ഹൃദയാഘാതത്തിനുള്ള സാധ്യത?

എഴുപത്തിരണ്ടു വയസ്സായ എനിക്ക് ഹാർട്ടിന്റെ പരിശോധന നടത്തിയപ്പോൾ മുപ്പതു ശതമാനം ബ്ലോക്ക് ഉള്ളതായി കണ്ടു. പതിനാലു വർഷമായി പതിവായി മരുന്നുകൾ കഴിക്കുന്നു. കഴിഞ്ഞമാസം വീണ്ടും പരിശോധനകൾ നടത്തിയതിൽ മൂന്നു ബ്ലോക്കുകൾ ഉണ്ടെന്നാണു പറഞ്ഞത്. അറുപതും എഴുപതും തൊണ്ണൂറും ശതമാനം ബ്ലോക്ക് ആണെന്നാണു കണ്ടുപിടിച്ചത്.അടുത്ത ജനുവരി 8–ാം തീയതി വീണ്ടും ആശുപത്രിയിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. കുറച്ചിടെയായി എനിക്കു ഹൃദയമിടി പ്പു കൂടുതലായി ഉണ്ടാകുമായിരുന്നു. പ്രഷറിന്റെ മരുന്നുകൾ പലതും മാറിമാറി കഴിക്കാറുണ്ടായിരുന്നു. അറ്റനോൾ മരുന്നു കഴിക്കുമ്പോൾ കുറച്ചു കൊല്ലത്തിനുശേഷം കാലിൽ നീരു വരുമായിരുന്നു. ഇപ്പോൾ അറ്റനോൾ വീണ്ടും കഴിക്കുകയും പുതിയതായി മറ്റപ്രൊലോൾ മുതലായവയും കഴിക്കുന്നു. ഇപ്പോൾ ഹൃദയമിടിപ്പു കുറച്ചു കുറഞ്ഞിട്ടുണ്ട്. എനിക്കു വേഗത്തിൽ നടക്കാൻ വിഷമമാണ്. കൂടുതൽ ഭാരം എടുത്തു നടന്നാൽ ഹൃദയമിടിപ്പു കൂടും. ചിലപ്പോൾ ഇടതുവശത്തു വേദന വരുന്നുണ്ട്. എന്റെ ഇപ്പോഴത്തെ ആശങ്ക അടുത്ത ജനുവരി വരെ കാത്തിരുന്നാൽ അതിനുമുൻപേ ഹൃദയാ ഘാതം വരാൻ സാധ്യത ഉണ്ടോ എന്നാണ്. അപകടസാധ്യത എത്രത്തോളം ഉണ്ട്? ഇരുപതു വർഷമായി പ്രമേഹവുമുണ്ട്.

ഹൃദയം ഒരു പമ്പുമാതിരി പ്രവർത്തിക്കുന്നതു മൂലമാണു ധമനികളിൽ കൂടി ശരീരത്തിലെ ഓരോ കോശത്തിന്റെയും സമീപത്തേക്കു രക്തപ്രവാഹം വഴി വേണ്ടത്ര പ്രാണവായുവും പോഷകാംശങ്ങളും എത്തുന്നത്. ഒരു ബാങ്കിലെ കാഷ്യർ ചെക്കനുസരിച്ചും മറ്റും കോടിക്കണക്കിനു രൂപ വിതരണം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുവാൻ സാധിക്കുന്നില്ല. അതുപോലെ ഹൃദയത്തിനുള്ളിൽ കൂടി ഇടതടവില്ലാതെ എപ്പോഴും രക്തം ഓടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഹൃദയമാംസപേശികളുടെ പ്രവർത്തനത്തിനു പ്രത്യേക ഹൃദയ കൊറോണറി ധമനികളിൽകൂടി അവിടേക്കു രക്തം എത്തണം. 

ജനനം മുതൽ മരണം വരെ അനുദിനം വയസ്സു കൂടിക്കൊണ്ടിരിക്കുകയാണ്. അതു പുറകോട്ടു പോകുന്ന ഒരു പ്രശ്നമേ ഇല്ല. മധ്യവയസ്സു കഴിഞ്ഞു പ്രായം കൂടുന്തോറും രക്തധമനി കളുടെ വ്യാസം കുറയുന്നതിനാൽ കായികശേഷിയും മറ്റും പ്രായത്തിനനുസരിച്ചു കുറഞ്ഞുകൊണ്ടിരിക്കും.

പഴകിയ പ്രമേഹവും രക്താതിമർദവും ഓപ്പറേഷൻ ചെയ്താലും ഇല്ലെങ്കിലും ചില അവിചാരിത അനാശാസ്യ ഫലങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഓപ്പറേഷൻ ചെയ്യുന്നതിനു പ്രതിബന്ധങ്ങൾ ഉണ്ടോ എന്നു സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും ആകാമെന്ന് അഭിപ്രായം ലഭിച്ചിട്ടുണ്ട്. കൊറോണറി രക്തധമനിയുടെ തടസ്സം എഴുപതു ശതമാന ത്തിൽ കൂടുതൽ ആയിട്ടുണ്ടെങ്കിൽ മാത്രമേ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുകയുള്ളൂ. മൂന്നിൽ കൂടുതൽ ബ്ലോക്കും നീളത്തിൽ കുടുസ്സായിട്ടില്ലെങ്കിലും മാത്രമേ ആൻജിയോ പ്ലാസ്റ്റിയിൽ കൂടി സ്റ്റെന്റ്  ഇടുന്നതു മതിയാകുമോ, നെഞ്ചു തുറന്നുള്ള ശസ്ത്രക്രിയ തന്നെ വേണ്ടിവരുമോ എന്നു ചിന്തിക്കാറുള്ളൂ. F.F.R കൂടി കഴിഞ്ഞുചിന്തിച്ചശേഷമേ അന്തിമ മായി ഓപ്പറേഷൻ വേണമോ എന്നു തീരുമാനിക്കുകയുള്ളൂ. അത്യന്താപേക്ഷിതമായിരുന്നെങ്കിൽ ഉടനടി ചെയ്യുമായിരുന്നു എന്നു കരുതാം. 

വിവരങ്ങളെല്ലാം വിശദമായി മനസ്സിലാക്കിയ ശേഷം അന്തിമ തീരുമാനം നിങ്ങളുടേതു തന്നെ ആയിരിക്കണം.