നിപ്പ; പരിശോധനാഫലം ഇനി 40 മിനിറ്റിൽ
നിപ്പ രോഗം സംശയിക്കുന്നവരുടെ സാംപിൾ പരിശോധാന ഇനി എറണാകുളം മെഡിക്കൽകോളജിൽത്തന്നെ നടത്തും. പരിശോധാനാ ഫലം 40 മിനിറ്റിനുള്ളിൽ ലഭ്യമാകും. നിപ്പ വൈറസ് പരിശോധന നടത്തുന്നതിനുള്ള പോയിന്റ് ഓഫ് കെയർ ലാബ് സൗകര്യം പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ (എൻഐവി) സഹായത്തോടെ കളമശ്ശേരിയിലുള്ള മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിൽ സജ്ജമാക്കി.
റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്‌ഷൻ (ആർടിപിസിആർ) എന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മെഷിനാണു സജ്ജമാക്കിയത്. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പുണെയിൽ നിന്നാണ് എത്തിച്ചത്.
പരിശോധനയ്ക്കായി സാംപിളുകൾ മെഡിക്കൽ ലാബുകളിലേക്ക് അയയ്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതാണ്' പോയിന്റ് ഓഫ് കെയർ' സംവിധാനം. രോഗിയെ എവിടെയാണോ പ്രവേശിപ്പിച്ചിട്ടുള്ളത് അവിടെ വച്ചുതന്നെ പരിശോധന നടത്തുകയെന്നതാണ് ഈ രീതി.