ഇന്നത്തെ ചെറുപ്പക്കാരില്‍ ഏറ്റവുമധികം കാണുന്ന മാനസികപ്രശ്നമാണ് വിഷാദരോഗം. ഇതും സമൂഹമാധ്യമ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ജര്‍ണല്‍ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
11,000 ആളുകളെ നിരീക്ഷിച്ച ശേഷമാണ് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നല്ലൊരു ശതമാനം കൗമാരക്കാരും സമൂഹമാധ്യമത്തിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‌ട്ട് പറയുന്നു. പതിനാലു വയസ്സുള്ള പെണ്‍കുട്ടികളാണ് ഇതിൽ ഭൂരിഭാഗവും. ഇവരില്‍ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലുമൊരു സമൂഹമാധ്യമത്തിൽ ആകൃഷ്ടരാണ്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന 40% പെണ്‍കുട്ടികള്‍ക്കും 25% ആണ്‍കുട്ടികള്‍ക്കും ഇവയിൽനിന്ന് എന്തെങ്കിലും തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. ഈ അമിതോപയോഗം നല്ലൊരു ശതമാനം കൗമാരക്കാരുടെയും ഉറക്കം പോലും നഷ്ടമാക്കുന്നുണ്ട്. മോശം അനുഭവങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുക. യുവജനങ്ങളുടെ സമൂഹമാധ്യമഉപയോഗത്തിന് കര്‍ശന നിയന്ത്രണം ആവശ്യമാണെന്നു വ്യക്തമാക്കുന്ന പഠനം, മറ്റു നല്ല കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയും സമൂഹമാധ്യമ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുകയാണ് ഇതിനുള്ള ഏക പോംവഴിയെന്നും പറയുന്നു.