ഇരുപത്തിമൂന്നു വയസ്സുള്ള അവിവാഹിതനാണു ഞാൻ. മൂത്രമൊഴിക്കുമ്പോൾ പൊടിപോലെ വെളുത്ത തരികൾ കാണുന്നു. തൂക്കം 50 കിലോ ആയിരുന്നത് ഇപ്പോൾ 45 ആയി. ഞാൻ മാനസികമായി ആകെ തകർന്നിരിക്കുകയാണ്. രണ്ടു ഡോക്ടർമാരെ കണ്ടു. അവർ ഗുളികകൾ എഴുതിത്തന്നു. അതു കഴിച്ചിട്ടും എന്റെ അസുഖത്തിനു കുറവൊന്നും ഇല്ല. എനിക്കു വിയർപ്പ് വളരെ കുറവാണ്.
മൂത്രത്തിൽ വെളുത്ത തരികൾ പൊടിയായി പോകുന്നത് അസാധാരണമല്ല. പായയിൽ കിടത്തുന്ന കുട്ടികൾ മൂത്രമൊഴിച്ചു മൂത്രം ഉണങ്ങിയ തറയിൽ വെള്ളനിറം കാണുന്നതും അപൂർവമല്ലല്ലോ. അതു നിരുപദ്രവിയായ മൂത്രത്തിലെ ഫോസ്ഫേറ്റ് അംശമാകാനാണു സാധ്യത. ശരീരത്തിലെ മലിനാംശങ്ങളെല്ലാം തന്നെ മൂത്രത്തിൽ കൂടിയാണു പുറന്തള്ളപ്പെടുന്നത്. സൂക്ഷ്മദർശിയായ പലതരം ഫോസ്ഫേറ്റ്, യൂറേറ്റ്, കാൽസ്യം മുതലായ ക്രിസ്റ്റലുകളായിട്ടായിരിക്കും മൂത്രത്തിലെ തുടക്കം. അതിൽ രോഗാണുക്കൾ പ്രവേശിച്ചാൽ കൂടിച്ചേർന്നു ചെറുതരികളായി തീർന്നേക്കാം. പിന്നീടു മൂത്രത്തിൽ പലതരം ചെറിയ കല്ലുകളായി വിസർജിക്കപ്പെട്ടേക്കാം. ഇതു തടയുവാൻ ധാരാളം വെള്ളം കുടിക്കുന്നതു പ്രയോജനകരമായിരിക്കും.
മൂത്രസഞ്ചിക്കുള്ളിലോ ജനനേന്ദ്രിയ ഭാഗത്തോ പഴുപ്പു കയറിക്കൂടിയിട്ടുണ്ടെങ്കിൽ അവിടെ നിന്ന് ഉതിർന്ന കോശങ്ങൾ മൂത്രത്തിൽക്കൂടി പുറത്തേക്കു പോകുമ്പോൾ വെള്ളനിറം മുതൽ ചോരനിറം വരെ കണ്ടേക്കാം. അപൂർവമായി യീസ്റ്റ് രോഗാണുക്കളും കാരണമാകും. പ്രായമായ പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വികസിക്കുന്നുണ്ട്. അതിനുള്ളിലെ സ്രവ വസ്തു മൂത്രത്തിൽക്കൂടി പോകുമ്പോൾ ചെറിയ വെള്ളനിറവും വരാം. പ്രമേഹരോഗമില്ലെന്നു രക്തപരിശോധനയിൽക്കൂടി ഉറപ്പു വരുത്തണം.
വൃക്കകൾക്ക് ആല്‍ബുമിൻ മൂത്രത്തിലേക്കു പോകാതെ രക്ത ത്തിൽ പിടിച്ചു നിർത്തുന്നതിനു കഴിവുണ്ട്. എന്നാലും ഒരു ദിവസത്തെ ഇരുപത്തിനാലു മണിക്കൂർ കൊണ്ടു നൂറ്റിയൻ പത്– ഇരുന്നൂറു മില്ലിഗ്രാം ആൽബുമിൻ മൂത്രത്തിലേക്കു കടന്നുപോയേക്കാം. ഒരു ഗ്ലാസ്സിലേക്കു നേരിട്ടു മൂത്രമൊഴി ച്ചാൽ അതു തെളിഞ്ഞതായിരിക്കുമെങ്കിലും കുറച്ചു മണി ക്കൂറുകൾ കഴിഞ്ഞു നോക്കിയാൽ അടിയിൽ ചെറിയ ഊറൽ കണ്ടേക്കാം.
മരുന്നുകൊണ്ടു നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ പ്രശ്നം രോഗമാണോ എന്നു മനസ്സിലാക്കുവാൻ ഇനി മൂത്ര പരിശോധന മുതൽ രക്തപരിശോധനകൾ വരെ ആവശ്യമാണ്. വിശദമായ വിദഗ്ധ മൂത്ര പരിശോധന സാധാരണക്കാരുടെ വൃക്ക പരിശോധനയ്ക്കു തുല്യമായി പലരും കാണു ന്നുണ്ട്. മറ്റു രോഗങ്ങളൊന്നും സൂചിപ്പിക്കാത്തതിനാൽ പ്രശ്നം സങ്കീർണമാണെന്നു തോന്നുന്നില്ല.