Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂക്കിൽ കയ്യിട്ടാൽ ഈ അസുഖം വരാം

picking-nose

മൂക്കിൽ തോണ്ടുന്ന ശീലം അത്ര നല്ലതല്ലെന്ന് നമുക്കറിയാം. കുട്ടികളോടു മൂക്കിൽ കയ്യിടരുത് എന്നു പറഞ്ഞു മടുത്ത രക്ഷിതാക്കളും കാണും. എന്തായാലും കുട്ടികൾ ആയാലും മുതിർന്നവരായാലും മൂക്കിലേക്കു വിരൽ കൊണ്ടു പോകുന്ന ആ ശീലം അങ്ങ് നിർത്തിക്കോളൂ. ഈ ശീലം നിങ്ങൾക്ക് ന്യുമോണിയ വരുത്താം. 

ചികിത്സിക്കാൻ വൈകിയാൽ അപകടകരമായേക്കാവുന്ന അവസ്ഥയാണ് ന്യുമോണിയ. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം പരത്തുന്നത് ന്യുമോകോക്കസ് ബാക്ടീരിയയാണ്. ചുമ, തുമ്മൽ എന്നിവയിലൂടെയും രോഗം ബാധിച്ചവരിലൂടെയും വായുവിൽ കൂടി പകരുന്ന ഒന്നാണ് ന്യുമോണിയ.

എന്നാൽ വായുവിലൂടെ മാത്രമല്ല മൂക്കിലൂടെയും കയ്യിലൂടെയും രോഗകാരിയായ ബാക്ടീരിയ പകരാമെന്നു ബ്രിട്ടീഷ് ഗവേഷകർ കണ്ടെത്തി. 

മുതിർന്ന ആളുകളിൽ നടത്തിയ പഠനത്തിൽ, കൈകളിലൂടെ മൊബൈൽ ഫോൺ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഇവയിലെല്ലാം ബാക്ടീരിയ വ്യാപിച്ചതായി കണ്ടു. ഓരോ വർഷവും 1.3 ദശലക്ഷം ശിശുക്കളാണ് ന്യുമോണിയ ബാധിച്ച് മരിക്കുന്നത്. മുതിർന്നവരിലാണ് പഠനം നടത്തിയതെങ്കിലും ചെറിയ കുട്ടികളുള്ള രക്ഷിതാക്കൾക്ക് ഇത് ഒരു പാഠം ആവണമെന്നു ഗവേഷകയായ വിക്ടോറിയ കോണർ പറയുന്നു. 

കുട്ടികളുടെ മൂക്ക് തിരുമ്മലും മൂക്കിൽ കയ്യിടലുമെല്ലാം നിർത്താൻ പ്രയാസമാണ്. എങ്കിലും രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണം. കൈകളുടെ വൃത്തി വളരെ പ്രധാനമാണ്. ഒപ്പം കളിപ്പാട്ടങ്ങളും കുട്ടികൾ ഇടപെടുന്ന സ്ഥലവും വൃത്തിയായി സൂക്ഷിക്കണം. ഇത് ന്യൂമോകോക്കൽ ഇൻഫെക്ഷൻ ആയ ന്യൂമോണിയ വരാനുള്ള സാധ്യത കുറയ്ക്കും. 

ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകർ നടത്തിയ ഈ പഠനം, യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ചു.