രോഗത്തിന്റെ വേദനകൾക്കിടയിലും അവരുടെ മുഖത്ത് ഇന്നലെ ചിരി പടർന്നു. എല്ലാം മറന്ന് അവർ പൊട്ടിച്ചിരിച്ചു. ആശുപത്രിയിലെ പരിചയക്കേടുകൾ മറന്നു. ഡോക്ടർമാരുടെ അടുത്തേക്കു പോകുമ്പോഴും അവരുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. കൺസൽറ്റിങ് റൂമിന്റ വാതിൽക്കൽ നിന്നും അവർ എത്തി നോക്കി– തങ്ങളെ കുടുകുടെ ചിരിപ്പിച്ച കോമാളികളെ ഒരിക്കൽ കൂടി കാണാൻ.
കേരളത്തിൽ ആദ്യമായി ആസ്റ്റർ മെഡ്സിറ്റി അവതരിപ്പിച്ച ആശയമായ ‘ഹോസ്പിറ്റൽ ക്ലൗൺസി’ന്റെ പൂർത്തീകരണമാണ് ഇന്നലെ കണ്ടത്. പീഡിയാട്രിക് വാർഡുകളിലും ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലുള്ള രോഗികൾക്കു മുന്നിലും കോമാളികൾ നർമവുമായെത്തി. രോഗികൾക്കും സഹായികൾക്കും പിരിമുറുക്കവും ഭയവും ദു:ഖവും ഒഴിവാക്കുന്നതിന് അതുവഴി കഴിഞ്ഞു. രോഗികൾക്കും ജീവനക്കാർക്കുമിടയിൽ അപരിചിതത്വം മാറ്റി വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കോമാളികൾക്കായി. ചെന്നൈയിൽ നിന്നുള്ള ലിറ്റിൽ തിയറ്റർ ഇന്ത്യ എന്ന നാടകസംഘമാണ് ഹോസ്പിറ്റൽ ക്ലൗൺസുമായി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിയത്.
അസാധാരണമായതും തെളിയിക്കപ്പെട്ടതുമായ പുതിയ രീതികൾ രോഗികൾക്കായി ഉപയോഗിക്കുന്നതിൽ ആസ്റ്റർ മെഡ്‌സിറ്റി മുൻപന്തിയിലാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കമാൻഡർ ജെൽസൺ കവളക്കാട്ട് പറഞ്ഞു. ചികിത്സയും രോഗവിമുക്തിയും എളുപ്പത്തിലാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസാദാത്മകമായ ഇടപെടലുകളിലൂടെ രോഗിയുടെമേൽ നിയന്ത്രണവും വൈകാരികമായ സ്വാസ്ഥ്യവും സാധ്യമാക്കുക എന്നതാണ് ഇതുവഴി സാധിക്കുന്നതെന്ന് ലിറ്റിൽ തിയറ്റർ ആർട്ടിസ്റ്റിക് ഡയറക്ടർ കൃഷ്ണകുമാർ ബാലസുബ്രമണ്യൻ പറഞ്ഞു. മെഡിക്കൽ ക്ലൗൺ ഡോ. റോഹിണി റാവു, ഹോസ്പിറ്റൽ ക്ലൗണുകളായ ഷബീർ കല്ലറയ്ക്കൽ, വികാസ് റാവു, ഈജിപ്ത് ദിനേഷ് എന്നിവരടങ്ങിയ ലിറ്റിൽ തിയറ്റർ സംഘമാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിയത്. 12 പ്രഫഷനലുകൾ അടങ്ങിയതാണ് ലിറ്റിൽ തിയറ്ററിന്റെ ഹോസ്പിറ്റൽ ക്ലൗൺ സംഘം. ഇന്ത്യയിലെ ആദ്യ ഹോസ്പിറ്റൽ ക്ലൗൺ സംഘം ഇവരുടേതാണ്.