ചികിത്സക്കെത്തിയ രോഗിക്കു മുന്നിൽ മൊബൈലിൽ കളിച്ച ഡോക്ടർ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്നു വിഡിയോയിലുള്ള രോഗിയുടെ വെളിപ്പെടുത്തൽ. തിരുവനന്തപുരം കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഹർത്താൽ ദിവസം നടന്ന സംഭവം എന്ന രീതിയിലായിരുന്നു വിഡിയോ പ്രചരിച്ചത്.
‘മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍. പാവം രോഗികള്‍ വരിയില്‍. അധികാരികളില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ. ഡോക്ടറെ വിമർശിച്ചും തെറി വിളിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രോഗി തന്നെ വിഡിയോവുമായി രംഗത്തെത്തിയത്. വിഡിയോയിൽ പറയുന്നതിങ്ങനെ:
‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയിലുള്ള രോഗി ഞാനാണ്. ഡോക്ടര്‍ മൊബൈലില്‍ കളിക്കുന്നതല്ല അത്. എനിക്കു മുന്‍പേ എത്തിയ രോഗിയുടെ രോഗവിവരം നോക്കിയതായിരുന്നു. എന്നോട് ചോദിച്ചിട്ടാണ് നോക്കിയത്. ഞാന്‍ നേരത്തെ കാണിച്ചതാണ്. അതിന്റെ റിസല്‍ട്ട് കാണിക്കാന്‍ വേണ്ടി എത്തിയതാണ്. ഇങ്ങനെ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഡോക്ടര്‍ കുറ്റക്കാരിയല്ല. വിഡിയോ എടുത്തയാള്‍ക്കാണ് തെറ്റിയത്’.