തിരുവനന്തപുരം∙ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി–സി, രക്തത്തിലെ അണുബാധ തുടങ്ങിയവ രോഗത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്ന ഓട്ടോമേറ്റഡ് ഇൻഡിവിജ്വൽ ഡോണർ ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് (ഐഡി നാറ്റ്) സൗകര്യം ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ തുടങ്ങി. സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതുവഴി എച്ച്ഐവി ഉൾപ്പെടെ പകരുന്നതു തടയാൻ ഈ പരിശോധനയിലൂടെ കഴിയും.
രക്തദാതാവിന് എച്ച്‌ഐവി, എച്ച്‌ബിവി, എച്ച്‌സിവി എന്നിവയുണ്ടോയെന്നു രക്തം സ്വീകരിക്കുന്നതിനു മുൻപുതന്നെ അറിയാം. ഐഡി നാറ്റ് സംവിധാനം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ. എം. ചന്ദ്രശേഖറാണ് തുടക്കമിട്ടത്. യുഎസ്, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ രക്തം സ്വീകരിക്കുമ്പോൾ ഐഡി നാറ്റ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത രക്തം സ്വീകരിച്ചതു വഴി 2009–2016 കാലയളവിൽ ഇന്ത്യയിൽ 14000 പേർക്ക് എച്ച്ഐവി ബാധയുണ്ടായെന്നാണു കണക്ക്. ഇക്കാലയളവിൽ കേരളത്തിൽ 162 പേർക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്‌ഐവി ബാധയുണ്ടായി. അടുത്തിടെ റീജിനൽ കാൻസർ സെന്ററിൽ ചികിൽസയിലിരുന്ന കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീചിത്രയിൽ ഐഡി നാറ്റ് സൗകര്യം ഏർപ്പെടുത്തിയത്.