ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസ് വൈറസ് അഥവാ എച്ച്ഐവി, നമ്മുടെ പ്രതിരോധ സംവിധാനത്തെയാകെ ദുർബലമാക്കുന്നു. പ്രത്യേകിച്ചും T സെല്ലുകൾ എന്നു വിളിക്കുന്ന CD 4 കോശങ്ങളെ ഇത് ദുർബലപ്പെടുത്തുന്നു. അണു ബാധകളും ചിലയിനം അർബുദങ്ങളും വരാതെ തടയുന്ന കോശങ്ങളാണിവ.
അക്വയേർഡ് ഇമ്മ്യൂൺ ഡഫിഷ്യൻസി സിൻഡ്രോം അഥവാ AIDS, എച്ച്ഐവി അണുബാധയുടെ അവസാനഘട്ടമാണ്. ഒരു ക്യുബിക് മില്ലിമീറ്ററിൽ 200 കോശങ്ങളിലും കുറവ് എന്ന തോതില്‍ CD4 കോശങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥയാണിത്. ആരോഗ്യമുള്ള വ്യക്തിയിൽ ക്യുബിക് മില്ലി മീറ്ററിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. ചികിത്സിക്കാതിരുന്നാൽ എച്ച്ഐവി ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എയ്ഡ്സ് ആയി മാറുകയും ചെയ്യും.
എച്ച്ഐവി അണുബാധയുള്ള വ്യക്തിയുടെ രക്തം, ബീജം, പ്രീ സെമിനൽ ഫ്ലൂയ്ഡ്, റെക്ടൽ ഫ്ലൂയ്ഡ്, യോനീ സ്രവങ്ങൾ, മുലപ്പാൽ എന്നിവയിലൂടെ എച്ച്ഐവി പകരാം എന്നാൽ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ കൈകൊടുക്കുകയോ, എച്ച്ഐവി ബാധിച്ച ആൾ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുകയോ, ഭക്ഷണം, വെള്ളം ഇവയിലൂടെയോ ഒന്നും എച്ച്ഐവി പകരില്ല.
പനി, തൊണ്ടവേദന, ചർമത്തിലെ പാടുകൾ, ഓക്കാനം, വേദന, തലവേദന, വയറിന് അസ്വസ്ഥത മുതലായവയാണ് എച്ച്ഐവിയുടെ ആദ്യ ലക്ഷണങ്ങൾ. അണുബാധ ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുമ്പോൾ ശരീരഭാരം കുറയാം, ഡയേറിയ, ലിംഫ് നോഡുകളില്‍ വീക്കം ഇവ വരാം. ചികിത്സ തേടിയില്ലെങ്കിൽ എച്ച്ഐവി ബാധിതർക്ക് മറ്റു രോഗങ്ങളായ ക്ഷയം, ക്രിപ്റ്റോ കോക്കൽ മെനിഞ്ജൈറ്റിസ്, ഗുരുതരമായ ബാക്ടീരിയൽ അണുബാധ, അർബുദങ്ങളായ ലിംഫോമ, കാപ്പോസിസ് സർകോമ മുതലായവയും വരാം. എച്ച്ഐവി പൂർണമായി സുഖപ്പെടുത്താനാവില്ല. എന്നാൽ ഫലപ്രദമായ ചികിത്സയിലൂടെ വൈറസിനെ നിയന്ത്രിക്കാനും രോഗികൾക്ക് ആരോഗ്യകരമായ സമാധാന പൂർണമായ ജീവിതം നയിക്കുവാനും സാധിക്കും. ആന്റി റെട്രോവിയൽ തെറാപ്പി (ART)യാണ് എച്ച്ഐവി അണുബാധയുടെ ചികിത്സ. എച്ച്ഐവി ബാധിച്ച എല്ലാവരും ഈ ചികിത്സ തേടേണ്ടതാണ്. എച്ച്ഐവി വ്യാപനം തടയാൻ എച്ച്ഐവി മരുന്നുകളും സഹായിക്കും.