ആശുപത്രികളിൽ ചികിത്സയുടെ ഭാഗമായി രോഗികൾക്കു നൽകുന്ന മരുന്നും ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന വസ്തുക്കളും മറ്റു സാമഗ്രികളും വിൽപനസാധനങ്ങളായി കണ്ട് നികുതി ഈടാക്കാനാവില്ലെന്നു ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കി. ജീവകാരുണ്യ സ്ഥാപനങ്ങളല്ലെങ്കിലും മരുന്നും അനുബന്ധ സാമഗ്രികളും വിൽക്കുന്ന ബിസിനസ് സ്ഥാപനമായി ആശുപത്രികളെ കാണാനാവില്ല. ചികിത്സയുടെ ഭാഗമായി മരുന്നും മറ്റും ഉപയോഗിക്കുന്നതു രോഗിയുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നു കോടതി പറഞ്ഞു.
ആശുപത്രി സേവനങ്ങളുടെ ഉദ്ദേശ്യം രോഗം ഭേദമാക്കാനുള്ള ആരോഗ്യപരിചരണവും ചികിത്സയുമാണ്; മരുന്നിന്റെയും അനുബന്ധ സാധനങ്ങളുടെയും വിൽപനയല്ല. മരുന്നുകൾ നൽകുന്നതും ശസ്ത്രക്രിയയിലൂടെ സാധനങ്ങൾ ഘടിപ്പിക്കുന്നതും മറ്റും ചികിത്സയുടെ ഭാഗമാണ്. മെഡിക്കൽ ഉപദേശത്തിന്റെ പുറത്ത് ഇവ നൽകുന്നതു രോഗിയെ ചികിത്സിച്ചു ഭേദമാക്കാനാണ്, ലാഭമുണ്ടാക്കാനല്ല. ആശുപത്രി ബില്ലിനൊപ്പമുള്ള മരുന്ന്/ അനുബന്ധ സാധനങ്ങളുടെ ചെലവ് വിൽപന നികുതി ഏർപ്പെടുത്താനായി വേർതിരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
നിയമപ്രശ്നത്തിൽ തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ചിൽ നിന്നു റഫർ ചെയ്തെത്തിയ ഒരുകൂട്ടം ഹർജികളിലാണു ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരുൾപ്പെട്ട ഫുൾബെഞ്ചിന്റെ ഉത്തരവ്. അതേസമയം, ഹർജികളിലുന്നയിച്ചിട്ടുള്ള വ്യക്തിഗത തർക്കങ്ങൾ തീർപ്പാക്കാൻ കേസ് ഡിവിഷൻ ബെഞ്ചിലേക്കു തിരിച്ചുവിട്ടു.
എന്തെല്ലാം വസ്തുക്കൾ ഉപയോഗിക്കാം എന്നതു രോഗിക്കു നിശ്ചയിക്കാനോ ആവശ്യപ്പെടാനോ കഴിയില്ലെന്നു കോടതി പറഞ്ഞു. ചികിത്സ തേടി ആശുപത്രിയിലെത്തുന്ന രോഗി ഇത്തരം കാര്യങ്ങളിൽ തീരുമാനം ഡോക്ടർക്കോ സർജനോ വിട്ടുനൽകുകയാണു ചെയ്യുന്നത്. ആശുപത്രികൾ മരുന്നും മറ്റും നൽകുന്നതു ഡോക്ടറുടെ നിർദേശപ്രകാരമാണ്. ചികിത്സാ ആവശ്യത്തിന് മരുന്ന്/ അനുബന്ധ സാധനങ്ങൾ വിൽക്കുന്നതു സേവനമെന്നു കരുതാവുന്ന മെഡിക്കൽ പരിചരണത്തിന്റെയും ചികിത്സയുടെയും ഭാഗമാണ്. അതിനാൽ ‘സാധന വിൽപന’യുടെ നിർവചനത്തിൽ ഉൾപ്പെടില്ലെന്നു കോടതി വ്യക്തമാക്കി.