വരാൻ പോകുന്നത് കൊടുംചൂട്; രോഗങ്ങളകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ
പ്രളയകാലം കടന്നുവന്ന വേനലിനു ചൂടിന്റെ കാഠിന്യം കൂടുതലാണ്. പുറത്തേക്കിറങ്ങിയാൽ, തിളയ്ക്കുന്ന വെയിലിൽ പൊള്ളിക്കരിഞ്ഞുപോകുമെന്ന അവസ്ഥ. ഫെബ്രുവരി തന്നെ ഉരുകിത്തുടങ്ങുമ്പോൾ കൊടും വേനലിന്റെ മാർച്ചും ഏപ്രിലും മേയും പേടിസ്വപ്നങ്ങളാകുകയാണ്. വേനൽക്കാല അസുഖങ്ങൾ വരാതിരിക്കുന്നതിനും ശരീരത്തിന്റെ സന്തുലിതാവസ്ഥ
പ്രളയകാലം കടന്നുവന്ന വേനലിനു ചൂടിന്റെ കാഠിന്യം കൂടുതലാണ്. പുറത്തേക്കിറങ്ങിയാൽ, തിളയ്ക്കുന്ന വെയിലിൽ പൊള്ളിക്കരിഞ്ഞുപോകുമെന്ന അവസ്ഥ. ഫെബ്രുവരി തന്നെ ഉരുകിത്തുടങ്ങുമ്പോൾ കൊടും വേനലിന്റെ മാർച്ചും ഏപ്രിലും മേയും പേടിസ്വപ്നങ്ങളാകുകയാണ്. വേനൽക്കാല അസുഖങ്ങൾ വരാതിരിക്കുന്നതിനും ശരീരത്തിന്റെ സന്തുലിതാവസ്ഥ
പ്രളയകാലം കടന്നുവന്ന വേനലിനു ചൂടിന്റെ കാഠിന്യം കൂടുതലാണ്. പുറത്തേക്കിറങ്ങിയാൽ, തിളയ്ക്കുന്ന വെയിലിൽ പൊള്ളിക്കരിഞ്ഞുപോകുമെന്ന അവസ്ഥ. ഫെബ്രുവരി തന്നെ ഉരുകിത്തുടങ്ങുമ്പോൾ കൊടും വേനലിന്റെ മാർച്ചും ഏപ്രിലും മേയും പേടിസ്വപ്നങ്ങളാകുകയാണ്. വേനൽക്കാല അസുഖങ്ങൾ വരാതിരിക്കുന്നതിനും ശരീരത്തിന്റെ സന്തുലിതാവസ്ഥ
പ്രളയകാലം കടന്നുവന്ന വേനലിനു ചൂടിന്റെ കാഠിന്യം കൂടുതലാണ്. പുറത്തേക്കിറങ്ങിയാൽ, തിളയ്ക്കുന്ന വെയിലിൽ പൊള്ളിക്കരിഞ്ഞുപോകുമെന്ന അവസ്ഥ. ഫെബ്രുവരി തന്നെ ഉരുകിത്തുടങ്ങുമ്പോൾ കൊടും വേനലിന്റെ മാർച്ചും ഏപ്രിലും മേയും പേടിസ്വപ്നങ്ങളാകുകയാണ്. വേനൽക്കാല അസുഖങ്ങൾ വരാതിരിക്കുന്നതിനും ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സൗന്ദര്യസംരക്ഷണത്തിനും പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്. ശരീരത്തിന്റെ ചൂടുകുറച്ച്കൊണ്ടു വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കണം. ചൂടുകാലത്തിനനുസരിച്ചു ജീവിതരീതികൾ മാറ്റാം..
ലോക കാലാവസ്ഥാപഠന സംഘടനയുടെ കണക്കു പ്രകാരം ഭൂമി കൊടുംചൂടിലേക്കു നീങ്ങുകയാണ്. 2019 മുതൽ 2023 വരെയുള്ള കാലയളവു ചൂടിന്റെ കാര്യത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണു പഠനം. ഏപ്രിൽ– മേയ് മാസങ്ങളിൽ കേരളത്തിൽ ചൂട് 37 മുതൽ 40 ഡിഗ്രി വരെയാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചൂടേറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ മാത്രമല്ല, പലവിധ രോഗങ്ങൾ പടർന്നുപിടിക്കാനും ഈ കാലാവസ്ഥ കാരണമാകും. ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ പ്രത്യേക മുൻകരുതലെടുക്കണം. ത്വക്കിൽ ഫംഗൽ ബാധയുണ്ടായാൽ ഡോക്ടറെ കണ്ടു മരുന്നു വാങ്ങണം. കടൽക്കാറ്റും കായൽക്കാറ്റുമേൽക്കുന്ന കൊച്ചിയിൽ ഹ്യുമിഡിറ്റി നിരക്ക് ഉയർന്ന തോതിലാണ്. ഇതു ശരീരം വിയർക്കുന്ന സാഹചര്യം കൂട്ടും. ഹ്യുമിഡിറ്റി കൂടിയ സ്‌ഥലങ്ങളിൽ ചൂടിനെയും വിയർപ്പിനെയും നേരിടാൻ ജീവിത ശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്നു ഡോക്ടർമാർ പറയുന്നു.
തയാറാക്കാം, വേനൽക്കാല ഡയറ്റ്
വിദേശരാജ്യങ്ങളിലേതു പോലെ ചൂടുകാലത്തും തണുപ്പുകാലത്തും പ്രത്യേക ആഹാരരീതികൾ കേരളത്തിലെ കാലാവസ്ഥയിൽ ആവശ്യമില്ലെങ്കിലും ശരീരോഷ്മാവും വിയർപ്പും കൂട്ടുന്ന ഭക്ഷണം ഒഴിവാക്കണം. വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കേണ്ടതുണ്ട്. ഉയർന്ന ചൂടും വിയർപ്പുമൂലമുള്ള ഈർപ്പവും രോഗാണുക്കൾ പടരാനുള്ള സാധ്യത കൂട്ടുന്നതിനാൽ ഭക്ഷണക്രമത്തിലൂടെയും ജീവിതചര്യയിലൂടെയും ശരീരത്തെ ബലമുള്ളതാക്കേണ്ടതുണ്ട്. ഊഷ്മാവു കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാൽ വിശപ്പു കുറയുകയും ചെയ്യും. അതിനാൽ ദഹിക്കാൻ എളുപ്പമുള്ള ആഹാരം ശീലമാക്കുകയാണു വേണ്ടത്.
മധുരമുള്ളതും ജലാംശം അധികമുള്ളതുമായ പഴങ്ങൾ ധാരാളമായി ഉൾപ്പെടുത്തുക. തണ്ണിമത്തൻ ദിവസവും കഴിക്കാം. അരി, ഗോതമ്പ്, ചെറുപയർ എന്നിവ ചൂടു കാലത്തു കഴിക്കാവുന്ന ആഹാരങ്ങളാണ്.
കൊഴുപ്പു കുറഞ്ഞ സൂപ്പും വേനൽക്കാലത്തു കഴിക്കാം. തക്കാളി, പാവയ്ക്ക, പടവലങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, അമരയ്ക്ക, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉരുളക്കിഴങ്ങ്, കപ്പ, കൂർക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുക.
ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ചൂടു കുറയ്ക്കും. എന്നാൽ മുതിര, വൻപയർ, എള്ള് എന്നിവ ശരീരത്തിന്റെ ചൂടു കൂട്ടും. മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീർ, ചെറുപഴം എന്നിവയും ദിവസവും കഴിക്കാം. മാംസാഹാരവും കൊഴുപ്പേറിയ ആഹാരവും ഫാസ്റ്റ് ഫുഡും കുറയ്ക്കാം. മദ്യം അടക്കം എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം.
വെള്ളം ഭക്ഷണത്തേക്കാൾ പ്രധാനം
ദിവസവും 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണമെന്നാണു പറയുന്നത്. എന്നാൽ ചൂടുകാലത്ത് 12 ഗ്ലാസ്സോ അതിലധികമോ വെള്ളം കുടിക്കണം. പഴങ്ങളും ജ്യൂസും ചായയും കൂടാതെയാണിത്. ഐസ്ക്രീം, ചോക്ലേറ്റ്, ചായ, കാപ്പി, ശീതളപാനീയങ്ങൾ എന്നിവ പരമാവധി കുറയ്ക്കാം. തിളപ്പിച്ചാറിയ വെള്ളമാണു നല്ലത്.
മൺകുടത്തിൽ വച്ചു തണുപ്പിച്ച, തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശീലമാക്കാം. രാമച്ചം, പതിമുകം, ചന്ദനം, നറുനീണ്ടി തുടങ്ങിയവ ചേർന്ന ദാഹശമിനികൾ ചേർത്തു വെള്ളം തിളപ്പിക്കാം. സംഭാരം, ലസി, ഇളനീർ എന്നിവ ചൂടകറ്റും. വിയർപ്പു മൂലമുള്ള ലവണനഷ്ടത്തിനും ഇവ പരിഹാരമാകും.
സൺസ്ക്രീൻ ലോഷനുകൾ തിരഞ്ഞെടുക്കുമ്പോൾ..
വെയിലത്തിറങ്ങുന്നതിനു മുൻപു സൺസ്ക്രീൻ ലോഷൻ പുരട്ടണം. വേനൽക്കാലത്തേക്കുവേണ്ട മോയിസ്ച്യുറൈസിങ് ക്രീം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ജെൽ രൂപത്തിലുള്ളതോ വെള്ളം പോലെയുള്ളതോ ആയ ലോഷനുകളാണു വേനൽക്കാലത്ത് ഉപയോഗിക്കേണ്ടത്. ത്വക്കിന്റെ ഘടന അനുസരിച്ചുള്ള ലോഷൻ തിരഞ്ഞെടുക്കണം. ചൂടുകുരുവോ അണുബാധയോ ഉണ്ടെങ്കിൽ സോപ്പും ലോഷനും ഡോക്ടറുടെ ഉപദേശത്തോടെ തിരഞ്ഞെടുക്കാം.
അൾട്രാ വയലറ്റ്–ബി കിരണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ക്രീമുകളാണ് ഉപയോഗിക്കേണ്ടത്. ഉയർന്ന എസ്പിഎഫ് (30 നു മുകളിൽ) ഉള്ള ലോഷനുകളാണു ചൂടുകാലത്തു വേണ്ടത്.
മാറ്റം വേണം വസ്ത്രധാരണ രീതിയിലും
വേനൽക്കാലത്ത് കോട്ടൺ വസ്ത്രങ്ങളാണു ധരിക്കേണ്ടത്. ചൂടു കുറയാൻ, വായു സഞ്ചാരം കിട്ടുന്ന, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാം. മറ്റുള്ളവരുടെ വസ്ത്രങ്ങൾ മാറി ഉപയോഗിക്കുന്ന ശീലം ചൂടുകാലത്തു വേണ്ട. കഴിയുമെങ്കിൽ ജീൻസ് പോലുള്ള വസ്ത്രങ്ങൾ വേനൽക്കാലത്ത് ഉപേക്ഷിക്കാം. നന്നായി കഴുകി, വെയിലത്ത് ഉണങ്ങിയ വസ്ത്രങ്ങൾ ഉപയോഗിക്കണം. കഴുത്തിലും കൈയിലും വെയിലേൽക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും ചൂടുകാലത്തു വേണ്ട.
ശരീരത്തിന്റെ ചൂടു കുറയ്ക്കാൻ
ശരീരോഷ്മാവു കുറയ്ക്കാൻ ഭക്ഷണകാര്യത്തിൽ മാത്രമല്ല, ജീവിതശൈലിയിലും മാറ്റം വേണം. രണ്ടുനേരം തണുത്ത വെള്ളത്തിൽ കുളിക്കണം. 11 മുതൽ 3 മണിവരെയുള്ള വെയിൽ കൊള്ളരുത്. ഈ സമയത്തു യാത്ര ചെയ്യേണ്ടതായി വന്നാൽ കുട നിർബന്ധമാക്കുക.
കഠിന വ്യായാമവും കഠിനമായ ശാരീരിക അധ്വാനങ്ങളും കൊടും വേനലിൽ ഒഴിവാക്കാം. സൂര്യോദയത്തിനു മുൻപും ശേഷവുമാണ് വ്യായാമം ചെയ്യേണ്ടത്. എസി മുറികളിൽ ജോലി നോക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എസി മുറിയിൽ നിന്നു സാധാരണ അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ ശരീരം കൂടുതൽ ചൂടു വലിച്ചെടുക്കുന്നതിനാൽ ജലാംശം കുറയും. ഇതു നിർജലീകരണം ഉണ്ടാക്കാം. എസി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുകയാണു വേണ്ടത്.
വേനൽക്കാല സൗന്ദര്യ സംരംക്ഷണം
തണ്ണിമത്തൻ കഴിക്കാൻ മാത്രമല്ല, മുഖസൗന്ദര്യത്തിനായും വേനൽക്കാലത്ത് ഉപയോഗിക്കാം. തണ്ണിമത്തനിലെ ലൈകോപിൻ എന്ന ഫോട്ടോകെമിക്കലിന്റെ സാന്നിധ്യം ചർമത്തിനു തിളക്കം കൂട്ടും. നേർത്തതായി ചീകിയെടുത്ത തണ്ണിമത്തൻ തൊലി മുഖത്തു നേരിട്ടു പുരട്ടാം. ചർമത്തിലെ ചൂടുമൂലമുള്ള ചൊറിച്ചിലിനും ഇത് ഉത്തമ പരിഹാരമാണ്. ഓറഞ്ച്, തണുത്ത കട്ടത്തൈര്, നാരങ്ങനീര് എന്നിവയും വെയിലേറ്റു വാടിയ ചർമത്തിനു പുതുജീവൻ നൽകും. തണ്ണിമത്തനും തേനും ചേർന്ന മാസ്ക് മുഖം കരുവാളിക്കുന്നതു തടയും. കറ്റാർവാഴയുടെ ജെല്ലും ഒന്നോ രണ്ടോ പുതിനിലയും അരച്ചു മുഖത്തു തേക്കുന്നതു മുഖക്കുരു ഇല്ലാതാക്കും. കറ്റാർവാഴയുടെ ജെല്ലും റോബസ്റ്റ പഴവും അരച്ചു തലയിൽ തേച്ചാൽ മുടിക്ക് നല്ല തിളക്കം ലഭിക്കും.
വേനൽക്കാലത്തു ദിവസവും തലമുടി കഴുകണം. പുറത്തുപോകുമ്പോൾ മുടിയിൽ വെയിലേൽക്കാതെ ശ്രദ്ധിക്കണം. എണ്ണമയമുള്ള മുടിയുള്ളവർ ലൈറ്റ് ഷാംപൂ ഉപയോഗിക്കണം. ഷാംപൂ ചെയ്തതിനു ശേഷവും എണ്ണമയമുണ്ടെങ്കിൽ കണ്ടീഷനർ ഉപയോഗിക്കേണ്ടതില്ല. വേനൽക്കാലത്ത് ലൈറ്റ് മേക്കപ് മാത്രമേ പാടുള്ളു. രാത്രി, മേക്കപ് പൂർണമായും കഴുകി കളഞ്ഞശേഷം മോയ്സ്ച്യുറൈസർ പുരട്ടാം. എല്ലാത്തിലുമുപരിയായി ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ചൂടുകാലം കുട്ടികൾക്ക്
വേനൽക്കാലത്തു ചെറിയ കുട്ടികൾക്ക് ഇരട്ടിച്ചൂടുണ്ടാകും. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു ചൂടുകാലത്തു പ്രത്യേക പരിചരണം ആവശ്യമാണെന്നു ഡോക്ടർമാർ പറയുന്നു. കുട്ടികളുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ ഉയർന്ന തോതിലാണ്. ഇവയും ചൂടു വർധിപ്പിക്കാൻ ഇടയാക്കും. കുട്ടികളുടെ ശരീരത്തിൽ 55 ശതമാനം മുതൽ 60 ശതമാനം വരെ ജലാംശമുണ്ട്. അവയുടെ ഏറ്റക്കുറച്ചിലുകൾ ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഉത്സാഹമില്ലായ്മ, ശരീരത്തിൽ ചൂട്, തലവേദന, മനംപുരട്ടൽ, ഛർദി തുടങ്ങിയ അസ്വസ്ഥതകൾ കുഞ്ഞുങ്ങൾക്കുണ്ടേയേക്കാം.
കഴിവതും വെയിലേൽക്കാതെ നോക്കുക, അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക, പുറത്തുള്ള കളികൾ കുറയ്ക്കുക, ഇടയ്ക്കിടെ വിശ്രമം നൽകുക, ധാരാളം വെള്ളം കൊടുക്കുക, പുറത്തു പോകുന്നതിനു മുൻപു വെള്ളം കൊടുക്കുക, വീട്ടിലെ തണുപ്പുള്ള മുറിയിൽ കുട്ടികളെ കിടത്തുക, ജനലും വാതിലും പകൽ തുറന്നിട്ടു മുറിക്കുള്ളിലെ ചൂടു കുറയ്ക്കുക എന്നീ മുൻകരുതലെടുക്കാം. വേനൽക്കാലത്തു പരീക്ഷയ്ക്കൊരുങ്ങുന്ന കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. പഠിക്കാനിരിക്കുമ്പോൾ പഴച്ചാറുകളോ നാരങ്ങാ വെള്ളമോ നൽകുക. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഓർമശക്തിക്കും നല്ലതാണ്. എന്നാൽ കൊഴുപ്പ്, എണ്ണ എന്നിവ കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. പ്രഭാത ഭക്ഷണം മുടക്കരുത്.
ത്വക്ക് രോഗങ്ങൾ സൂക്ഷിക്കാം
ത്വക്ക് രോഗങ്ങൾ വരാനുള്ള സാധ്യത ചൂടുകാലത്തു വളരെ കൂടുതലാണ്. ചൂടുകുരു, ഫംഗൽ ബാധ തുടങ്ങിയ രോഗങ്ങളെല്ലാം ശരീരത്തിൽ വിയർപ്പും അഴുക്കും തങ്ങിനിൽക്കുന്നതിനാൽ ഉണ്ടാകുന്നതാണ്. ഇവ തടയാൻ വിയർപ്പു തങ്ങിനിൽക്കാതിരിക്കുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. തണുത്ത വെള്ളത്തിൽ കുളിക്കണം. കട്ടി കൂടിയ ലോഷനുകൾ വേനൽക്കാലത്ത് ഉപയോഗിക്കരുത്. ശരീരത്തിൽ എണ്ണ തേക്കുന്ന ശീലമുള്ളവർ വേനൽക്കാലത്ത് എണ്ണയുടെ അളവു കുറയ്ക്കണം. എണ്ണയും കട്ടിയുള്ള മോയിസ്ച്യുറൈസറിങ് ലോഷനും രോമകൂപങ്ങൾ അടഞ്ഞുപോകാൻ കാരണമാകും.
ശരീരഭാഗങ്ങൾ കരുവാളിക്കാനും നിറം മാറാനും ചിലപ്പോൾ തൊലി പൊളിഞ്ഞുപോകാനും സാധ്യതയുണ്ട്. ശരീരത്തിൽ വെയിലേൽക്കാതിരിക്കാൻ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണം. കയ്യിലോ മറ്റു ശരീരഭാഗങ്ങളിലോ ചൊറിഞ്ഞുതടിച്ചു പൊട്ടുകയോ മറ്റു തരത്തിലുള്ള ഫംഗൽ ബാധയോ ഉണ്ടായാൽ ഡോക്ടറെ കണ്ടു മരുന്നു വാങ്ങണം. ശരീരത്തിന്റെ ഇടുക്കുകളിൽ വിയർപ്പ് അടിഞ്ഞുകൂടി ഫംഗൽബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നന്നായി വിയർത്താൽ വസ്ത്രം മാറുന്നതു ശീലമാക്കണം. പുഴുക്കടി, പൂപ്പൽബാധ എന്നീ ചർമരോഗങ്ങളും വേനൽക്കാലത്തുണ്ടാകാം. തലയിൽ താരനും കുരുക്കളും ഉണ്ടാകും. വൃത്തിശീലങ്ങളിൽ മാറ്റം വരുകത്തുകയാണ് ഇതിനു പരിഹാരം. മുഖക്കുരു കൂടാതിരിക്കാൻ ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകണം. വെയിൽക്കൊള്ളുന്നതു മുഖചർമത്തിന്റെ കട്ടികൂടാൻ കാരണമാകും. വേനൽക്കാല ചർമപരിചരണത്തിനു ധാരാളം വെള്ളം കുടിക്കുകയും വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം ശീലമാക്കും ചെയ്യുക. നെല്ലിക്ക, ഓറഞ്ച്, പേരയ്ക്ക എന്നിവയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുകയും നിറംമാറ്റം പോലുള്ള രോഗങ്ങൾ കുറയ്ക്കുകയും ചെയ്യും.
ഡോ. സൗമ്യ ജഗദീശൻ,
അസോഷ്യേറ്റ് പ്രഫസർ,
ഡിപ്പാർട്മെന്റ് ഓഫ് ഡെർമറ്റോളജി അമൃത ഹോസ്പിറ്റൽ