ഒരേസമയം പനിയും ജലദോഷവും പിടിപെടാറുണ്ടോ?

ചെറിയൊരു ജലദോഷത്തോടെ ഉറങ്ങാന്‍ കിടക്കുകയും രാവിലെ കഠിനമായ പനിയുമായി ഉണരുകയും ചെയ്യാറുണ്ടോ? ഈ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം ഇത് പനിയുടെയും മഴയുടെയും സീസണാണ്. എത്രയൊക്കെ മുന്‍കരുതലുകള്‍ ഇതിനെതിരെ പാലിച്ചാലും ചിലപ്പോള്‍ അതൊന്നും ഫലപ്രദമാകാതെ പോകാറുണ്ട്. 

ചെറിയ ജലദോഷമോ തുമ്മലോ മാത്രമാകും തുടക്കത്തില്‍. എന്നാല്‍ വൈകാതെ കഠിനമായ ചൂടും ശരീരം വേദനയും ക്ഷീണവും ആരംഭിക്കും. വൈറല്‍ അണുബാധയുടെ ഭാഗമായാണ് ഇവ ഉണ്ടാകുന്നത്. 

ഫ്ലൂ ആന്‍ഡ്‌ കോള്‍ഡ്‌ സീസണ്‍ എന്നു തന്നെയാണ് ഇതിനെ വിളിക്കുന്നതും. വൈറസുകള്‍ നമ്മുടെ പ്രതിരോധശേഷിയെ തകര്‍ക്കുമ്പോഴാണ് ഈ പനിയും ജലദോഷവും ഉണ്ടാകുന്നത്. Rhinovirus ആണ് പൊതുവേ ഈ ജലദോഷം ഉണ്ടാക്കുന്നതെങ്കില്‍  Influenza virus ആണ് ഇത് പകരാന്‍ കാരണമാകുന്നത്. ഇവയില്‍ ഏതെങ്കിലും വൈറസ്‌ ശരീരത്തില്‍ കടന്നുകൂടുമ്പോഴാണ് പ്രതിരോധശേഷി തകരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ശരീരം ശ്രമിക്കുമെങ്കിലും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഇതാണ് പനിയും ജലദോഷവും ഉണ്ടാക്കുന്നത്‌.

ഒരേസമയം പനിയും ജലദോഷവും പിടിപെടുമ്പോള്‍ പ്രതിരോധവ്യവസ്ഥ  വ്യത്യസ്തമായ രീതിയിലാകും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഉടനടി പനിയും ജലദോഷവും കുറയുകയും ചെയ്യുന്നില്ല. ഈ സമയം നമ്മുടെ പ്രതിരോധശേഷി ഒരു ആന്റി വൈറല്‍ അവസ്ഥയിലാകും. വൈറസ്‌ കൂടുതല്‍ പകരാതെ എങ്ങനെ നോക്കാം എന്നാകും ഈ അവസരത്തില്‍ ശരീരം ശ്രദ്ധിക്കുന്നത്.  ഫ്ലൂവിന് എതിരെ പ്രതിരോധകുത്തിവയ്പ്പുകള്‍ എടുക്കുന്നതും മറ്റ് ആളുകളിലേക്ക് രോഗം പകരാതെ സൂക്ഷിക്കുന്നതും ഈ അവസരത്തില്‍ നല്ലതാണ്.