന്നതെന്നു ഗീത. തനിയെ നിൽക്കാനോ ഇരിക്കാനോ നടക്കാനോ കഴിയില്ല. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ എല്ലാറ്റിനും പരസഹായം വേണം.
തൃപ്പൂണിത്തുറ ഉദയംപേരൂർ രുഗ്മിണി ഭവനിൽ വി.പി. മുരളീധരന്റെയും ഭാര്യ ഗീതയുടെയും മൂത്ത മകൻ പ്രശാന്തിന്റെയും ജീവിതം അതോടെ മാറിമറിഞ്ഞു. തളർന്നു പോയെങ്കിലും അവർ വീണില്ല. രണ്ടാം ക്ലാസ് വരെ പ്രവീണിനെ തൃപ്പൂണിത്തുറയിലുള്ള സ്പെഷൽ സ്കൂളിൽ പഠിപ്പിച്ചു. മകൻ നന്നായി പഠിക്കുന്നുണ്ടെന്നു മനസ്സിലായതോടെ സാധാരണ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചു. അവിടെയായിരുന്നു പോരാട്ടത്തിന്റെ തുടക്കം.
അതിജീവനം
ഉദയംപേരൂർ വലിയകുളം വിജെബിഎസ് സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠനം. അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ ഉദയംപേരൂർ എസ്എൻഡിപി സ്കൂളിൽ. വീട്ടിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്കു മോനെ മുച്ചക്ര സൈക്കിളിൽ ഇരുത്തി തള്ളി അച്ഛനും അമ്മയും കൊണ്ടുപോയി. ക്ലാസ് കഴിയും വരെ അമ്മ മകനായി കാത്തുനിന്നു.
ജീവിതത്തോടു പൊരുതാനുറച്ചെത്തിയ പ്രവീണിനെ കൂട്ടുകാരും അധ്യാപകരും നെഞ്ചോടു ചേർത്തു. വീട്ടിലെത്തിയാലോ കടുകട്ടി പാഠങ്ങളുടെ കെട്ടഴിച്ചു ചേട്ടൻ രസകരമാക്കി പറഞ്ഞുകൊടുത്തു. പത്താം ക്ലാസിൽ എല്ലാറ്റിനും എ പ്ലസ്! പന്ത്രണ്ടാം ക്ലാസിൽ ഇംഗ്ലിഷിനു മാത്രം ‘എ’, ബാക്കി എ പ്ലസ്. പിന്നെ തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളജിൽ ബികോം ക്ലാസിലേക്ക്. അവിടെ കഴിഞ്ഞ നാലു സെമസ്റ്ററുകളിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഏക വിദ്യാർഥിയാണു പ്രവീൺ.
സമ്പൂർണ എ പ്ലസുമായി എംകോമിന് ഈ കോളജിൽ തന്നെ പഠിക്കണമെന്നാണു സ്വപ്നം. പിന്നീട്, കോളജ് അധ്യാപകനാകണമെന്നും. പഠനത്തിൽ മിടുമിടുക്കനായ പ്രവീണിനു കട്ട സപ്പോർട്ടുമായി സഹപാഠികൾ മുതൽ പ്രിൻസിപ്പൽ വരെ അരികിലുള്ളപ്പോൾ എന്തു ഭയക്കാൻ.
പിന്നാലെയല്ല, ഒപ്പം
ദുൽഖർ സൽമാനാണു പ്രവീണിന്റെ ഇഷ്ട താരം. ബാംഗ്ലൂർ ഡേയ്‌സ് സിനിമയിൽ ദുൽഖർ പറയുംപോലെ, കുടുംബാംഗങ്ങളും കൂട്ടുകാരുമെല്ലാം പ്രവീണിന് ഒപ്പം നടക്കുകയാണ്, കൂട്ടായി, കരുത്തായി. ഒന്നാം നിലയിലെ കൊമേഴ്സ് ക്ലാസ് മുറികൾ പരിഭവമൊന്നും പറയാതെ പ്രവീണിനായി താഴേക്കിറങ്ങി വന്നു. രാവിലെ ഓട്ടോയിൽ മകനൊപ്പം കോളജിലെത്തുന്ന അമ്മ വൈകിട്ടു ക്ലാസ് കഴിയും വരെ അവിടെ കാത്തിരിക്കും. കോളജും കുട്ടികളും അധ്യാപകരും മറ്റു ജീവനക്കാരുമെല്ലാം ഗീതയ്ക്കു സ്വന്തം കുടുംബം പോലെ. ഈ വർഷം സ്റ്റോറിന്റെ താൽക്കാലിക ചുമതല നൽകി ആ അമ്മയുടെ കാത്തിരിപ്പു വേളകളെ സഹായിക്കുകയാണു കോളജ് അധികൃതർ. തൃപ്പൂണിത്തുറയിലെ തിയറ്ററിലും കൊച്ചിയിലെ മാളുകളിലും പ്രവീണിനെയും കൊണ്ട് അമ്മയും അച്ഛനും ചേട്ടനും സിനിമ കാണാൻ പോകും. ആ പഴയ ചക്രക്കേസരയുമായി എത്താവുന്നിടത്തെല്ലാം അവനെയവർ കൊണ്ടുപോകും.
കൊച്ചു കൊച്ചു മോഹങ്ങൾ
ബാംഗ്ലൂർ ഡേയ്സിൽ ദുൽഖറിന്റെ കൂട്ടുകാരി ഉപയോഗിച്ച പോലൊരു യന്ത്രച്ചക്രക്കസേര വാങ്ങാനായാൽ അമ്മയുടെ പ്രയാസം അൽപമൊന്നു കുറഞ്ഞേക്കുമെന്നു പ്രവീൺ. ജോലി കിട്ടിയാൽ വാങ്ങാമെന്നു ചേട്ടൻ പറഞ്ഞിട്ടുണ്ട്. കാർ വാങ്ങി ഊട്ടിയിലും കൊടൈക്കനാലിലുമൊക്കെ കൊണ്ടുപോകാമെന്നും ചേട്ടന്റെ വാക്ക്. പിന്നേയ്, വേറൊരു ആഗ്രഹം കൂടിയുണ്ട്. നടക്കില്ലെന്നറിയാം, എങ്കിലും പറയാം– മമ്മൂക്കയെയും ദുൽഖറിനെയും കാണണം, കുസൃതിച്ചിരിയോടെ പ്രവീൺ.
യാത്ര പറയുമ്പോൾ പ്രവീൺ നിറചിരിയോടെ കൈ പിടിച്ചു പറഞ്ഞു: ‘‘ദുഃഖിച്ചിരുന്നിട്ടെന്തു കിട്ടാനാ. ഉള്ള സമയം ഹാപ്പിയായി ഇരിക്കണം. ഇഷ്ടമുള്ളവരോടൊപ്പം സന്തോഷമുള്ള കാര്യങ്ങൾ ചെയ്യണം. അല്ലേ. അങ്ങനെ നോക്കുമ്പോൾ എന്റെയത്രയും സന്തോഷമുള്ള ആരുമുണ്ടാകില്ല.’’