ടിവി കണ്ടിരുന്ന് ഉറങ്ങുന്ന സ്വഭാവമുള്ള ആളാണോ നിങ്ങള്‍ ? എങ്കില്‍ വണ്ണം കൂടുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണം. ബെഡ്റൂമിലെ കൃത്രിമവെളിച്ചവും ഉറക്കവും ഭാരം വര്‍ധിപ്പിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ജാമ ഇന്റര്‍നാഷനല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

35-74വയസ്സിനിടയില്‍ പ്രായമുള്ള 43,733 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ റൂമിലെ വെളിച്ചവും ഉറക്കവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തി. വെളിച്ചം ഇല്ലാത്ത അവസ്ഥ, റൂമിനുള്ളില്‍ ചെറിയ വെളിച്ചം ഉള്ള അവസ്ഥ, മുറിക്കു പുറത്തുള്ള വെളിച്ചം, ടിവിയില്‍ നിന്നോ മുറിക്കുള്ളിലെ ലൈറ്റില്‍ നിന്നോ ഉള്ള വെളിച്ചം. ഇങ്ങനെ ഒരു മുറിയിലെ വെളിച്ചത്തെ നാലായി തരംതിരിച്ചിട്ടുണ്ട് . എന്നാല്‍ ഇവിടെ ടിവിയുടെ വെളിച്ചത്തില്‍ ഉറങ്ങുന്ന സ്ത്രീകളെ പഠിച്ചതില്‍ നിന്ന് അവരില്‍ 17% ആളുകള്‍ക്കും അഞ്ചു കിലോ വരെ ഭാരം വര്‍ധിച്ചതായി കണ്ടെത്തി. ഇതില്‍ 22% ആളുകള്‍ക്ക് അമിതവണ്ണമുണ്ടായി. 33% ആളുകള്‍ക്ക് ഒബീസിറ്റിതന്നെ ഉണ്ടായി. 

ടിവിയുടെ വെളിച്ചത്തില്‍ ഉറങ്ങുമ്പോള്‍ ഒരിക്കലും ഡീപ്പ് സ്‌ലീപ്‌ ലഭിക്കുന്നില്ല ചിലപ്പോള്‍ നല്ല ഉറക്കം ലഭിക്കാതെ വെറും മയക്കത്തില്‍ ഒതുങ്ങുന്നു. ഇതാണ് ഭാരം വര്‍ധിപ്പിക്കുന്നത്. അപ്പറ്റൈറ്റ് ഹോര്‍മോണുകള്‍ തകരാറില്‍ ആകുന്നതാണ് ഇതിനു പിന്നിലെ കാരണം. 

അതുകൊണ്ടുതന്നെ ലൈറ്റ് ഇട്ടുകൊണ്ടുള്ള ഉറക്കം അത് ഏതു തരം ലൈറ്റ് ആയാലും നല്ലതല്ല എന്ന് ഈ പഠനത്തിനു നേതൃത്വം നല്‍കിയ യോൻഗ് മൂണ്‍ പാര്‍ക്ക് പറയുന്നു. ടിവി മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍സ്, ടാബ്‌ലറ്റ്സ് , ഇ റീഡര്‍സ് എന്നിവയും ബെഡ്റൂമില്‍ നിന്നു പുറത്തുകടത്തേണ്ട വസ്തുക്കളാണെന്ന് അദ്ദേഹം പറയുന്നു.