Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം മനസ്സ് നന്നാകട്ടെ...

mental-health

ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനം. സിഗ്മണ്ട് ഫ്രോയ്ഡിനോട് ഒരിക്കൽ ഒരാൾ ചോദിച്ചു: ‘‘എന്താണ് ഒരാളെ സന്തോഷവാനാക്കുന്നത്?’’ സ്നേഹവും ജോലിയുമെന്നായിരുന്നു മറുപടി. ബന്ധങ്ങളിലെ ഇഴയടുപ്പവും സ്നേഹവും പരിഗണനയും പോലെതന്നെ പ്രധാനമാണു ജോലി നൽകുന്ന സംതൃപ്തിയുൾപ്പെടെയുള്ള കാര്യങ്ങളും. ജോലിയുടെ പിരിമുറുക്കം പേറുമ്പോൾ മാനസികാരോഗ്യം ഇടറിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടു ചെയ്യുക, കഷ്ടപ്പെട്ടു ചെയ്യരുത്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുകയും വേണം. ആഗ്രഹിച്ച ജോലിതന്നെ പലപ്പോഴും ലഭിക്കണമെന്നില്ല. പക്ഷേ, അതോർത്തു വിഷമിച്ചുകൊണ്ടിരുന്നാൽ സന്തോഷം കൈവിട്ടുപോകും. അതേസമയം, അമിതമായ ജോലി ആഭിമുഖ്യവും അടിമത്തവും വേണ്ട. 

ജീവിതവും ജോലിയും സന്തുലിതമായി കൊണ്ടുപോകാൻ പഠിക്കുക. ജോലിസ്ഥലത്തെ ചിരിയും തമാശയും അമളിയുമൊക്കെ ആസ്വദിക്കുക, പങ്കുവയ്ക്കുക, ഓർത്തു ചിരിക്കുക. ഇതെല്ലാം പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നാണ്. സഹപ്രവർത്തകരുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുക. ഇവരുടെ കുടുംബവുമായി തങ്ങളുടെ കുടുംബത്തെ പരിചയപ്പെടുത്തുക, സുഹൃദ്ബന്ധം വളർത്തുക. 

ജോലിയാണ്, തിരക്കാണ് തുടങ്ങിയ ന്യായീകരണങ്ങൾ നിരത്തി ആരോഗ്യം മറക്കരുത്. വ്യായാമത്തിനു സമയം കണ്ടെത്തണം. യോഗ ചെയ്യാം, ധ്യാനിക്കാം, ശ്വസന വ്യായാമങ്ങൾ പരിശീലിക്കാം. കുടുംബവുമായുള്ള യാത്രകളും ഒരുമിച്ചുള്ള പരിപാടികളും കഴിവതും ഒഴിവാക്കരുത്. കഴിവുകൾ നശിപ്പിച്ചുകളയരുത്. പാട്ടോ നൃത്തമോ ഉപകരണ സംഗീതമോ കായിക വിനോദമോ എന്തായാലും അതിനെ പ്രോൽസാഹിപ്പിക്കാനും സമയം കണ്ടെത്താം. പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സമയമുണ്ടാകണം. പ്രകൃതി ഏറ്റവും വലിയ ഔഷധമാണല്ലോ. ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.