വൃക്കരോഗികൾക്കും കാൻസർ ബാധിതർക്കും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ‘ടിക്കറ്റില്ലാ’ യാത്രയുടെ ആശ്വാസം പകരുന്ന ബസുണ്ട് തിരൂർ – മഞ്ചേരി റൂട്ടിൽ, പേര് ബർസാത്. പേരുപോലെ കാരുണ്യത്തിന്റെ മഴയിലൂടെയാണ് ബർസാത്തിന്റെ ഓട്ടം. ഏറെ യാത്രക്കാരുള്ള റൂട്ടിൽ ഇത്തരമൊരു സാഹസം നഷ്ടമല്ലേ എന്നു ചോദിച്ചാൽ ബസിന്റെ ഉടമ വൈലത്തൂർ സ്വദേശി സക്കീർ പറയും, ‘പണക്കാരൊക്കെ സ്വകാര്യ ആശുപത്രിയിലേക്കു വണ്ടിവിളിച്ചു പോകും. മെഡിക്കൽ കോളജിലേക്കു പോകുന്നത് സാധാരണക്കാരാണ്. മിക്കവരും ബസിൽ. ഞാനും അത്തരമൊരു സാധാരണക്കാരനാണ്’. 

ബർസാത്തിന്റെ ഡ്രൈവർ സീറ്റിനു പിന്നിൽ ഇങ്ങനെ കാണാം – ‘മഞ്ചേരി മെഡിക്കൽ കോളജിലേക്കു പോകുന്ന കാൻസർ രോഗികൾക്കും കിഡ്നി രോഗികൾക്കും ഈ ബസിൽ സൗജന്യയാത്ര’. സക്കീറിന്റെ മാതാവ് തിരുവനന്തപുരത്ത് മൂന്നുവർഷമായി ചികിത്സയിലാണ്. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്കു പുറമേ, യാത്രയുടെ ചെലവും കഷ്ടപ്പാടും നേരിട്ടറിയാമെന്ന് സക്കീർ. മഞ്ചേരി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആക്കിയ അന്നുതന്നെ ബർസാത്തിൽ സൗജന്യയാത്രയുടെ സ്റ്റിക്കർ പതിച്ചു. 

മെഡിക്കൽ കോളജിൽനിന്നു മടങ്ങുന്ന രോഗികളാണ് അവസാനട്രിപ്പിൽ അധികവും. തിരക്കുകൂട്ടാതെ അവർക്കുവേണ്ടി കാത്തുനിന്നാണ് ബസ് പുറപ്പെടുക. അഞ്ചോ ആറോ ദിവസങ്ങളിലെ വരുമാനം ചികിത്സാസഹായ നിധികൾക്കു നൽകുന്നു. താനൂർ ബിആർസിക്കു കീഴിലെ ഭിന്നശേഷി വിദ്യാർഥികൾക്കു കോഴിക്കോട്ടേക്ക് ഉല്ലാസയാത്രയ്ക്കു വാഹനം ലഭ്യമാക്കിയതും ബർസാത് ഗ്രൂപ്പാണ്.