ഗർഭം ഒരു രോഗമല്ല, മറിച്ച് ശരീരത്തിന്റെ സ്വാഭാവികമായ മാറ്റമാണെന്നു പറയുമ്പോഴും കാത്തിരിക്കുന്നുണ്ടാകും പലവിധ ആരോഗ്യപ്രശ്നങ്ങൾ. ജീവിതശൈലീ രോഗങ്ങൾക്കൊപ്പം ശാരീരകവും മാനസികവുമായ അസ്വസ്ഥതകൾ വരെ ഈ കാലഘട്ടത്തിൽ വിരുന്നെത്താം. ഗര്‍ഭകാലത്തു സൂക്ഷിക്കേണ്ട രേഗങ്ങൾ ഏതൊക്കെയെന്നു നോക്കാം.

∙ അമിതവണ്ണം
ഏറ്റവും ഭീകരമായി വളർന്നുകൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗമാണ് അമിതവണ്ണം. ഇത് ഗർഭിണികളിൽ പലവിധത്തിൽ സങ്കീർണതകൾ ഉണ്ടാക്കാം. ഗർഭം അലസൽ, ഗർഭകാല പ്രമേഹവും രക്തസമ്മർദവും, കുഞ്ഞിനു വളർച്ചക്കൂടുതൽ, പ്രസവത്തിനു ബുദ്ധിമുട്ട്, സിസേറിയനു സാധ്യത ഇങ്ങനെ നീളുന്നു ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ. വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ശരീരഭാരം കൃത്യമാക്കിയ ശേഷം ഗർഭിണി ആകുന്നതാകും ഉചിതം. കൂടിയ അളവ് ആഹാരം കഴിക്കുന്നതിനു പകരം പോഷകസമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം.

∙ പിസിഒഎസ്
ഇപ്പോൾ കൂടുതൽ പേരിൽ കണ്ടുവരുന്ന ഒന്നാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം. സ്ത്രീശരീരത്തിലെ അണ്ഡാശയം പുരുഷ ഹോർമോണായ ആൻഡ്രോജൻ കൂടുതൽ അളവിൽ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥയാണിത്. ആർത്തവത്തിലെ ക്രമക്കേട്, അനിയന്ത്രിത രോമവളർച്ച, മുഖക്കുരു, ഓവറിയിൽ സിസ്റ്റ് എന്നിവയാണ് രോഗലക്ഷണങ്ങൾ. ഗർഭഛിദ്രം, അമിത രക്തസമ്മർദം, ഗർഭകാല പ്രമേഹം, മാസം തികയാതെയുള്ള പ്രസവം എന്നിവ സംഭവിക്കാം.

∙ ജസ്റ്റേഷണൽ ഡയബറ്റിസ്
ഗർഭാവസ്ഥയിൽ മറുപിള്ള ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാം. അതിനാൽ ഗർഭിണികൾക്ക് ആറാം മാസം പ്രമേഹ പരിശോധന നിർദ്ദേശിക്കാറുണ്ട്. പ്രമേഹനില കൂടുതലുള്ളവർക്കു കുഞ്ഞിനു വളർച്ചക്കൂടുതൽ, പ്രസവത്തിനു ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കും സാധ്യത കൂടുതലാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾകൊണ്ട് ഒരുപരിധി വരെ പ്രമേഹം നിയന്ത്രിക്കാം. 

∙ മൂത്രാശയ അണുബാധ
ഗർഭാവസ്ഥയിലെ ഹോർമോണുകളുടെ വ്യത്യാസം കൊണ്ട് മൂത്രാശയത്തിൽ പല മാറ്റങ്ങളുണ്ടാകുന്നു. അതിനാൽ ഗർഭാവസ്ഥയിൽ അണുബാധയ്ക്കു സാധ്യത കൂടുതലാണ്. മൂത്രശങ്ക വന്നാലും മൂത്രം പിടിച്ചു വയ്ക്കുന്നവരിലും ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ടോർത്ത് വെള്ളംകുടി കുറയ്ക്കുന്നവരിലും അണുബാധാ സാധ്യത ഉണ്ടാകാം. ഗര്‍ഭകാലത്തു രോഗപ്രതിരോധശക്തി കുറവായതിനാൽ അണുബാധ വൃക്കകളെ ബാധിക്കാനും പിന്നീട് രക്തത്തിൽ കലർന്ന് എല്ലാ അവയവങ്ങളെയും ബാധിക്കാനും സാധ്യതയുണ്ട്. ഗർഭം അലസൽ, കുഞ്ഞിനു തൂക്കക്കുറവ്, മാസം തികയുന്നതിനു മുൻപ് പ്രസവം എന്നിവയ്ക്കുള്ള സാധ്യതയും ഇത്തരക്കാരിലുണ്ട്. 

∙ മാനസികസമ്മർദം
മാനസികസമ്മർദം അനുഭവിക്കുന്ന ഗർഭിണികളുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. ഗർഭകാലപ്രശ്നങ്ങൾക്കും കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കൾക്കുമിടയിൽ ജോലിസ്ഥലത്തെയോ വീട്ടിലെയോ പിരിമുറുക്കം കൂടിയാകുമ്പോൾ സമ്മര്‍ദം കൂടും. നല്ല ചിന്തകൾ, മനസ്സിന് ഉത്സാഹം നൽകുന്ന ചെറിയ യാത്രകൾ, വായന, സംഗീതം, പ്രാർഥന, യോഗ ഇവയെല്ലാം പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

∙ രക്തക്കുറവ്
ഗർഭിണികളിൽ ഏറ്റവും കൂടുതൽ കാണുന്നത് അയണിന്റെ കുറവാണ്. ഗർഭാവസ്ഥയിൽ ശരീരത്തിൽ ഇരുമ്പിന്റെ ആവശ്യമുണ്ട്. അതിനാലാണ് മൂന്നാംമാസം മുതൽ അയൺ ഗുളിക കഴിക്കാൻ നൽകുന്നത്. ഭക്ഷണത്തിൽ ഇലക്കറികൾ, മാതളനാരങ്ങ, പഴങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തുക.

∙ രക്താതി സമ്മർദം
പൊണ്ണത്തടിയുള്ളവർക്കു ബിപി സാധ്യത കൂടുതലാണ്. ഉറക്കകുറവും ബിപി കൂട്ടാം. ഒപ്പം ഉപ്പിന്റെ ഉപയോഗവും കുറയ്ക്കണം.