ഒട്ടനവധി വൈവിധ്യങ്ങളുള്ള ജീവിയാണ് ചിലന്തി. എല്ലാ ചിലന്തി ഇനങ്ങൾക്കും വിഷമില്ല. എന്നാൽ വളരെ വിഷമുള്ള ചിലന്തികളും ധാരാളം. നമ്മുടെ നാട്ടിലുള്ള ഒരു ചിലന്തിക്കും മനുഷ്യരെ കൊല്ലാൻ തക്കവിധം വിഷമില്ല. ചില ചിലന്തികൾ കടിക്കുകയോ അവയുടെ വിസർജ്യം ദേഹത്തുവീഴുകയോ ചെയ്താൽ ചിലർക്കു ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാകും.
എട്ടുകാലി വിഷത്തിൽ അടങ്ങിയിട്ടുള്ള ഹിമടോക്സിൻ , ന്യൂറോടോക്സിൻ എന്നീ ഘടകങ്ങളാണു മനുഷ്യനു വിഷമങ്ങൾക്കു കാരണമാകുന്നത്. ചിലന്തിയുടെ വിഷം ഏറ്റാൽ അതിന്റെ ഫലം ഉടൻ കണ്ടെന്നു വരില്ല. വിഷത്തിന്റെ കാഠിന്യം അനുസരിച്ച് ലക്ഷണങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
വിഷമുള്ള എട്ടുകാലിയുടെ കടിയേറ്റാൽ കടിയേറ്റ ഭാഗത്തുണ്ടാകുന്ന ചെറിയ വ്രണം മുതൽ ദിവസവും പുതിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടിയേറ്റ ഭാഗം മുന്തിരിപ്പഴം പോലെ വീർത്തിരിക്കും. അഞ്ചാംദിവസം മുതൽ അതിയായ ഉറക്കം, കണ്ണിൽ പീള, സന്ധിവേദന എന്നിവയുണ്ടാകുന്നു. 21 ദിവസം കൊണ്ട് എട്ടുകാലി വിഷം താനെ ശമിക്കുമെന്നാണ് ആയുർവേദാചാര്യനായ വാഗ്ഭടൻ പറയുന്നത്. ചികിൽസ കൊണ്ടു വിഷശമനം എളുപ്പമാക്കാം.
തേനും ഇന്തുപ്പും ചാലിച്ചു കടിവായിൽ പുരട്ടിയാൽ വിഷശമനമുണ്ടാകും. പാച്ചോറ്റിത്തൊലി, രാമച്ചം, പതിമുഖം, ചന്ദനം, താമരയല്ലി, രക്തചന്ദനം, താമരവളയം എന്നിവകൊണ്ടുള്ള കഷായം എട്ടുകാലിവിഷ ശമനത്തിനു നല്ലതാണ്.
തുല്യകനമുള്ള ഉരുക്കുനൂലിനെക്കാൾ ബലമുള്ളതാണ് ചിലന്തിയുടെ നൂൽ. വെടിയുണ്ടയെ പ്രതിരോധിക്കാൻ കരുത്തുള്ള തുണിത്തരങ്ങൾ ചിലന്തിനൂലുകൊണ്ട് ഉണ്ടാക്കാം.ശസ്ത്രക്രിയാ നൂലുകൾ, കൃത്രിമപേശികൾ എന്നിവയും ചിലന്തിനൂലുകൾ ഉപയോഗിച്ചു ഉണ്ടാക്കുന്നു. ചില ഹൃദ്രോഗങ്ങൾക്കും തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾക്കും ചിലന്തിവിഷം മരുന്നായി ഉപയോഗിക്കാമെന്നു പഠനങ്ങൾ തെളിയിക്കുന്നു.
ഇന്ത്യയിൽ നിന്നും ഇതുവരെ 75 ചിലന്തിക്കുടുംബങ്ങളിലായി 385 ജനുസിൽ വരുന്ന 1750 തരം ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ ജൈവ വൈവിധ്യത്തിന്റെ കേന്ദ്രമായ പശ്ചിമഘട്ട മലനിരകളിൽ കാര്യമായ പഠനങ്ങൾ നടക്കാത്തതു മൂലം കേരളത്തിലെയും ഇന്ത്യയിലേയും ചിലന്തികളുടെ കണക്കുകൾ യഥാർഥത്തിൽ നിന്നു വളരെ കുറവാണ്.
ലോകത്തിലെ ഏറ്റവും വലിയ വല ഉണ്ടാക്കുന്നവയാണ് നെഫിലിഡേ എന്ന ചിലന്തിക്കുടുംബത്തിലെ വൻമരചിലന്തികൾ. ഒരു പുഴയ്ക്കു കുറുകെ വരെ ഇവയുടെ വലകൾ കാണാറുണ്ട്. ഒരു വലയിൽ ഒരു പെൺചിലന്തിയും നാലോ അഞ്ചോ ആൺചിലന്തികളും കുറെ പരാദ ചിലന്തികളും ഉണ്ടാകും. ഇവയുടെ വല വളരെ ബലവത്താണ്. ഇൗ വലയിൽ ചെറുപക്ഷികൾ വരെ കുടുങ്ങാറുണ്ട്.
ചിലന്തിയുടെ കാലുകളിൽ മസിലുകളില്ല ! വെള്ളം നിറച്ചിരിക്കുന്ന കുഴലുകളാണ് ഇവയുടെ കാലുകൾ. ഇൗ വെള്ളത്തിന്റെ മർദം വ്യത്യാസപ്പെടുത്തിയാണ് ചിലന്തികൾ നടക്കുകയും ചാടുകയും ചെയ്യുന്നത്. ചിലന്തികളെ ചിലർക്കൊക്കെ പേടിയാണ്. ചിലന്തിപ്പേടിയ്ക്ക് ഇംഗ്ലിഷിൽ അരക്ക്നോഫോബിയ ( Arachnophobia) എന്നു പറയും.
ചിലന്തി ഇനി ഈ വഴിക്ക് വരില്ല ...
ചിലന്തിയുടെ കടിയേറ്റാല്‍ വളരെ വിഷമുള്ളതായതുകൊണ്ട് ചൊറിച്ചില്‍ മാറാന്‍ പ്രയാസമായിരിക്കും. ചിലന്തികളെ വീടുകളില്‍ നിന്ന് തുരത്തിയില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഓട് ഇട്ട വീടുകളിലാണ് കൂടുതലായും ചിലന്തിയെ കാണുക. ചിലന്തിയെ തുരത്തുവാന്‍ ചില പ്രകൃതിദത്ത വഴികളുണ്ട്.
വിനാഗിരി നല്ലൊരു മാര്‍ഗമാണ്. ഇത് ഒരു സ്പ്രേ ബോട്ടിലില്‍ എടുത്ത് ചിലന്തിയുടെ മുകളില്‍ സ്പ്രേ ചെയ്താൽ ചിലന്തി പിന്നെ ആ ഭാഗത്ത് വരില്ല. ഡിഷ് വാഷ് വെള്ളവുമായി യോജിപ്പിച്ച് സ്പ്രേ ചെയ്യുന്നത് ഇവയെ അകറ്റാന്‍ വളരെ നല്ലതാണ്. നാരങ്ങയുടെ ഗന്ധമുള്ള സോപ്പ് എങ്കില്‍ വളരെ ഉത്തമം.അടുക്കള റാക്കുകള്‍ ,ഭക്ഷണം വയ്ക്കുന്ന ജാറുകള്‍ എന്നിവയുടെ പരിസരത്തു സ്പ്രേ ചെയ്യാം. ഇത് ചിലന്തിമുട്ടകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചിലന്തികള്‍ സിട്രസ് മണം വെറുക്കുന്നു.നാരങ്ങാ വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ചെയ്യുന്നത് ചിലന്തികളെ തുരത്തും. നാരങ്ങയുടെ ഗന്ധമുള്ള ഹാന്‍ഡ് വാഷ്, സോപ്പ്, തറ തുടയ്ക്കുന്ന ലായനി എന്നിവ ചിലന്തിയെ അകറ്റാന്‍ നല്ലതാണ്.
വിവിധ ഇനം ചിലന്തികൾ
നമ്മുടെ വീട്ടിലും നാട്ടിലും കാണുന്ന ചില ചിലന്തികളെ പരിചയപ്പെടാം:
ഇരട്ടവാലൻ ചിലന്തി
കറുപ്പ്, തവിട്ട്, വിളറിയ വെളുപ്പ് എന്നീ നിറങ്ങളിലെല്ലാം കാണപ്പെടുന്ന ഒരിനം ചിലന്തി. കാലിൽ വലയങ്ങളുണ്ട്. പരന്ന ശരീരമാണ്. പിന്നിലേക്കു വാലുപോലുള്ള ഒരു ഭാഗമുണ്ട്. മരത്തടികളിലും വീടുകളുടെ ചുമരുകളിലും താമസിക്കുന്ന ഇവയുടെ വലകൾക്കു പ്രത്യേക ആകൃതിയൊന്നുമില്ല. മരപ്പൊത്തുകളിലാണു മുട്ടയിടാറുള്ളത്.
ശാസ്‌ത്രനാമം:അരേനിയസ് ബൈല്യൂണിഫർ
നീളൻകാലൻ പൊട്ടിച്ചിലന്തി
ശരീരത്തിന് തവിട്ടുനിറമാണ്. വളരെ മെലിഞ്ഞു വള്ളി പോലെ നീണ്ട കാലുകൾ. വയറിന്റെ പിൻഭാഗം മുറിച്ചു കളഞ്ഞപോലെ തോന്നും. പുറത്തു കറുത്ത കുത്തുകളോടുകൂടിയ മഞ്ഞനിറം. ഇവയെ മരപ്പൊത്തുകളിലും പാറകൾക്കിടയിലും വീടിന്റെ മൂലകളിലുമെല്ലാം കാണാം. വലകൾക്ക് പ്രത്യേകിച്ച് ഒരാകൃതിയുമില്ല.
ശാസ്‌ത്രനാമം:ക്രോസോ പ്രൈസാ ലയോണി.
കർക്കിടകച്ചിലന്തി
നമ്മുടെ നാട്ടിൽ വളരെ സാധാരണയായി കാണപ്പെടുന്നു. വാതിൽപ്പാളികൾക്കു പിന്നിലും കുളിമുറിയിലും അലമാരകളിലും കട്ടിൽ, മേശ തുടങ്ങിയവയുടെ അടിയിലും കലണ്ടറുകൾക്കു പിന്നിലുമെല്ലാം ഇവയെ കാണാം. തലയ്‌ക്കും വയറിനും വിളറിയ തവിട്ടുനിറം. കാലിൽ കറുത്ത വലയങ്ങൾ. ആൺചിലന്തികളുടെ പുറത്ത് മഞ്ഞനിറത്തിൽ അടയാളമുണ്ട്. വൃത്താകൃതിയിലുള്ള വെളുത്ത മുട്ടക്കൂടുമായി ഇവയെ നിങ്ങൾ കണ്ടിട്ടുണ്ടാവും. രാത്രിയിലാണ് ഇരതേടിയിറങ്ങുക. ഒരിക്കലും വലയുണ്ടാക്കാറില്ല. ഇരയെ ഓടിച്ചിട്ട് പിടിക്കും.
ശാസ്‌ത്രനാമം:ഐറ്ററോപ്പോഡ വെനറ്റേറിയ.
ചക്രവലച്ചിലന്തി
കാളവണ്ടിയുടെ ചക്രത്തിന്റെ ആകൃതിയിലാണ് ഈ ചിലന്തികൾ വലകെട്ടാറുള്ളത്. അതുകൊണ്ടാണ് ഇവയെ ചക്രവലച്ചിലന്തികൾ എന്നുവിളിക്കുന്നത്. ഇളം തവിട്ടുനിറം, ദീർഘവൃത്താകൃതിയിലുള്ള മഞ്ഞ കലർന്ന ചാരനിറമുള്ള വയർ. വയറിന്റെ പുറംഭാഗത്തു മുന്നിലായി വെളുപ്പുനിറത്തിലുള്ള ഏതാനും കുത്തുകൾ. വയറിനടിയിൽ തവിട്ടുനിറമുള്ള വലിയ ഒരടയാളം എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. ഈ ചിലന്തി അധികവും വീടുകളുടെ ഭിത്തിയിലാണ് കാണാറുള്ളത്.
ശാസ്‌ത്രനാമം:അരേനിയസ് ബൈല്യൂണിഫെർ.
സീബ്രാച്ചിലന്തി
ഓടുന്നതിനുപകരം ഇവയ്‌ക്കു ചാടിനടക്കാനാണ് ഇഷ്‌ടം. തല നീളമുള്ളതും ഇരുണ്ട തവിട്ടോ കറുപ്പോ നിറമുള്ളതും ആയിരിക്കും. തലയിൽ നീളത്തിൽ വെളുത്ത വരകൾ കാണാം. വയറിനു വിളറിയ മഞ്ഞനിറമാണ്. തടിച്ചു ശക്‌തമായ കാലുകൾ. ആദ്യ ജോടി കാലുകൾക്കാണു കൂടുതൽ നീളം. വയറിന്റെ പുറംഭാഗത്തും വെളുത്ത വരയുണ്ട്. ഈ വരകളുള്ളതുകൊണ്ടാണ് ഇതിനെ സീബ്രാ എന്നുവിളിക്കുന്നത്. വീടുകൾക്കുള്ളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഇവ വല കെട്ടാറില്ല.
ശാസ്‌ത്രനാമം:പ്ലക്‌സിപ്പസ് പായ്‌ക്കുള്ളി.
ചാട്ടച്ചിലന്തികൾ
വല നെയ്യുന്ന ചിലന്തികളെക്കാൾ വല നെയ്യാത്ത ചിലന്തികളാണ് നമ്മുടെ നാട്ടിൽ കൂടുതലുള്ളത്. അവയിൽ പ്രധാനമാണ് ചാട്ടച്ചിലന്തികൾ. ലോകത്തു ഏറ്റവും കൂടുതൽ ചിലന്തികൾ കാണുന്നതും ചാട്ടച്ചിലന്തി കുടുംബത്തിലാണ്. തലയുടെ മുൻഭാഗത്തായി കാണുന്ന ഉരുണ്ട വലിയ രണ്ടു കണ്ണുകളാണ് ഇവയുടെ പ്രത്യേകത.
ശാസ്ത്രനാമം സാൾട്ടിസിഡെ