വളരെയേറെ അസ്വസ്ഥതകളുണ്ടാക്കുന്ന രോഗലക്ഷണങ്ങളിലൊന്നാണു തലചുറ്റൽ. ചുറ്റുപാടും കറങ്ങുന്നതുപോലെ തോന്നിപ്പിക്കുന്ന വെർട്ടിഗോ, നേരെ നിൽക്കാൻ സാധിക്കാതെ വരിക, സമതുലനമില്ലെന്നു തോന്നുക. കണ്ണിൽ ഇരുട്ടു കയറുക. ബോധം കെടുന്നതുപോലെ തോന്നുക എന്നിവ യെല്ലാം ഇവയിൽ പെടാം.
65 വയസ്സിനു മുകളിലുള്ള 50% പേരിലും സമതുലന പ്രശ്നങ്ങൾ വരുന്നു. തലചുറ്റൽ വർധിച്ചാൽ അതു രോഗിക്കു വലിയ പ്രയാസമായി മാറാം. ചെവി ക്കുള്ളിലെ കാൽസ്യം കാർബണേറ്റ് ക്രിസ്റ്റലുകൾ (ഓട്ടോ കോണിയ) മാറുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയ്ക്കു ബിനൈൻ പാരോക്സിസ്മൽ പൊസിഷണൽ വെർട്ടിഗോ എന്നാണ് പറയുന്നത്.
തല പ്രത്യേക രീതിയിൽ ചരിച്ചു ക്രിസ്റ്റലുകൾ പഴയ സ്ഥാനത്തേക്കു തിരികെ കൊണ്ടു വരുന്നതാണു ചികിത്സാരീതി. ഉൾച്ചെവിയിലോ വെസ്റ്റിബ്യൂലാർ നാഡിയിലോ ഉള്ള തകരാർ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണു വെസ്റ്റിബ്യൂലോപതി. യൂണിലാറ്ററൽ, ബൈലാറ്ററൽ, എന്നിങ്ങനെ രണ്ടു തരമുണ്ട്. വൈറസ് രോഗങ്ങൾ, രക്ത പ്രവാഹത്തിലെ തടസ്സങ്ങൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ മൂലവും ഇതു സംഭവിക്കാം.