ശുദ്ധജലത്തിന്റെ അഭാവമാണ് ഇന്ന് പല ഇന്ത്യൻ ഗ്രാമങ്ങളും നേരിടുന്ന പ്രധാന പ്രശ്നം. പലയിടത്തും കുടിവെള്ളമില്ല. കുഴൽകിണറൊക്കെ കുഴിച്ച് വെള്ളം ലഭ്യമാക്കിയ ഇടങ്ങളിലാവട്ടെ, വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഉറപ്പുമില്ല. ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ് (ടിഡിഎസ്) തോത്, പിഎച്ച് ലെവൽ എന്നിങ്ങനെ വെള്ളത്തിന്റെ ശുദ്ധി അറിയാൻ പല വഴിയുമുണ്ടെങ്കിലും അതൊക്കെ പലപ്പോഴും നഗരങ്ങളിലെ പാവപ്പെട്ടവർക്കു പോലും അപ്രാപ്യമാണ്. അപ്പോൾപ്പിന്നെ കോടിക്കണക്കിനു വരുന്ന ഗ്രാമീണരുടെ കാര്യം പറയാനുണ്ടോ. ഈ അവസ്ഥയ്ക്കൊരു പരിഹാരമായാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്നത്.

കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കമ്പനി ദത്തെടുത്ത ഗ്രാമങ്ങളിലാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച ഗുണനിലവാരം പുലർത്തുന്നതും അവശ്യ ധാതുക്കൾ നഷ്ടപ്പെടാത്തതുമായ ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്നത്. മാരുതിയുടെ സാമൂഹിക വികസന സംരംഭങ്ങളുടെ ഭാഗമായി ഇത്തരത്തിൽ സ്ഥാപിച്ച ഏറ്റവും പുതിയ വാട്ടർ എടിഎം ഗുജറാത്തിലെ സുരേന്ദ്ര നഗർ ജില്ലയിലുള്ള നവിയാനി ഗ്രാമത്തിൽ ആരംഭിച്ചു. 2800 ഓളം ഗ്രാമീണർക്ക് ഈ വാട്ടർ എടിഎമ്മിന്റെ പ്രയോജനം ലഭിക്കും. ലിറ്ററിന് 35 പൈസയെന്ന തുച്ഛമായ നിരക്കിലാണ് ശുദ്ധജലം ലഭ്യമാക്കുക.

സ്വാശ്രയ - വികസന മാതൃകയിൽ ആരംഭിച്ച ഈ സംവിധാനത്തിന് മണിക്കൂറിൽ 1000 ലീറ്റർ ശുദ്ധജലം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം പ്രദർശിപ്പിക്കുന്നതിനുള്ള ഡിസ്പ്ലേ സ്ക്രീനോടു കൂടിയ ഈ വാട്ടർ എടിഎം ഗുണനിലവാര മാനദണ്ഡങ്ങൾ 100 ശതമാനവും പാലിക്കുന്നതാണ്. കുടിക്കുന്ന വെള്ളത്തിന്റെ ടിഡിഎസ് തോതും പി എച്ച് ലെവലും താപനിലയുമെല്ലാം ഉപഭോക്താക്കൾക്ക് ഇവിടെ നേരിട്ടുകണ്ട് ബോധ്യപ്പെടാം.

മാരുതി സുസുക്കി  ദത്തെടുത്ത ഗ്രാമങ്ങളിലെ ഒരു പ്രധാന പ്രശ്നമായി കുടിവെള്ള ക്ഷാമം കണ്ടെത്തിയിട്ടുണ്ടെന്ന്, വാട്ടർ എടിഎം ഗ്രാമീണ സമൂഹത്തിനു സമർപ്പിച്ചു കൊണ്ട് കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി എക്സിക്യൂട്ടീവ് അഡ്വൈസർ എ.കെ. തോമർ പറഞ്ഞു. ‘നവിയാനി ഗ്രാമത്തിൽ കുഴൽക്കിണർ വെള്ളത്തിന്റെ ടിഡിഎസ്  2000 വരെ ഉയർന്ന തോതിലായിരുന്നതിനാൽ അത് മനുഷ്യ ഉപയോഗത്തിനു സുരക്ഷിതമായിരുന്നില്ല. വാട്ടർ എടിഎമ്മിൽ ഉപയോഗിച്ചിരിക്കുന്ന 10 ഘട്ടങ്ങളിലായുള്ള യുവി ഫിൽറ്ററേഷൻ പ്രക്രിയ വഴി ഈ തോത് 90 % കുറച്ച്, വെള്ളം ഉപയോഗിക്കാവുന്ന തരത്തിലാക്കിയിട്ടുണ്ട്’ – അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾ കൊണ്ട് ജനങ്ങൾക്ക് ഗുണഫലങ്ങളുണ്ടാകുന്നത് സംതൃപ്തി നൽകുന്നുവെന്നും ജലം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പൊതു സാമൂഹിക സൗകര്യങ്ങളുടെ നിർമാണം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളിലൂടെ, ദത്തെടുത്ത ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാട്ടർ എടിഎം സ്ഥാപിക്കുന്നതിൽ പിന്തുണച്ച പഞ്ചായത്തംഗങ്ങൾക്കും ഗ്രാമ സമൂഹത്തിനും പങ്കാളിത്ത ഏജൻസികൾക്കും തോമർ നന്ദി പറഞ്ഞു.

വാട്ടർലൈഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ്  മാരുതി സുസുക്കി  വാട്ടർ എ ടി എം സ്ഥാപിച്ചത്. പ്രാരംഭ പദ്ധതിച്ചെലവായ 20 ലക്ഷം രൂപയിലധികം തുക കമ്പനി നിക്ഷേപിച്ചപ്പോൾ ഗ്രാമ പഞ്ചായത്ത് സ്ഥലവും വെള്ളവും വൈദ്യുതിയും ലഭ്യമാക്കി. അടുത്ത 10 വർഷത്തേക്ക് വാട്ടർ എടിഎമ്മിന്റെ പ്രവർത്തനവും അറ്റകുറ്റപ്പണികളുമെല്ലാം വാട്ടർലൈഫ് ഇന്ത്യ തന്നെ നോക്കി നടത്തും. ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാകും ഈ സംവിധാനം.

സാമൂഹിക വികസന സംരംഭങ്ങളുടെ ഭാഗമായി 2016 ജൂലൈയിലാണ് മാരുതി സുസുകി കമ്യൂണിറ്റി സേഫ് ഡ്രിങ്കിങ് വാട്ടർ പ്രോജക്ട് ആരംഭിച്ചത്. എല്ലാവർക്കും ശുദ്ധജലവും ശുചിത്വവും ലഭ്യമാക്കുകയെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ആറാമത് സുസ്ഥിര വികസന ലക്ഷ്യത്തെയാണ്  ഇതിലൂടെ  മാരുതി സുസുക്കി പിന്തുണയ്ക്കുന്നത്. ഹരിയാനയിലെയും ഗുജറാത്തിലെയും 20 ദത്തെടുത്ത ഗ്രാമങ്ങളിലായി 21 വാട്ടർ  എടിഎമ്മുകൾ സ്ഥാപിക്കുക വഴി 10,000ൽ അധികം കുടുംബങ്ങൾക്കാണ് കമ്പനി ശുദ്ധജലം ലഭ്യമാക്കിയത്.       

മാരുതി സുസുക്കിയുടെ ഗ്രാമവികസന പദ്ധതിയെക്കുറിച്ച്
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളുടെ മൂന്നു സ്തംഭങ്ങളിൽ ഒന്നാണ് സാമൂഹിക വികസനം. റോഡ് സുരക്ഷയും നൈപുണ്യ വികസനവുമാണ് മറ്റു രണ്ടെണ്ണം.

തങ്ങളുടെ നിർമാണ യൂണിറ്റുകളുടെ ചുറ്റുവട്ടത്തു താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരത്തിൽ സമഗ്ര പുരോഗതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാരുതി സുസുക്കി ഗുജറാത്തിലെയും ഹരിയാനയിലെയും 26 ഗ്രാമങ്ങൾ ദത്തെടുത്തത്. മാരുതി സുസുക്കിയുടെ നേരിട്ടുള്ള മേൽനോട്ടം ഉറപ്പു വരുത്തിക്കൊണ്ട് സാമൂഹിക വികസന രംഗത്തു നടത്തുന്ന ഇടപെടലുകൾ  ഇവിടങ്ങളിൽ ശുദ്ധജലം ലഭ്യമാക്കാനും ശുചിത്വം മെച്ചപ്പെടുത്താനും വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കാരണമായിട്ടുണ്ട്.

സാമൂഹിക വികസന സംരംഭങ്ങൾ വ്യാപിപ്പിച്ച് കൊണ്ട് മാരുതി സുസുക്കി അടുത്തിടെ ഗുജറാത്തിലെ സീതാപൂരിൽ 100 കിടക്കകളുള്ള ഒരു ആശുപത്രിക്കും സ്കൂളിനും ശിലാസ്ഥാപനം നടത്തിയിരുന്നു. സീതാപൂർ ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും മൂന്നു ലക്ഷത്തിലധികം പേർക്ക് ഗുണപ്രദമായ ഈ രണ്ട് പദ്ധതികൾക്കുമായി 125 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT