എന്റെ മകൻ പ്ലസ് വണ്ണിൽ പഠിക്കുന്നു. ചെറുപ്പത്തിൽ നടക്കാനും വർത്തമാനം പറയാനുമൊക്കെ കുറച്ചു വൈകിയിട്ടുണ്ട്. പഠനത്തിൽ പിന്നാക്കമാണ്. എന്നാൽ മറ്റു കാര്യങ്ങളിൽ മിടുക്കനാണ്. പരീക്ഷകളിൽ പ്രത്യേക ആനുകൂല്യം കിട്ടിയതു കൊണ്ടു പത്തിൽ നല്ല മാർക്ക് ലഭിച്ചു. എൻജിനീയറാക്കണമെന്ന ലക്ഷ്യത്തോടെയാണു പ്ലസ് വണ്ണിൽ ചേർത്തത്. പക്ഷേ, ഇപ്പോൾ പല വിഷയങ്ങൾക്കും തീരെ മാർക്കില്ല. ബുദ്ധി കൂട്ടാൻ വല്ല മരുന്നുമുണ്ടോ?
നടപ്പും വർത്തമാനവും ഉൾപ്പെടെയുള്ള വളർച്ചയുടെ നാഴികക്കല്ലുകൾ വൈകുന്നതു ബുദ്ധിവികാസത്തിന്റെ പരാധീനതയുടെ സൂചനയാണ്. പഠനത്തിലെ പിന്നാക്കാവസ്ഥ അതു മൂലമാണ്. ദൈനംദിന കാര്യങ്ങള്‍ ചെയ്യുവാൻ ഇവനു വിഷമമില്ല. സാമൂഹിക വൈഭവങ്ങളുണ്ട്. ആശയവിനിമയത്തിലും പ്രശ്നമില്ല. അതുകൊണ്ടു മറ്റു കാര്യങ്ങളിൽ പ്രശ്നമില്ല. പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകിയാൽ ഇവർ മുന്നേറാറുണ്ട്. പരിഹാരത്തിനായി ഔഷധങ്ങൾ അന്വേഷിച്ചു പോവുകയും വ്യാജചികിൽസകളുടെ കെണിയിൽപ്പെട്ടു വഞ്ചിക്കപ്പെടുകയും ചെയ്യുന്നവർ അനവധിയാണ്. ശ്രദ്ധാ വൈകല്യമുണ്ടെങ്കിൽ അതു പരിഹരിക്കുവാനായി മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ബുദ്ധിവികാസത്തിലെ പരാധീനതകൾക്കൊപ്പം മറ്റു ചില പെരുമാറ്റ വൈകല്യങ്ങള്‍ കൂടിയുണ്ടെങ്കിൽ അവയുടെ നിയന്ത്രണത്തിനായും ഔഷധങ്ങൾ പരിഗണിക്കാറുണ്ട്. ബുദ്ധികൂട്ടാൻ മരുന്നില്ല.
പത്താം ക്ലാസ്സിലെ പരീക്ഷകളിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുവാനായി ഇതിന്റെ ഐക്യൂ (IQ) ഉൾപ്പെടെയുള്ള ചില പരിശോധനകൾ ചെയ്തിട്ടുണ്ടാകണം. അടിസ്ഥാന വിദ്യാഭ്യാസം ആത്മവിശ്വാസത്തോടെ പൂർത്തിയാക്കുവാനുള്ള അവസരമായിട്ടുവേണം ഈ പ്രത്യേക സൗകര്യങ്ങളെ കണക്കാക്കുവാൻ. മറ്റു കുട്ടികൾ നാട്ടുനടപ്പെന്ന മട്ടിൽ സഞ്ചരിക്കുന്ന പ്രഫഷനൽ വിദ്യാഭ്യാസപാതയിലേക്കു കയറ്റിവിടാനുള്ള കുറുക്കുവഴിയായി ഈ മാർക്കിനെ ഉപയോഗിക്കരുത്. ചെറുപ്രായം മുതല്‍ ഇത്തരം കുട്ടികളുടെ വിശേഷ അഭിരുചികളും മികവുകളും കണ്ടെത്താൻ ശ്രമിക്കണം. അതിനെ ആധാരമാക്കിയുള്ള പരിശീലനങ്ങൾക്കാണു പ്രാധാന്യം നൽകേണ്ടത്. മകനെ എൻജിനീയറാക്കണമെന്ന മോഹത്തെ ആദരിക്കുന്നു. പക്ഷേ, അവന്റെ പരാധീനതകളെയും പ്രത്യേക കഴിവുകളെയും വിശകലനം ചെയ്തുവേണം അതു നടപ്പാക്കാൻ. അതു ചെയ്തില്ലെങ്കിൽ അവൻ പിന്തള്ളപ്പെട്ടുപോകും. ആത്മാഭിമാനത്തിനു മുറിവേൽക്കുകയും ചെയ്യും. പരീക്ഷ കളിൽ പ്രത്യേക ആനുകൂല്യം നേടുന്ന കുട്ടികളുടെ മാതാപിതാക്കൾ കുട്ടികളുടെ തുടർപഠനം ആസൂത്രണം ചെയ്യുമ്പോൾ ഇതൊക്കെ ഗൗരവമായി ചിന്തിക്കണം.
ബുദ്ധിപരമായ പരാധീനതകളുള്ള കുട്ടികൾക്കു പഠനം നൽകുന്നതിലും ചില തത്വങ്ങൾ പാലിക്കേണ്ടതുണ്ട്. അവർക്ക് എളുപ്പത്തില്‍ മനസ്സിലാകും വിധത്തിൽ ഹ്രസ്വവും ലളിതവുമായി വേണം അറിവുകൾ നൽകാൻ. കൂടുതൽ പ്രാവശ്യം ആവർത്തിക്കേണ്ടി വരും. ക്ഷമയോടെ സംശയങ്ങൾ പരിഹരിച്ചു കൊടുക്കേണ്ടി വരും. ഗ്രഹിച്ച കാര്യങ്ങൾ ഓർമയിൽ ശേഖരിക്കാൻ കൂടുതൽ സമയമെടുക്കും. ശ്രദ്ധ പതറുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. വ്യത്യസ്തങ്ങളായ ബോധന രീതികൾ പ്രയോഗിക്കണം. പാഠ്യവിഷയങ്ങൾ മനസ്സിൽ ഉറപ്പിച്ചു നിർത്താൻ ചിത്രങ്ങളുടെയും മാതൃകകളുടെയും ചില ആക്ടിവിറ്റികളുടെയും പിന്തുണ നൽകണം. പഠന പുരോഗതിയുടെ ചെറിയ നേട്ടങ്ങളെയും കൊച്ചു കൊച്ചു വിജയങ്ങളെയും പ്രോൽസാഹിപ്പിച്ച് ആത്മവിശ്വാസം ഉണർത്തണം. ഇതൊക്കെയാണു ശരിയായ മരുന്ന്. ഇതു കൃത്യമായി നൽകിയാൽ പരാധീനതകളെ മറികടന്ന് ഇവർ അർഥപൂർണമായ ജീവിതം നേടും. എൻജിനീയറാകുന്നതിലും പ്രധാനം അതല്ലേ?