Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസാരിക്കുമ്പോൾ ഗോഷ്ഠി കാണിക്കുന്നതു പോലെ ‘വെട്ടൽ’

506622533

എഴുപത്തിയെട്ടു വയസ്സുള്ള എനിക്ക് ഒരു പ്രശ്നം. എന്നാൽ ബാല്യം മുതൽ തലയ്ക്കും കഴുത്തിനും ഒരു ചെറിയ വെട്ടൽ. മുന്നിൽ നിൽക്കുന്ന വ്യക്തിയോട് ‘എന്ത്’ എന്നു ചോദിക്കുമ്പോൾ ഉള്ളതു മാതിരി ഒരു ചെറിയ വെട്ടൽ. തലയ്ക്കും കഴുത്തിനുമുണ്ട്. ചിലപ്പോൾ ഇടതു കഴുത്തും ഇടതു നെഞ്ചിലുമാകും ഈ ചെറിയ വെട്ടൽ ഉണ്ടാകുന്നത്.  ഒരാളോടു നേർക്കു നേർ നിന്നു വർത്തമാനം പറയുമ്പോഴും ഈ വെട്ടൽ ഉണ്ടാകും. അവരെ കളിയാക്കുകയാണോ എന്ന് അവർക്കു തോന്നിയാലോ എന്നാണ് എന്റെ ഭയം. ഇതു വല്ല ഞരമ്പു രോഗവുമാണോ? ഇതിന്റെ പേരെന്താണ്? ചിലർക്ക് ഇടതു വശത്തെ കണ്ണിനു താഴെ തുടിക്കും പോലെയുള്ള സമാന രോഗമാണോ? മരുന്നു കഴിച്ചാൽ സുഖപ്പെടില്ലേ?

നിങ്ങളുടെ രോഗത്തിനു മൊത്തത്തിൽ ‘ടിക്സ്’ എന്നു പറയാം. ഇതു കുട്ടിക്കാലം മുതലേ ചിലപ്പോൾ കാണാറുണ്ട്. ഒരു ഗോഷ്ഠി, കാണിക്കുന്ന മാതിരി വരാമെന്നതിനാൽ കാണുന്നവരിൽ ചിലർ അവരെ കൊഞ്ഞനം കാട്ടുന്നതാണെന്നുവരെ സംശയിച്ചേക്കാം. കുറച്ചു നേരത്തേക്കു മനസ്സുവച്ചു പിടിച്ചു നിർത്താമെന്നതിനാൽ ഇതിനെ പാർക്കിൻസൺ രോഗത്തിൽ നിന്നും മറ്റും വേർതിരിക്കാം. ഇതിനൊന്നും പ്രത്യക്ഷമോ പരോക്ഷമോ ആയ ശാരീരിക കാരണങ്ങൾ ഒന്നും തന്നെ കാണാറില്ല. എന്നാലും അപസ്മാരം തലച്ചോറിനകത്തെ രോഗാണുപ്രസരം, തലച്ചോറിനകത്തെ തടിപ്പു വളർച്ചകൾ മുതലായ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തണം. നിങ്ങളുടേതു വളരെ പഴക്കമുള്ളതാകയാൽ പരിശോധനയിലും പ്രത്യേകിച്ചും രോഗമൊന്നും കാണാൻ സാധ്യതയില്ല. 

ഉറക്കത്തിന്റെ ആരംഭത്തിൽ പല കുട്ടികളിലും ചെറുപ്പക്കാരിലും കൈയോ കാലോ ഞെട്ടി തെറിച്ചു പോയേക്കാം. അതിന് ‘മയോക്ലോനസ്’  എന്നു പറയാം. അതും രോഗമായി കരുതാനില്ല. കുട്ടികളിൽ കണ്ടു വരുന്നതു പലപ്പോഴും താനേ മാറുന്നുണ്ട്. 

ചിലരിൽ മറ്റു ചില മാനസിക പ്രശ്നങ്ങളും കൂടെ കണ്ടേക്കാം. ഉദാ: വിഷാദരോഗം, ഉറക്കത്തിലോ അല്ലാതെയോ ശബ്ദപരമായ ബഹളം, ശക്തമായി തൊണ്ട ശുദ്ധീകരിക്കുന്ന ശബ്ദം, വലിയ മുക്കലും മൂളലും, വല്ലപ്പോഴും അലർച്ച, ചുമ,  ഉറക്കത്തിൽ സംസാരം, അടക്കാനാവാതെ ചീത്തവാക്കുകൾ പറയാൻ വ്യഗ്രത. ഒരേ വാക്കുകളുടെ ആവർത്തനം – പ്രത്യേകിച്ച് അപ്പോൾ കേട്ടത്, നഖം കടി, അടക്കാനാവാത്ത ചില ചേഷ്ടകൾ മുതലായവ. ചേഷ്ടകൾക്കായിരിക്കും ചിലപ്പോൾ മുൻതൂക്കം കൊടുക്കേണ്ടി വരുന്നത്. ഇതിനു ചെറിയ പാരമ്പര്യ പ്രവണത കാണുന്നുണ്ട്. 

രോഗലക്ഷണങ്ങൾക്കൊപ്പം മറ്റു മാനസിക പ്രശ്നങ്ങളും നിലവിലുണ്ടെങ്കിൽ അതിനായിരിക്കും ചികിത്സ വേണ്ടത്. പലതും ചുറ്റുവട്ടത്തിൽ പറഞ്ഞ് ഒതുക്കാം. 

മ്ലേച്ഛസംസാരങ്ങൾ രോഗമാണെന്നു മനസ്സിലാക്കി സഹന ശക്തിയിൽക്കൂടി അനുകമ്പയോടെ, പരസ്പര ധാരണയിലൂടെ കുറെയൊക്കെ സംസാരിച്ചു പറഞ്ഞു തീർത്തു പരിഹരിക്കാവുന്നതാണ്. 

നിങ്ങൾക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ മരുന്നുകൊണ്ട് ഒരു പരിധിവരെ നിയന്ത്രണത്തിലാക്കാം. ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ഉപദേശം തേടുന്നതു നന്നായിരിക്കും.