മൂന്നു വർഷം മുന്‍പുവരെ കേറ്റ് ബൗളര്‍ എന്ന 35 കാരിയുടെ ജീവിതം ഏറെ മനോഹരമായിരുന്നു. ഡ്യൂക്ക് സര്‍വകലാശാലയിലെ പ്രഫസറായി ജോലി നോക്കിയിരുന്ന കേറ്റ് തന്റെ ഭര്‍ത്താവും മകനുമൊത്ത് സന്തോഷകരമായ ജീവിതമാണു നയിച്ചിരുന്നത്. എന്നാല്‍ എല്ലാ സന്തോഷവും അവസാനിക്കാന്‍ ഒരൊറ്റ നിമിഷം മാത്രം മതിയായിരുന്നു.
എഴുത്തില്‍ താൽപര്യമുണ്ടായിരുന്ന കേറ്റ് തന്റെ ഒരു പുസ്തകം പ്രസിദ്ധീകരിച്ച സമയത്താണ്, ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന വയറുവേദന വല്ലാതെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയത്. ആരോഗ്യപരമായി മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്ന കേറ്റ് ആദ്യം ഇതത്ര കാര്യമാക്കിയില്ല പക്ഷേ വേദന കൂടി വന്നതോടെ കേറ്റ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.
പരിശോധനാഫലം അറിഞ്ഞപ്പോള്‍ കേറ്റ് സത്യത്തില്‍ ഞെട്ടിപ്പോയി. തനിക്ക് നാലാം സ്റ്റേജ് മലാശയകാന്‍സര്‍ ആണെന്നു വിശ്വസിക്കാന്‍ അവള്‍ക്ക് ആദ്യം സാധിച്ചില്ല. രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും മുൻപ് ഉണ്ടായിരുന്നില്ല എന്നതാണ് കേറ്റിനെ കൂടുതല്‍ ദുഃഖിപ്പിച്ചത്.
തനിക്ക് ഇനിയധികം ആയുസ്സില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും കേറ്റ് വിശ്വസിച്ചില്ല. തന്റെ കുടുംബത്തിനു തന്നെ ആവശ്യമാണെന്ന് കേറ്റിന് അറിയാമായിരുന്നു. തിരിച്ചുവരണം എന്നു തന്നെ കേറ്റ് മനസ്സില്‍ ഉറപ്പിച്ചു.
ഒരു കാന്‍സര്‍ രോഗിയെ സംബന്ധിച്ച് ഏറ്റവും വിഷമം മറ്റുള്ളവരുടെ മുന്നില്‍ സന്തോഷത്തോടെ ഇരിക്കുക എന്നതാണ്. തന്റെ വിഷമങ്ങള്‍ ഒരിക്കലും മറ്റൊരാളെ അറിയിക്കാതിരിക്കാന്‍ കേറ്റ് ശ്രദ്ധിച്ചു. ചികിത്സകള്‍ തുടര്‍ന്നു കൊണ്ടിരുന്നു. തന്നാല്‍ ആവും വിധം ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചു.
അങ്ങനെ ഒരു വര്‍ഷത്തിനു ശേഷം താന്‍ ജീവിതത്തിലേക്കു പതിയെ തിരികെ വരാന്‍ തുടങ്ങിയെന്നു കേറ്റ് പറയുന്നു. ആദ്യം ചെറിയ ചെറിയ വ്യായാമങ്ങള്‍ തുടങ്ങി. പിന്നീട് അതു തുടര്‍ന്നു. മരുന്നുകള്‍ പലതും മാറി മാറി ഈ സമയം കേറ്റില്‍ പരീക്ഷിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും ചികിത്സകള്‍ തുടരുകയാണ്. പക്ഷേ തികഞ്ഞ ആത്മവിശ്വാസത്തോടെ കേറ്റ് അതിനെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന്.