കാന്‍സറിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും ലോകമെമ്പാടും വിപുലമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാന്‍സര്‍ വളര്‍ച്ചാനിരക്ക് നാള്‍ക്കുനാള്‍ കൂടി വരികയാണ്. എന്നാല്‍ അര്‍ബുദചികിത്സാരംഗത്ത് ഇതാ വിപ്ലവകരമായൊരു കണ്ടുപിടുത്തം. ഇമ്യൂണ്‍ സെല്ലുകള്‍ ഉപയോഗിച്ച് രോഗിയുടെ പ്രതിരോധസംവിധാനം ശക്തമാക്കിയുള്ള ചികിത്സയാണിത്‍. . ഇതിനായി ആരോഗ്യമുള്ള ഒരാളുടെ ഇമ്യൂണ്‍ സെല്ലുകളെയാണ് ഉപയോഗിക്കുന്നത്. ഭാവിയില്‍, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള കഠിനചികിത്സകളെ ഇതുവഴി മാറ്റി നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.
ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ഇതിനായി ലോകത്തിലെ ആദ്യ ഇമ്യൂണ്‍ ബാങ്ക് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. രോഗികള്‍ക്ക് ആവശ്യം വരുന്ന മുറയ്ക്ക് ഇവിടെനിന്നു ഡോക്ടർമാര്‍ക്ക് ഇമ്യൂണ്‍ സെല്ലുകള്‍ വാങ്ങാം. ഇവ രോഗിയുടെ ശരീരത്തിലെ ഇമ്യൂണ്‍ സെല്ലുകളുമായി ചേര്‍ന്ന് കാന്‍സര്‍ കോശവളര്‍ച്ചയ്ക്ക് തടയിടുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍, ഈ ഗവേഷണത്തില്‍ ഇനിയും ഏറെ മുന്നോട്ടു പോകണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന പ്രഫസര്‍ അദ്രിന്‍ ഹേഡെ പറയുന്നത്. രോഗിയുടെ ശരീരത്തെ ഉപയോഗിച്ചുതന്നെ രോഗത്തെ പ്രതിരോധിക്കാനാണ് ശ്രമമെന്നും പ്രഫസർ പറയുന്നു.
മരുന്നുകളെക്കാള്‍ മനുഷ്യശരീരം കൂടുതല്‍ പ്രതികരിക്കുന്നത് ഇത്തരം ചികിത്സയോടാകാം എന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. മറ്റൊരാളുടെ ഇമ്യൂണ്‍ സെല്ലുകളെ രോഗിയുടെ ശരീരം പുറംതള്ളുമോ എന്നു ഭയപ്പെട്ടിരുന്നെന്നും അതുണ്ടായില്ലെന്ന് കണ്ടെത്തിയതോടെ ഈ ഗവേഷണവുമായി തങ്ങള്‍ മുന്നോട്ടു പോകുകയായിരുന്നെന്നും അദ്രിന്‍ പറയുന്നു.
കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന ഇമ്യൂണോ തെറപ്പി മരുന്നുകള്‍ ചിലപ്പോള്‍ ആരോഗ്യമുള്ള സെല്ലുകളെയും നശിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ചികിത്സയില്‍ രോഗിയുടെ പ്രതിരോധസംവിധാനത്തെത്തന്നെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഈ ചികിത്സ രോഗികള്‍ക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷയെന്നു ഗവേഷകര്‍ പറയുന്നു.