സ്പർശനം കൊണ്ട് രോഗം മാറുമോ?
മരുന്നു കൊണ്ടു മാത്രം രോഗം മാറുമോ? ഇൗ ചോദ്യത്തിനുത്തരം കണ്ടെത്തുക പ്രയാസമാണെങ്കിലും ചില നേരങ്ങളിൽ മരുന്നിനെക്കാളും രോഗിക്കു വേണ്ടത് ഡോക്ടറുടെ കരുതലോടെയുള്ള വാക്കുകളായിരിക്കും. തിരക്കേറിയ ഒപിയിൽ രോഗിയെ പരിശോധിക്കുകയെന്നത് മാരത്തൺ മൽസരം പോലെയാണ്. സാധാരണ ദിവസങ്ങളിൽ അഞ്ചു മണിക്കൂറിനുള്ളിൽ
മരുന്നു കൊണ്ടു മാത്രം രോഗം മാറുമോ? ഇൗ ചോദ്യത്തിനുത്തരം കണ്ടെത്തുക പ്രയാസമാണെങ്കിലും ചില നേരങ്ങളിൽ മരുന്നിനെക്കാളും രോഗിക്കു വേണ്ടത് ഡോക്ടറുടെ കരുതലോടെയുള്ള വാക്കുകളായിരിക്കും. തിരക്കേറിയ ഒപിയിൽ രോഗിയെ പരിശോധിക്കുകയെന്നത് മാരത്തൺ മൽസരം പോലെയാണ്. സാധാരണ ദിവസങ്ങളിൽ അഞ്ചു മണിക്കൂറിനുള്ളിൽ
മരുന്നു കൊണ്ടു മാത്രം രോഗം മാറുമോ? ഇൗ ചോദ്യത്തിനുത്തരം കണ്ടെത്തുക പ്രയാസമാണെങ്കിലും ചില നേരങ്ങളിൽ മരുന്നിനെക്കാളും രോഗിക്കു വേണ്ടത് ഡോക്ടറുടെ കരുതലോടെയുള്ള വാക്കുകളായിരിക്കും. തിരക്കേറിയ ഒപിയിൽ രോഗിയെ പരിശോധിക്കുകയെന്നത് മാരത്തൺ മൽസരം പോലെയാണ്. സാധാരണ ദിവസങ്ങളിൽ അഞ്ചു മണിക്കൂറിനുള്ളിൽ
മരുന്നു കൊണ്ടു മാത്രം രോഗം മാറുമോ? ഇൗ ചോദ്യത്തിനുത്തരം കണ്ടെത്തുക പ്രയാസമാണെങ്കിലും ചില നേരങ്ങളിൽ മരുന്നിനെക്കാളും രോഗിക്കു വേണ്ടത് ഡോക്ടറുടെ കരുതലോടെയുള്ള വാക്കുകളായിരിക്കും. തിരക്കേറിയ ഒപിയിൽ രോഗിയെ പരിശോധിക്കുകയെന്നത് മാരത്തൺ മൽസരം പോലെയാണ്. സാധാരണ ദിവസങ്ങളിൽ അഞ്ചു മണിക്കൂറിനുള്ളിൽ ഇരുനൂറ്റിയമ്പതോളം രോഗികളെ പരിശോധിച്ച് മരുന്നു കുറിക്കുകയെന്നത് അത്ര നിസാരമല്ല; അതും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ (പിഎച്ച്സി). മുൻപിലിരിക്കുന്ന രോഗിയെ വിശദമായി പരിശോധിച്ചു രോഗാവസ്ഥ കൃത്യമായി മനസ്സിലാക്കിയിട്ടു വേണമല്ലോ മരുന്നു കുറിക്കാൻ. ഏറിയാൻ മൂന്നു മിനിറ്റ് മാത്രം ലഭിക്കുമ്പോൾ ദീർഘമായ സംഭാഷണത്തിനെന്തു പ്രസക്തി?
രോഗവിവരം തിരക്കുന്നത് നീണ്ടു പോയാൽ പിന്നിൽ ഉൗഴം കാത്തു നിൽക്കുന്ന രോഗിയുടെ കറുത്ത മുഖമാവും കാണേണ്ടി വരിക. അന്നേ ദിവസം കാണുന്ന ആദ്യ വ്യക്തി എന്ന ഭാവത്തിൽ മുഖത്തു തെല്ലും ക്ഷീണം പ്രകടമാക്കാതെ കിട്ടുന്ന സമയം പരമാവധി രോഗിയെ കേൾക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ചിലർ ഒപി ചീട്ട് കൈയിലേക്കു നീട്ടി രോഗവിവരം ശ്വാസം വിടാതെ പറഞ്ഞിട്ട് ഞാൻ രക്ഷപ്പെടുമോ എന്ന ഭാവത്തിൽ നോക്കും. ചിലർ മൗനമായിരുന്നു ഡോക്ടറുടെ മുൻപിൽ അടുത്ത നിമിഷം തന്റെ ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച പോലെയിരിക്കും. ചിലർ ഡോക്ടർ പറയുന്ന ഓരോ വാക്കിനും കാതോർത്തിരിക്കും, രോഗാവസ്ഥയും മരുന്ന് എങ്ങനെ കഴിക്കണമെന്ന കാര്യവും കൃത്യമായി മനസ്സിലാക്കിപ്പോകും.
ഇനി ചിലരുണ്ട്, രോഗിയായി വന്നു നമ്മുടെ ഹൃദയത്തിലിടം നേടി പോകുന്നവർ. കാലമെത്ര കഴിഞ്ഞാലും നമ്മൾ ഒാർത്തിരിക്കും. അവർ പറയുന്ന വാക്കുകൾ നമുക്ക് പ്രചോദനം നൽകും. ചില രോഗികൾനന്ദി വാക്കു പറയുമ്പോൾ ഞാൻ ഖദീജുമ്മയെ ഒാർമിക്കും. കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഇളംമഞ്ഞ നിറമുള്ള മുറിയിൽ പർദയിട്ട് തലയിൽ നല്ല കടുംപച്ച കളറിൽ മിനുമിനാ മഫ്തയുമിട്ട് പുഞ്ചിരിച്ചു നിന്ന ഖദീജുമ്മ.
കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലിക്ക് എത്തിയ ആദ്യ ദിനങ്ങൾ തന്നെ തിരക്കുകളുടെതായിരുന്നു. പുതിയ സ്ഥലം, പുതിയ അന്തരീക്ഷം, പുതിയ സഹപ്രവർത്തകർ. തിരക്കുള്ള ഒപി കണ്ടാൽ പഞ്ചായത്തിലെ മുഴുവൻ പേരും രോഗികളാണോ എന്നു സംശയിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒറ്റയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന സംശയം മനസ്സിലുണ്ടായിരുന്നെങ്കിലും ടീം വർക്ക് കൊണ്ട് ഇന്ദ്രജാലം കാട്ടാമല്ലോ എന്ന ചിന്ത ആത്മവിശ്വാസം നൽകി. ആദ്യ ആഴ്ച തന്നെ സഹപ്രവർത്തകരുടെ പിന്തുണയോടെ ഒപി സമയം രോഗികൾക്കു വലിയ പരാതികളില്ലാതെ നടത്തി. ഒപി സമയം നീണ്ടു പോകുന്നതു പതിവായെങ്കിലും രോഗികളുടെ മുഖത്തെ ആശ്വാസം ഞങ്ങൾക്കു പ്രചോദനമായി.
അന്നു പതിവിലും തിരക്കുള്ള ദിവസമായിരുന്നു. രോഗി അടുത്തേക്കു വരുന്നതിനു മുൻപു തന്നെ ഒപി പുസ്തകത്തിലാവും ആദ്യം നമ്മുടെ കണ്ണെത്തുക. പേര് ഖദീജ. 65 വയസ്. ഒപി ചീട്ടിലെ വയസ്സ് തെറ്റിയതാവും എന്നാണ് എനിക്കു തോന്നിയത്. പ്രായം അത്രക്കൊന്നും തോന്നില്ല കണ്ടാൽ. അത്രയ്ക്ക് മുഖശ്രീയുണ്ട് ഖദീജയുമ്മയ്ക്ക്. ഉയരം കുറഞ്ഞ ശരീരപ്രകൃതി. 'എന്താ ഉമ്മാ അസുഖം' എന്ന എന്റെ ചോദ്യത്തിനു 'പുറം വേദനയാ ഓളെ' എന്നു പറഞ്ഞു മുഴുവൻ ആകുമ്പോഴേക്കും ഞാൻ മരുന്നു എഴുതി കഴിഞ്ഞിരുന്നു. ഇതു കഴിച്ചു മൂന്നു ദിവസം കഴിഞ്ഞു വരൂ എന്നു പറയാൻ തുടങ്ങുമ്പോളാണ് വളരെ യാദൃച്ഛികമായി ഞാൻ അവരുടെ മുഖത്തേക്കു നോക്കിയത്.
നിഷ്കളങ്കമായി എന്നെ നോക്കി ചിരിക്കുന്ന കണ്ണുകൾ. മനസ്സിലെ കുളിര് അവരുടെ കണ്ണുകളിൽ വായിച്ചെടുക്കാമായിരുന്നു. ഞാൻ അവരുടെ വേദന മാറ്റും എന്ന തികഞ്ഞ വിശ്വാസവും പ്രതീക്ഷയും. എന്താണെന്നറിയില്ല ആ തിരക്കുള്ള സമയത്തും ഖദീജുമ്മയോട് പെട്ടെന്നൊരു അടുപ്പം തോന്നി. എനിക്കെന്തോ വേദനയുടെ കാര്യം കൂടുതൽ ചോദിക്കാത്തതിൽ വളരെ വിഷമവും മനസ്സിൽ നിറഞ്ഞു. എന്നെ പുഞ്ചിരിയോടെ നോക്കുന്ന ഖദീജുമ്മയുടെ വലത്തെ ചുമലിൽ കൈ വെച്ചു ഞാൻ ചോദിച്ചു. 'എന്തു പറ്റി ഉമ്മാ...' ഞങ്ങളുടെ സംഭാഷണത്തിനു ജീവൻവയ്ക്കാൻ തുടങ്ങി. ഒപിയുടെ തിരക്കുകൾ ഞാൻ മറന്നു. മനസ്സു കൊണ്ട് മതിൽ കെട്ടി ഖദീജുമ്മയ്ക്ക് ചെവിയോർത്തു.
'ആരും ഇല്ലാ മോളെ. കുറെ കാലായി വേദന തുടങ്ങീട്ട്. ഒരുപാട് പേരെ കാണിച്ചു. ഒരിക്കൽ ആശുപത്രിയിൽ ഒരുപാടു നാൾ എല്ലു രോഗ വിഭാഗത്തിലും അഡ്മിറ്റ് ആയതാണ്; ന്നിട്ടും ഒരു ആക്കവും കിട്ടുന്നില്ല.' ഉമ്മയുടെ തോളിൽ വച്ച കൈ കുറച്ചു കൂടി ആത്മാർഥമായി ചേർത്തു പിടിച്ചു, പുറത്തു വേദന ഉള്ള സ്ഥലത്തു വെറുതെ ഒന്ന് തലോടി ഞാൻ പറഞ്ഞു 'ഒക്കെ ശരിയാകും ഉമ്മാ.. പടച്ചോൻ കാക്കും, ഇങ്ങക്ക് ഒരു കേടും ഇല്ല. മൂന്നു ദിവസം കഴിഞ്ഞ് ഒന്നു കാണിക്കണം. ഇങ്ങടെ എല്ലാ കേടും മാറിക്കിട്ടും. ഞങ്ങൾ ഒക്കെ എപ്പോളും ഇവിടെത്തന്നെയുണ്ട്. എന്തുണ്ടെങ്കിലും ഇങ്ങട് പോര്. ഉറപ്പല്ലേ വരില്ലേ’. അവരുടെ കണ്ണുകൾ വിടർന്നു. മനസ്സു ശാന്തമാകുന്നതു മുഖത്തു കാണാമായിരുന്നു. തിരക്കുള്ള സമയത്ത് അവർക്ക് വേണ്ടി രണ്ടു മിനിറ്റ് ഉപയോഗിച്ചതിന്റെ നന്ദിയും ആ കണ്ണുകളിൽനിന്നു വായിച്ചെടുത്തു. സന്തോഷത്തോടെ പോകുന്ന അവരെ ഒരു നിമിഷത്തിൽ കൂടുതൽ നോക്കി നിൽക്കാൻ കഴിഞ്ഞില്ല കാരണം അടുത്ത ആൾ ചുമയുമായി എത്തിക്കഴിഞ്ഞിരുന്നു. എന്തോ കുറച്ചു കൂടി പറയണം എന്ന് മനസ്സിൽ തോന്നിയെങ്കിലും,പറ്റിയില്ല.
പിന്നെ അവരെ ഞാൻ മറന്നു പോയിരുന്നു. കുറച്ചധികം ദിവസങ്ങൾക്കു ശേഷമാണ് അവരെ ഞാൻ വീണ്ടും ഒപിയിൽ കാണുന്നത്. ഒരുപാടു സന്തോഷത്തിലായിരുന്നു വരവ്. വന്നതും എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു കണ്ണിലേക്കു മുട്ടിച്ചു പറഞ്ഞു. 'ഡോക്ടർ കൊടുത്തു വിട്ട മരുന്ന് കഴിച്ചു. നല്ല ആക്കം ഉണ്ട് ട്ടോ' ഞാൻ കൊടുത്തു വിട്ട മരുന്നോ. എന്താ സംഭവം എന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. അന്നത്തെ ഒപി കഴിഞ്ഞ് ഒരു ദിവസം അവർ വരികയും ഞാൻ ലീവായതിനാൽ ഒരു പാരസെറ്റമോൾ ഗുളിക അവർക്ക് ലഭിക്കുകയും ചെയ്തിരുന്നു. അതു കഴിച്ച ശേഷം അവർക്ക് ഒരു ബുദ്ധിമുട്ടും ഇന്നുവരെ വന്നിട്ടേയില്ല. ഇതിനിടക്ക് യാദൃച്ഛികമായി ഇവരുടെ കാര്യം ഞാൻ അറിയുന്ന ഒരു വ്യക്തിയോടു പറയുകയും, അവർ ഉമ്മയുടെ സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തിരക്കില്ലാത്ത ഒരു ദിവസം നോക്കി സന്തോഷത്തോടെ അവർ കുറച്ചു നേരം എന്നോട് സംസാരിക്കാൻ വന്നതാണത്രേ.
അന്ന് അവർ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. വീട്ടിലെ അവസ്ഥയും മകനെയും മരുമകളെയും പേരക്കുട്ടികളെയും കുറിച്ചുമൊക്കെ. പതിനാലു വയസ്സിൽ ഉപ്പാന്റെ കൂടെ കൂടിയതാ, പക്ഷേ പതിനെട്ട് എത്തും മുൻപേ അങ്ങേര് ഒരു കുഞ്ഞിനെയും കൊടുത്ത് അവരെ വിട്ടു പോയതാണ്. പിന്നെ നിക്കാഹ് കഴിച്ചില്ല. ആവും പോലെ വീടുകളിൽ പണിയെടുത്തു വളർത്തി വലുതാക്കിയ ഒരു മകനാണ്. കയറിക്കിടക്കാൻ ഒരു കൂര ഉള്ളോണ്ടും കുറച്ചു പൈസ ബാങ്കിൽ ഉള്ളോണ്ടും ഇപ്പൊ അവര് ജീവിച്ചു പോകുന്നു. പേരക്കുട്ടികൾ വലുതാവും വരെ അവർ ഒന്നിച്ചാണ് താമസിച്ചത്. പിന്നെ ചെറുപ്പം മുതൽ ചൂടും ചോറും കൊടുത്തു വളർത്തിയ അവർക്ക് അച്ഛനമ്മമാരെക്കാൾ ഉമ്മൂമ്മയെ ഇഷ്ടമായത് ആർക്കും പിടിച്ചില്ല. ആ സ്വരചേർച്ചക്കുറവ് തൊട്ടടുത്തുതന്നെ ഉച്ചത്തിൽ കണക്ക് പറഞ്ഞു വാങ്ങിയ സ്ഥലത്ത് ഒരു വലിയ വീട് വച്ചു മകന്റെ മാറിയുള്ള താമസത്തിൽ എത്തിച്ചു.
"എന്ത് കണക്കു ഡോക്ടറെ, ഇത്രങ്ങാനും പോന്ന ഇവനെ കൈയിലിട്ടു തന്നപ്പോ എനിക്ക് വയസ്സ് പതിനാറ്. പിന്നെ അന്നും അങ്ങേര് എന്നെ ഇട്ടേച്ചു പോയപ്പോഴും പരാതി പറഞ്ഞില്ല, ഇപ്പൊ ഇവൻ പോയപ്പോഴും. പക്കേങ്കി ഓന്റെ ആ കുട്ട്യോൾ ഉണ്ടല്ലോ, അയറ്റീങ്ങളെ കാണാതെ ഉറക്കം വരൂല മോളേ..." ഇത്രയും പറഞ്ഞ് അവർ എന്റെ കയ്യും പിടിച്ചു പൊട്ടിക്കരഞ്ഞു. ഞാൻ വല്ലാണ്ടായി സത്യത്തിൽ. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോൾ ഖദീജുമ്മയും മകനും തമ്മിൽ വലിയ പിണക്കമൊന്നുമില്ലെന്നറിഞ്ഞു. മകൻ അമ്മയെ നോക്കാറുണ്ട്. ഇടയ്ക്കു ചെക്കപ്പ് നടത്തും. എപ്പോ വിളിച്ചാലും ഓടിയെത്തും. പക്ഷേ കുട്ടികളെ എല്ലാ കഷ്ടപ്പാടും സഹിച്ച് അവർ പത്ത് വയസ്സു വരെ നോക്കി വളർത്തിയിട്ടു കൂടി ഇപ്പോ ഉമ്മൂമ്മാന്റെ അടുത്തേക്ക് വിടാറില്ല. ഒരു നിമിഷത്തെ ദൗർബല്യത്തിനൊടുവിൽ ഉമ്മ ചിരിച്ചു കണ്ണീരു കളഞ്ഞ് എന്നോട് പറഞ്ഞു. 'പിന്നെ അവർക്കും ഒരു കുടുംബമൊക്കെ ഇല്ലേ അപ്പൊ ഇങ്ങനെ എനിക്ക് വയ്യാണ്ടായാൽ എന്താ ചെയ്യുക.'
അതായിരുന്നു അവരുടെ പ്രശ്നം. അവർ കൂടി അറിയാതെ ഇടയ്ക്കിടയ്ക്ക് വരുന്ന ആ പുറം വേദന അവരുടെ ഒറ്റപ്പെടലിന്റെ സൂചന തന്നെയായിരുന്നു. പടച്ചോൻ എന്നും ഒപ്പമുണ്ടെന്ന് അവരുടെ ചുമലിൽ പിടിച്ചു ഞാൻ പറഞ്ഞ വാക്കുകളും ഖദീജയുമ്മയ്ക്ക് വലിയ ആശ്വാസം നൽകി. പിന്നീട് കുറച്ചു കാലത്തിനു ശേഷം പൂർണമായി സുഖമായി ഖദീജുമ്മ എന്നെ വന്നു കണ്ടിരുന്നു. എന്നെക്കുറിച്ചും ഞങ്ങളുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെക്കുറിച്ചും പലരോടും പറഞ്ഞു. പലരും ഖദീജുമ്മയുടെ ശുപാർശയുമായി എത്തിയത് ഞങ്ങൾ നന്നായി ആസ്വദിച്ചു. മരുന്നിനെക്കാളും എന്റെ കുശലാന്വേഷണവും സ്നേഹത്തോടെയുള്ള തലോടലുമാണ് ഖദീജുമ്മയ്ക്ക് സൗഖ്യം നൽകിയതെന്നു വിശ്വസിക്കുന്നു. നമ്മൾ പകർന്നു നൽകുന്ന ധൈര്യവും കൂടെയുണ്ടെന്ന ഉറപ്പും രോഗിയ്ക്കു നൽകുന്ന ആശ്വാസം വളരെ വലുതാണ്. ഇപ്പോഴും പർദയും തലയിൽ മഫ്തയുമിട്ടു വരുന്ന ഉമ്മമാരെ കാണുമ്പോൾ ഖദീജുമ്മയെ ഞാനോർക്കും... ഇൗ ദുനിയാവിൽ എവിടെയായിരിക്കും എന്റെ ഖദീജുമ്മ?