പഴംതീനി വവ്വാലുകളെ പിടികൂടി; പരിശോധന തുടരും
നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായി പഴംതീനി വവ്വാലുകളുടെ കാഷ്ഠം ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ ശേഖരിച്ചു. നിപ്പരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ വടക്കേക്കരിയിലുള്ള വീടിന്റെ സമീപപ്രദേശങ്ങളിൽ നിന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വനം, വന്യജീവി വകുപ്പിലെയും ഉദ്യോഗസ്ഥരാണു'ഫ്രൂട്ട് ബാറ്റ്' എന്നറിയപ്പെടുന്ന വവ്വാലുകളെ കണ്ടെത്തിയത്.
എങ്കിലും, രോഗാണുവിന്റെ ഉറവിടം വടക്കേക്കര തന്നെയാണെന്ന് ഉറപ്പിച്ചിട്ടില്ല. വവ്വാലുകളെ കണ്ട സ്ഥലങ്ങളിൽ ഇവയെ പിടികൂടുന്നതിനായി വനംവകുപ്പ് വലവിരിച്ചിട്ടുണ്ട്. പിടികൂടിയ വവ്വാലുകളിൽ കൂടുതൽ പരിശോധന നടത്തും. തുരുത്തിപ്പുറത്തിനു സമീപമുള്ള മടപ്ലാതുരുത്ത് പള്ളിയുടെ കിഴക്കുഭാഗത്തും വാവക്കാട് രണ്ടിടങ്ങളിലുമാണ് പഴംതീനി വവ്വാലുകളുടെ സാനിധ്യം കണ്ടെത്തിയിട്ടുള്ളത്.
സമീപ പഞ്ചായത്തായ ചിറ്റാറ്റുകരയിലെ പട്ടണം പ്രദേശത്ത് ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ വിദഗ്ധരെത്തിയാണ് അവശിഷ്ടങ്ങൾ ശേഖരിച്ചത്. വടക്കേക്കര പ്രദേശത്ത് പൊതുപരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തി.