അന്നു നല്ല മഴയായിരുന്നു. എട്ടു മണി ആയിക്കാണും. ഇനി ഒറ്റയ്ക്കു പോകണം. കുറച്ച് ഉൾപ്രദേശത്താണ് ക്ലിനിക്. അതു പൂട്ടി വീട്ടിലെത്താനുള്ള ധൃതിയിൽ ഞാനും. കാലം നന്നല്ല. അപ്പോഴാണ് ഏകദേശം മധ്യവസ്‌കയായ ഒരു സ്ത്രീയും പുരുഷനും കൂടി ക്ലിനിക്കിലേക്കു കയറി വന്നത്. ക്ലിനിക്ക് പൂട്ടി എന്നു പറഞ്ഞപ്പോൾ അവർ, ‘നാളെ കുറച്ചധികം ദൂരത്തേക്കു യാത്ര പോവുകയാണ്. അതിനാൽ ഡോക്ടറെ കാണാൻ കഴിയില്ല. പനി സീസൺ അല്ലേ’ എന്നു പറഞ്ഞു . അവരുടെ ആത്മാർഥമായ ആവശ്യം തള്ളിക്കളയാൻ പറ്റാത്തതുകൊണ്ട് എന്റെ വാച്ചിലേക്ക് ഒന്നു കൂടി നോക്കി പൂട്ടിയ ക്ലിനിക്കിലേക്കു ഞാൻ വീണ്ടും കയറി.
വന്ന സ്ത്രീക്ക് പനിയുണ്ട്, മേലുവേദനയും. എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയത് കൂടെ വന്ന ആൾ ആണ്. ഇവരെ സംസാരിക്കാൻ സമ്മതിക്കാത്ത പോലെ. അപ്പോഴാണ് അവരുടെ കഴുത്തിലെ കുറച്ചു പാടുകൾ കണ്ടത്. ഉണങ്ങിയ നഖപ്പാടുകൾ.
"ഇതെന്താ" എന്നു ചോദിച്ചപ്പോൾ പെട്ടെന്ന് ഒരു നിശബ്ദത അവിടെ നിറഞ്ഞു.
എന്റെ മനസ്സിൽ ഒരുപാടു സംശയങ്ങൾ നിറയാൻ പിന്നെ താമസമുണ്ടായില്ല. ഇവർക്കു തീർച്ചയായും സഹായം ലഭിക്കണം. എന്റെ മനസ്സിൽ ഒരു നൂറു സംശയങ്ങൾ വന്നു നിറഞ്ഞു. കൂടെ വന്ന ആളുടെ മുന്നിൽ വച്ചു സംസാരിക്കാൻ പറ്റാത്തതിനാൽ അയാളെ പിണക്കാതെ, കൂടുതൽ പരിശോധന ആവശ്യമാണ് എന്ന അർഥത്തിൽ അവരെ അകത്തെ മുറിയിലേക്ക് കൊണ്ടു പോയി.
അവിടെ എത്തിയപ്പോൾ എങ്ങനെ സംസാരം തുടങ്ങണം എന്നായി ശങ്ക. എന്തെങ്കിലുമൊക്കെ ചോദിച്ച് വിശ്വാസം ഉണ്ടാക്കിയെടുത്തിട്ടു വേണം കഴുത്തിലും നെഞ്ചിലും കാണുന്ന ആ മുറിപ്പാടുകളുടെ സത്യം തേടുവാൻ.
ഒരു കൃത്രിമ ധൈര്യം വരുത്തി ഞാൻ ചോദിച്ചു.
"നിങ്ങൾ എവിടേക്കാ ഈ രാത്രിയിൽ"....
ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവർ പറഞ്ഞു : ‘സോനാഗച്ചി’.
ആ പേരു കേട്ടപ്പോ പുറത്തു മഴയുടെ കൂടെ ഒരു കൊള്ളിയാൻ മിന്നുന്നോ എന്നു തോന്നി. മീരയുടെ കഥയിൽ കഴിഞ്ഞ ആഴ്ച വായിച്ചു മനസ്സിൽ ഒരു കൊച്ചു തീ തെളിച്ച ആ ചുവന്ന തെരുവ്.
പിന്നെ എന്തു ചോദിക്കണമെന്ന് എനിക്ക് ഒരുപിടിത്തവും കിട്ടിയില്ല. കാര്യങ്ങൾ ഒക്കെ ഉരുത്തിരിയാൻ തുടങ്ങി. കൂടെ വന്ന ആ ഭരിക്കുന്ന വ്യക്തി, അയാൾ വെറുതെ അല്ല ഇവരെ ഒന്നും പറയാൻ അനുവദിക്കാത്തത്.
മനസ്സിൽ ചോദിക്കണോ വേണ്ടയോ എന്നു പല തവണ തോന്നിയെങ്കിലും അവസാനം ഞാൻ അറിയാതെ ആ ചോദ്യം നാവിൽ നിന്നു വീണു... "രക്ഷപ്പെട്ടുകൂടെ?"
ഞാൻ ഒട്ടും പ്രതീക്ഷിച്ച ഒരു ഉത്തരം അല്ല എനിക്ക് കിട്ടിയത്, പകരമോ ഒരു മറു ചോദ്യം..
"എന്തിന്?"
എനിക്ക് എന്തുപറയണം എന്നറിയില്ലായിരുന്നു. ഒരു കടലോളം സാഹിത്യം മനസ്സിൽ വന്നെങ്കിലും ആ മറുചോദ്യം കാരണം ഒന്നും പറയാതെ നാവ് അനക്കാൻ പോലും ആകാതെ വെറുങ്ങലിച്ചു നിൽക്കുകയാണ്.
ഡോക്ടർ എന്ന സ്‌ഥിതിവിശേഷവും സമൂഹം അടിച്ചേൽപ്പിച്ച തൊട്ടു കൂടായ്മയും കഥകളിൽ മാത്രം ജീവിതമുള്ള, ഒരിക്കലും അഭിമുഖീകരിക്കില്ല എന്നു കരുതിയ ഒരു വ്യക്തിയെ കുറിച്ചുള്ള കാഴ്ചപ്പാടിന്റെ വടംവലിയും ആയിരുന്നു പിന്നീടു മനസ്സിൽ നടന്നത്.
അവർ തുടർന്നു.
"ഡോക്ടർക്ക് അറിയാഞ്ഞിട്ടാണ്. ഞാൻ അവിടെ സ്വതന്ത്രയാണ്. എന്റെ മാനത്തിന്റെ വില ഞാൻ തന്നെയാണ് നിശ്ചയിക്കുന്നത്. എന്റെ ശരീരം മാത്രമല്ല എന്റെ കഴിവും ആണ് വിൽക്കപ്പെടുനത് . എന്നെ തേടി പലരും വന്നു പോകുന്നു. തീരുമാനം എന്റേതാണ്. മക്കളുടെ പഠിത്തം, കുടുംബം എല്ലാം നല്ല രീതിയിൽ കഴിഞ്ഞു പോകുന്നു. എല്ലാ ജോലിയും പോലെ ആരോഗ്യമുള്ള കാലത്തോളം എനിക്ക് തലയുയർത്തി ജീവിക്കാനും പണിയെടുക്കാനും പറ്റും. അത്രയേ ഉള്ളു."
ഞാൻ കേട്ടതു മുഴുവൻ മനസ്സിലാക്കും മുമ്പ് പുറത്തെ ആ ഇരുട്ടിലേക്ക് ഊളിയിട്ടു മാഞ്ഞു പോകാൻ മനസ്സു വെമ്പുകയായിരുന്നു. എനിക്കു ഹൃദിസ്ഥമായ, പനിക്കുള്ള മരുന്നുകൾ ഞാനറിയാതെ എന്റെ കൈകൾ എഴുതി ചീട്ടു മുറിച്ച് അവർക്ക് കൊടുത്തിരുന്നു.
ഘനീഭവിച്ച ഹൃദയത്തോടെ ക്ലിനിക് പൂട്ടി ഇരുട്ടിലേക്ക് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ തിങ്ങിക്കൂടിയ ആ പേടി ഒന്നു കൂടി എന്നെ ചിന്തിപ്പിച്ചു .ഈ ഇരുട്ടിനെയും പകലിനെയും കാവലാളിനെയും ഭയപ്പെടുന്ന ഏതൊരു സാധാരണ സ്ത്രീക്കും എന്താണ് ശരിയായ സ്വാതന്ത്ര്യം.
ഒരു ഡോക്ടറുടെ ജനനത്തിലെ ഒരു പേജ്. കറുപ്പ് നമ്മുടെ കണ്ണുകളിലേ ഉള്ളൂ, അതുവച്ച് ഒരിക്കലും അനുമാനിക്കരുത്.
(സംഭവം യാഥാർഥ്യമാണ്. ചിലപ്പോൾ ചില ചിരികളിലോ കുറച്ചു വാക്കുകളിലോ ഒരുക്കുന്ന കാര്യങ്ങൾക്ക് ഒരുപാട് അർഥമുണ്ടാകാം.)