രാവിലെ എണീറ്റാലുടനെ ഫോൺ കൈയിലെടുക്കാറുണ്ടോ? ഫെയ്സ്ബുക്കിന്റെ നീല ഐക്കണിലാണോ ആദ്യം വിരൽ തൊടുന്നത്? സൂക്ഷിച്ചോളൂ, ഫെയ്സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം നിങ്ങളുടെ ആരോഗ്യം മോശമാക്കിക്കൊണ്ടിരിക്കുകയാണ്.
ഫെയ്സ്ബുക് ഉപയോഗിക്കുന്ന 165 പേരിൽ ഗവേഷകർ ഒരു സർവേ നടത്തി. സമൂഹമാധ്യമങ്ങളിലുള്ള മറ്റുള്ളവരുമായി അവർ എത്രമാത്രം സ്വയം താരതമ്യപ്പെടുത്തുന്നുവെന്നും അവരുടെ ആത്മാഭിമാനം, ആരോഗ്യം, ജീവിതസംതൃപ്തി എന്നീ കാര്യങ്ങളും മനസ്സിലാക്കി.
തങ്ങളെ ഫെയ്സ്ബുക്കിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവർക്ക് ഉറക്കത്തിന്റെ താളം തെറ്റുക, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, പേശീവലിവ് തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യപ്പെടുത്തുന്നത് പലപ്പോഴും നമ്മുടെ ജീവിതാവസ്ഥകളെപ്പറ്റി നമുക്ക് ഉറപ്പില്ലാത്തതിനാലാണ്.
ഉത്കണ്ഠ, വിഷാദം ഇവ ബാധിച്ചവരും സ്ത്രീകളുമാണ് കൂടുതൽ ലക്ഷണങ്ങൾ കാണിച്ചത്. തങ്ങളുടെ ജീവിതത്തിൽ സംതൃപ്തരായവർ സ്വാഭിമാനം ഉള്ളവരും വളരെ കുറച്ചു മാത്രം ശാരീരിക പ്രശ്നങ്ങൾ ഉള്ളവരുമാണെന്നു കണ്ടു.
സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം, മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാനുള്ള അവസരം കൂട്ടുകയും ജീവിതശൈലിയിലും ആരോഗ്യത്തിലും താൻ അവരെക്കാളും മെച്ചമാണെന്നു സ്വയം കരുതുകയും ചെയ്യും.
‘2.27 ബില്യൻ യൂസേഴ്സ് ഉള്ള ഫെയ്സ്ബുക് പോലൊരു മാധ്യമം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. വ്യക്തികളിൽ ഇതിന്റെ ദീർഘകാല ഉപയോഗം ഉണ്ടാക്കുന്ന ഫലങ്ങൾ അറിയില്ല. എന്നാൽ മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമാണ്. ഫെയ്സ്ബുക് പോലുള്ള സൈറ്റുകൾ ഉപയോഗിക്കുന്നവർ താരതമ്യം വരുത്തുന്ന അപകടങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം’ -ഗവേഷകർ പറയുന്നു.
സറേ സർവകലാശാലാ ഗവേഷകർ നടത്തിയ ഈ പഠനം ‘ഹെലിയോൺ’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.