അമീബിക് മെനിഞ്ചൈറ്റിസിനെതിരെ കരുതലെടുക്കാം
അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ് എന്ന് മുഴുവൻ പേര്. മെനിഞ്ചൈറ്റിസ് (മസ്തിഷ്കജ്വരം), എൻസഫലൈറ്റിസ് (മസ്തിഷ്കവീക്കം) എന്നിവയുണ്ടാക്കുന്നതിനാലാണ് മെനിഞ്ചോഎൻസഫലൈറ്റിസ് എന്ന് വിളിക്കുന്നത്. നീഗ്ലേറിയ ഫൗളേറി അമീബ തലച്ചോറിനെയും തലച്ചോറിന്റെ ആവരണങ്ങളെയും (മെനിഞ്ചസ്) ബാധിച്ചാലുണ്ടാകുന്ന അസുഖം. തലച്ചോറിനെയും നാഡീവ്യൂഹത്തെയും ആക്രമിക്കുന്നതിനാൽ ‘തലച്ചോർ തിന്നുന്ന അമീബ’ എന്ന വിശേഷണം നീഗ്ലേറിയ ഫൗളേറിക്കുണ്ട്.
അമീബ വരുന്ന വഴി
∙ വലിയ ആഴമില്ലാത്തതും ശരിയായി പരിപാലിക്കാത്തതുമായ ജലാശയങ്ങൾ, നീന്തൽക്കുളങ്ങൾ, ഹോട്ട് ടബ്ബുകൾ, സ്പാ എന്നിവയിലാണ് സാധാരണയായി ഇത്തരം അമീബകളുടെ സാന്നിധ്യമുണ്ടാവുക. മുകൾപ്പരപ്പിൽ ഇളംചൂടുള്ള ജലാശയങ്ങളിലും ചൂടുകാലാവസ്ഥയിലും സാധ്യത കൂടും. ശരിയായി ശുദ്ധീകരിക്കാത്ത വാട്ടർ ഹീറ്ററിൽനിന്നുള്ള വെള്ളത്തിലും സാന്നിധ്യമുണ്ടാകാം. ഉപ്പുവെള്ളത്തിൽ കാണാറില്ല. സാധാരണ കാണാറുള്ള അമീബയാണെങ്കിലും രോഗാവസ്ഥയുണ്ടാക്കുന്നത് അപൂർവമാണ്.
രോഗം പകരുന്നത്
∙ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരില്ല. ജലത്തിലൂടെ മൂക്ക് വഴിയാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്. വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ മൂക്ക് വഴി തലച്ചോറിലും മെനിഞ്ചസിലുമെത്തുന്നു. ചെടിനനയ്ക്കുകയും മറ്റും ചെയ്യുന്ന ഹോസ് ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ജലം മുഖത്തേക്കു ചീറ്റിക്കുന്നതു വഴിയും വരാം. യുവാക്കളെയും കുട്ടികളെയും കൂടുതൽ ബാധിക്കുന്നതിനാലും ഗുരുതരാവസ്ഥയുണ്ടാക്കുന്നതിനാലും അതീവഗൗരവത്തോടെയാണ് ഈ രോഗത്തെ ആരോഗ്യപ്രവർത്തകർ കാണുന്നത്. മരണസാധ്യത വളരെക്കൂടുതൽ.
എങ്ങനെ കണ്ടെത്താം
∙ കടുത്ത പനിയും തലവേദനയുമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം. നട്ടെല്ലിനെയും തലച്ചോറിനെയും പൊതിഞ്ഞുനിൽക്കുന്ന സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്) പരിശോധിക്കുന്നതിലൂടെ രോഗം കണ്ടെത്താം. മൈക്രോസ്കോപിലൂടെ നോക്കിയാൽത്തന്നെ അമീബയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയും.
കാലപരിധി, ചികിത്സ
∙ രോഗാണു ശരീരത്തിൽ പ്രവേശിച്ച് 3–7 ദിവസം കൊണ്ട് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. രോഗത്തിന് പ്രത്യേകചികിത്സയില്ല. അതിവേഗം പരിശോധനകൾ പൂർത്തിയാക്കി ലക്ഷണങ്ങൾക്കുള്ള ചികിത്സ തുടങ്ങണം. വൈകുംതോറും രക്ഷപ്പെടാനുള്ള സാധ്യത കുറയും.
വരാതെ നോക്കാം
∙ നീന്തൽക്കുളങ്ങളും ജലാശയങ്ങളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക, ക്ലോറിനേറ്റ് ചെയ്യുക.
∙ സുരക്ഷിതമല്ലാത്ത ജലാശയങ്ങളിൽ, പ്രത്യേകിച്ചും ഇളംചൂടുള്ളിടങ്ങളിൽ ചാടുന്നതും നീന്തുന്നതും ഒഴിവാക്കുക.
∙ സുരക്ഷിതമല്ലാത്ത വെള്ളത്തിൽ നസ്യം പോലുള്ളവ ചെയ്യുകയോ തല മുക്കിവച്ച് മുഖം കഴുകുകയോ അരുത്.
∙ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.