ഒന്നാമത്തെ അധ്യായത്തിൽ പറഞ്ഞിരുന്നല്ലോ വെട്ടൂർ വൈദ്യരുടെ ചികിൽസ.  വൈദ്യരുടെ ആ ചികിത്സയിൽ കഴിയുന്ന കാലത്ത് കോഴി മരുന്നു സേവിക്കുമ്പോൾ അനുഭവിച്ച ചൊറിച്ചൽ പിന്നെ കോഴിമരുന്നു സേവിക്കാതെയും വന്നു. അതു വലിയൊരു തിരിച്ചറിവിലേക്ക് വാതിൽ തുറക്കലായിരുന്നു. അലർജിയുടെ തിരിച്ചറിവ്. 

കോഴിമരുന്നു സേവക്കാലം കഴിഞ്ഞ് അധികമാകും മുൻപ് എനിക്ക് തിരുവനന്തപുരം പ്രസ് ക്ലബിന്റെ നടത്തിപ്പിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ പിജി ഡിപ്ലോമ കോഴ്സിന് പ്രവേശനം കിട്ടി. തിരുവനന്തപുരത്തു താമസിക്കാൻ ഒരു സ്ഥലം വേണമല്ലോ. വെയ്റ്റ് ലിസ്റ്റിൽ നിന്നാണ് ഞാൻ കയറിക്കൂടിയത് എന്നതിനാൽ അവസാന നിമിഷമായിരുന്നു വിളി. കോഴ്സിനു ചേർന്നപാടേ ചെന്നുകൂടാൻ പറ്റിയത് നാലാഞ്ചിറയിലുള്ള കസിൻ കുഞ്ഞുമോളമ്മാമ്മയുടെ വീട്ടിലാണ്. അവർ ഉടൻ ഗൾഫിലേക്കു തിരികെപ്പോകും അതിനു മുൻപ് വേറെ ഒരു താമസസ്ഥലം സംഘടിപ്പിക്കാനുള്ള എന്റെ ശ്രമം വിജയിക്കാതായപ്പോൾ ഒരു ദിവസം രാവിലെ, ബിഎസ്‌സിക്കു പത്തനംതിട്ട കാതോലിക്കേറ്റിൽ കൂടെപ്പഠിച്ച ശ്രീകുമാർ തങ്ങുന്ന ബേക്കറി ജംക‍്ഷനിലെ ശങ്കരസദനത്തിലേക്ക് ഗേറ്റ് ക്രാഷ് ചെയ്തു. 

‘‘ എനിക്കുംകൂടി സ്ഥലം വേണം ഇവിടെ.’’

ശ്രീകുമാറിന്റെ കൂടെ മൂന്നാളുകൂടിയുണ്ട്. ചില കുശുകുശുപ്പുകൾ. ജീവി എന്നു പിന്നെ എല്ലാവരും വിളിച്ച ജോർജ് വർഗീസ് ‘ഓരോ തെണ്ടി കേറിവന്നോളും’ എന്ന മട്ടിൽ വിമർശന ദൃഷ്ടിയോടെ എന്നെ നോക്കി. പക്ഷേ ഒരാൾ കൂടി എത്തുമ്പോഴുള്ള വാടകക്കുറവിൽ ശ്രീകുമാർ അവനെയും വീഴ്ത്തി. അന്ന് ഈവനിങ് ക്ലാസ് കഴിഞ്ഞ് ഞാൻ ചെന്നു ശ്രീകുമാറിന്റെ കട്ടിലിന്റെ പാതി ഭാഗം കയ്യടക്കി അവിടുത്തെ അന്തേവാസിയായി. അവന്റെ കട്ടിൽ നാട്ടിൽ നിന്നെത്തിച്ച വലിയ തടിക്കട്ടിലാണ്. മറ്റുള്ളവർക്കെല്ലാം പ്ലാസ്റ്റിക് പീത്ത വരിഞ്ഞ ഇരുമ്പുകുഴൽക്കട്ടിൽ. അടുത്ത ദിവസം ഞാനും ഒരു പീത്തക്കട്ടിൽ വാങ്ങി. ഇടമുള്ള ഒരിടത്ത് അതു നിവർത്തിയിട്ടു. തലയ്ക്കൽ ഒരു അയയും കെട്ടി.

ശങ്കരസദനം ഞങ്ങൾ താമസക്കാരുടെ സഖാക്കൾക്കിടയിൽ എരുമക്കുഴി എന്നാണറിയപ്പെട്ടത്. ഒരു പഴയ വീടാണ്. ഉടമസ്ഥ ഭവനക്കാർ തറവാട്ടിലെ വീതംവയ്പു കഴിഞ്ഞപ്പോൾ, നഗരത്തിനു പുറത്തേക്കു കെട്ടിച്ചുവിട്ട രണ്ടു പെൺമക്കളുടെ വീതമായി ശങ്കരസദനവും വളപ്പും. വീട് ഒരാൾക്കും ചേർന്നുള്ള ചാർത്തും തൊഴുത്തും മറ്റേയാൾക്കും എന്ന മട്ടിലാണ് അതിന്റെ വിഭജനപ്രക്രിയ നടന്നിട്ടുള്ളത് എന്നാണ് ഞങ്ങൾക്കു മനസ്സിലായത്. മറ്റു മക്കളും തറവാട്ടിലെ അമ്മയും അടുത്തു വേറെ വീടു വച്ചിട്ടുണ്ട്. അവരുടെ എരുമകളും കന്നുകാലികളുമാണ് തൊഴുത്തിൽ. അടുത്തുള്ള ചാർത്തിൽ ശശിയണ്ണൻ താമസിക്കുന്നു. ശശിയണ്ണൻ അമ്മയുടെ മൂത്ത മകനാണ്. എന്നു വച്ചാൽ ‍ഞങ്ങളുടെ വീട്ടുടമസ്ഥരുടെ ആങ്ങള. റിട്ടയേർഡ് സിആർപിഎഫ്. അവിവാഹിതൻ. ഒറ്റാന്തടി. നാൽപതിനു മേലേ പ്രായം.

വല്ലാതെ എരുമച്ചാണകത്തിന്റെ നാറ്റമുണ്ടല്ലോ ഇവിടെ എന്ന് ശങ്കരസദനത്തിൽ ഞാൻ ചെല്ലുന്ന കാലം എനിക്കൊരു തോന്നൽ ഉണ്ടായിരുന്നു. ശ്രീകുമാറിനോടു സൂചിപ്പിച്ചപ്പോൾ അവൻ പറഞ്ഞു: ഞങ്ങൾ വന്ന സമയത്ത് വല്ലാതെ ഉണ്ടായിരുന്നു. ഇപ്പോ കുറവാ.

പിന്നെ കുറെ കഴിഞ്ഞപ്പോൾ എന്നെക്കാണാൻ വരുന്ന സുഹൃത്തുക്കൾ എരുമച്ചാണകത്തിന്റെ മണം പറയുമ്പോൾ ഞാനും പറയും: ഹ, ഞാനിവിടെ വന്ന സമയത്തായിരുന്നു വല്ലാത്ത വാട. ഇപ്പോ കുറഞ്ഞു. 

തുടർച്ചയായി വന്നുകൊണ്ടിരുന്ന സുഹൃത്തുക്കളൾക്കും പിന്നെ ചാണകമണം കുറഞ്ഞുവന്നു. ഞങ്ങൾ താമസക്കാർക്ക് തീരെ ഇല്ലാതായി. 

എരുമകൾ അപ്പോഴും അവിടെ സുഖമായി വസിക്കുകയും സുഖമായി ചാണകമിടുകയും ചെയ്തുകൊണ്ടിരുന്നു! 

കാലക്രമത്തിൽ ശശിയണ്ണനും ഞങ്ങളും സുഹൃത്തുകളായതു സ്വാഭാവികം. അണ്ണൻ ഞങ്ങളുടെ അടുത്തുവന്നു പത്രങ്ങൾ വായിക്കും. ഓരോ വാർത്തയ്ക്കും കമന്റു പറയും. ചിരിക്കും. പട്ടാളസേവനകാലത്തെ വീരസ്യങ്ങൾ പറയും. 

ഒരിക്കൽ അണ്ണന്റെ പിറന്നാൾ വന്നു. അന്ന് അണ്ണൻ ഞങ്ങൾക്കു ചെലവു ചെയ്തതിനൊപ്പം അദ്ദേഹത്തിന്റെ മിലിറ്ററി ‘ക്വോട്ട’യിൽ നിന്നും ലേശം ഞങ്ങൾക്കു സ്നേഹപൂർവം പങ്കുവച്ചു. ‘‘എന്റുടി സ്നേഗമുണ്ടെങ്കി ഇദു കഴിക്കണം’’ എന്നാണ് തിരുവനന്തപുരം ഭാഷയിൽ നിര്‍ബന്ധം. മടിച്ചും പിന്നെ മടിക്കാതെയും ഞങ്ങൾ ഒന്നും രണ്ടും സാംപിളുമൊക്കായായി കഴിച്ചു നോക്കി. അണ്ണനു സങ്കടം വരരുതല്ലോ. ഞാനും ഒന്നു കഴിച്ചു.

അധികം കഴിഞ്ഞില്ല. പഴയ ചൊറിച്ചിൽ. വെട്ടൂർ വൈദ്യന്റെ ചികിൽസയിൽ ദുഷ്ട് പുറത്തു വരുന്ന അതേ ഇനം. ചൊറിച്ചിൽ കനത്തപ്പോൾ ഞാൻ വെള്ളം തിളപ്പിച്ചു ദേഹത്തൊഴിച്ചു. ശ്രീകുമാറിനോട് പണ്ട് ചൊറിച്ചിൽ വന്ന കഥ പറഞ്ഞു. ചർച്ചയ്ക്കൊടുവിൽ ഞങ്ങൾ ഒരു നിഗമനത്തിലെത്തി. ആൽക്കഹോളിന്റെ അലർജിയാണ്.  

– എന്നാലും ഉറപ്പിക്കേണ്ടേ?

രണ്ടുദിവസം വേണ്ടിവന്നു ചൊറിച്ചിൽ പൂർണമായി മാറിക്കിട്ടാൻ. പിന്നെയും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ശ്രീകുമാർ പറഞ്ഞു. 

‘‘ഒന്നുകൂടി ടെസ്റ്റ് ചെയ്യാം’’.

ഞങ്ങൾ ഒരു ക്വാർട്ടർ ഒപ്പിച്ചു. ഏതോ അവധി ദിവസമാണ്. രാവിലെ ഞാൻ ഒരെണ്ണമെടുത്തു. അരമണിക്കൂറിനകം ദുഷ്ട് പുറത്തു ചാടി. ചൊറിച്ചിലോടു ചൊറിച്ചിൽ.

അലർജി തന്നെ. 

‘‘എന്തു ചെയ്യും?’’

‘‘പോയി ഡോക്ടറെ കാണെടാ പുല്ലേ’’– ശ്രീകുമാർ അലറി.

പൊതുവെ സൗമ്യനാണു ശ്രീകുമാർ. ഇപ്പോൾ പക്ഷേ, എന്നെ ചൊറിച്ചിലായി ബാധിച്ച ക്വാർട്ടർ അവനെ വേറെ തരത്തിൽ ബാധിച്ചിരിക്കുന്നു!

പല മൂച്ച് ചൊറിച്ചിലിനൊടുവിൽ ഞാനൊരു കൊള്ളാവുന്ന ഡോക്ടറുടെ വീട്ടിലെത്തി. മെഡിക്കൽ കോളജാണ്. എംഡി ഉള്ളയാളാണ്. കാര്യങ്ങൾ പറഞ്ഞു.

‘‘എന്താ കഴിച്ചത്?’’

‘‘ റം ആണ് ’’

‘‘ വല്ല കൊളളാവുന്ന സാധനവും കഴിച്ചുകൂടേ’’

റമ്മിനെന്താ കുഴപ്പമെന്നു മനസ്സിലായില്ല. കൊള്ളാവുന്ന സാധനം എന്താണെന്നു തീരെ മനസ്സിലായില്ല.

അദ്ദേഹം എനിക്ക് ‘അവിൽ’ ഗുളിക എഴുതിത്തന്നു. ആന്റിഹിസ്റ്റമിൻ ടാബ്‌ലെറ്റ്സ്.

‘‘കഴിച്ചാ മതി. മാറിക്കോളും’’.

ഒരു കാര്യം കൂടി പറഞ്ഞു

‘‘ചൊറിയാതിരിക്കാൻ കഴിക്കാതിരുന്നാൽ മതി’’

അതിനെന്താ, കഴിക്കാതിരിക്കുക തന്നെ. കഴിക്കണമെന്ന് ആർക്കു നിർബന്ധം? ഞാനാ വിഷയം വിട്ടു.

ജേണലിസം കഴിഞ്ഞു. എംഎ മലയാളം കഴിഞ്ഞു. മനോരമയിൽ ജോലിയായി.

ഞാൻ കഴിക്കാത്ത ആളായി എല്ലാ ഓഫറുകളും നിരസിച്ചു. സദസുകളിൽ സാക്ഷി മാത്രമായി. അന്നു ‘വനിത’യിലുണ്ടായിരുന്ന മോൻസി ജോസഫ് എന്റെ അവസ്ഥയോർത്തു സങ്കടം തൂകി. മാധവിക്കുട്ടിക്ക് ഇതേ പ്രശ്നമുണ്ടായിരുന്നു എന്നു പറഞ്ഞുതന്നു. അതു കേട്ട് എനിക്ക് അന്തസ്സു തോന്നി. ചിലപ്പോൾ തനിക്കു ചൊറിച്ചിൽ കിട്ടാതെ പോയതിലും മോൻസി സങ്കടപ്പെട്ടു. ഇതിനിടെ ഒരിക്കൽ മാത്രം ഞാൻ ഇത്തിരി ബിയർ കഴിച്ചു. അതിനെക്കൊണ്ടാവുന്ന മട്ടിൽ അതും ചൊറിച്ചിലിളക്കി.

അതോടെ ബീയറിനും ഗുഡ്ബൈ!

കാലമേറെ കഴിഞ്ഞു. മനോരമയുടെ പലയൂണിറ്റിലൂടെ ഞാൻ വീണ്ടും കോട്ടയം യൂണിറ്റിലെത്തി. അവിടെ കെ.കെ. റോഡിൽ കലക്ടറേറ്റിനടുത്ത ട്രാഫിക് കുടയുടെ വശത്ത് പിന്നിലൊരു മുറിയിലേക്കു സൂചനയോടെ ഒരു ഹോമിയോ ഡോക്ടറുടെ ബോർഡ് കണ്ടു. അങ്ങനെയൊന്നു ഞാൻ തേടിനടക്കുകയായിരുന്നു സത്യത്തിൽ. ചികിൽസിച്ചു മാറ്റുന്ന വിവിധ രോഗങ്ങളുടെ ‌ലിസ്റ്റ് റോഡിലേക്ക് കാണാവുന്നവിധം മറ്റൊരു ബോർഡുമുണ്ട്. ആസ്മ, കൈകാൽ വിണ്ടുകീറൽ, ചർമ രോഗങ്ങൾ, അങ്ങനെ ചില നിത്യ സഹവാസ രോഗങ്ങൾ. 

എനിക്ക് ഒരു ചർമ പ്രശ്നത്തിന്റെ മടങ്ങി വരവുണ്ടോ എന്നു സംശയം.

പ്രിഡിഗ്രി കാലത്തു തുടങ്ങുകയും ഏറെ കഴിഞ്ഞ് ഹോമിയോയിലൂടെ ഉച്ചാടനം ചെയ്യുകയും ചെയ്ത പ്രശ്നമാണ്– ഫംഗസ്. ഫംഗസിനൊരു സ്വഭാവമുണ്ട്. വിശാലമായുള്ള ചർമത്തിന്റെ ഏതെല്ലാം പ്രദേശങ്ങളുണ്ടായാലും ഏടാകൂടസമേതമായ ചില ഭാഗങ്ങളിലേ കയറിക്കൂടൂ. മിക്കവാറും തുടയുടെ ഉള്ളോടുൾഭാഗത്ത്. പിന്നെ സമീപത്തെ ദുർബലപ്രദേശങ്ങളിലും. എന്നിട്ട് തീർത്തും അരുതാത്ത സമയങ്ങളിൽത്തന്നെ അവിടെ ചൊറിച്ചിലുണ്ടാക്കും. 

ന്യൂട്ടന്റെ മൂന്നാം ചലനനിയമം വിശദീകരിക്കാൻ പറഞ്ഞ് വനിതാ പ്രഫസർ ക്ളാസിൽ എഴുന്നേൽപ്പിച്ചു നിർത്തുമ്പോൾ തന്നെ ഫംഗസും പണി തുടങ്ങും– ഫിസിക്സ് തീരെ ഇഷ്ടമല്ലെന്ന മട്ടിൽ. 

അല്ലെങ്കിൽ ‘റിക്കാഡുബുക്കിൽ മനുഷ്യന്റെ ആന്തരാവയവങ്ങളുടെ പടമൊന്നു വരച്ചു തരാമോ’ എന്നു ചോദിച്ച് വല്ല പെമ്പിള്ളാരും മുന്നിൽ വന്നു നിൽക്കുമ്പോൾ– പെമ്പിള്ളേരെ ഇഷ്ടമല്ലെന്ന മട്ടിൽ.

അതുമല്ലെങ്കില്‍ പള്ളിയിൽ കുർബാനയ്ക്കു മുട്ടുകുത്താൻ പള്ളിയിൽ മുൻനിരയിൽ ചെന്നു നിൽക്കുമ്പോൾ– കർത്താവിനെത്തന്നെ ഇഷ്ടമല്ലെന്ന മട്ടിൽ.

എന്തായാലും നാണം കെടുത്തിയേ അടങ്ങൂ.

– രംഗബോധമില്ലാത്ത  കോമാളി.

 അക്കാലത്ത് മിക്കവാറും എല്ലാ ആനുകാലികങ്ങളിലും ഡോക്ടറോടു ചോദിക്കാം എന്നൊരു പംക്തിയുണ്ടായിരുന്നു. അതിൽ ചോദ്യമായി വരുന്ന ഒരു പ്രധാനപ്രശ്നം ഈ ഫംഗസ് ചൊറിച്ചിലായിരുന്നു. അതായിരുന്നു ആശ്വാസം– നമ്മൾ ഒറ്റയ്ക്കല്ലല്ലോ!

ഒരു ഡോക്ടറെ കാണുക എന്നായിരിക്കും മിക്കവാറും പംക്തിയിലെ ഡോക്ടറുടെ മറുപടി. അങ്ങനെ ഞാൻ മാവേലിക്കരയിൽ പ്രസാദിന്റെ ആശുപത്രിയിൽ പോയി ഒരു ഡോക്ടറെ കണ്ടു. 

ഓയിന്റ്മെന്റ് തന്നു– കാൻഡിഡ്. 

നല്ല പേര്. ഈ ഓയിന്റ്മെന്റ് എവിടെയെങ്കിലും കണ്ടാൽ അതൊരു തുറന്ന (candid) പ്രസ്താവനയാണ്– ഇവിടെ ഫംഗസുണ്ട്. പല ഹോസ്റ്റലകളിലും സുഹൃത്തുക്കളുടെ മുറിയിലും കാൻഡിഡ് കാണുമ്പോൾ മനസ്സു പറയും– ങൂംംം... ചൊറിച്ചിലുണ്ടല്ലേ.

പക്ഷേ, തൽക്കാലാശ്വാസമെന്നല്ലാതെ ഈ ഓയിന്റ്മെന്റൊന്നും ശാശ്വതപരിഹാരമായില്ല. ചൊറിച്ചിൽ ഒരു പ്രശ്നമെന്ന നിലയിൽ നിന്ന് ഒരു ശീലമായി മാറിക്കൊണ്ടിരുന്നു. ഒപ്പം അതൊരു ശല്യവും. ഓയിന്റ്മെന്റ് എപ്പോഴും വേണം. 

മനോരമയിലെ ട്രെയ്നിങ് കാലത്തൊരിക്കൽ കൊച്ചിയിലായിരിക്കെ അവിടെ ഗംഭീരമായൊരു സ്കിൻ സ്പെഷ്യൽറ്റി സെന്റർ കണ്ടു. അതിന്റെ കെട്ടും മട്ടും ചൊവ്വും കണ്ടപ്പോൾ ‘ഇവിടെ ഇതിനൊരു പരിഹാരമുണ്ടാകും’ എന്നു മനസ്സിലൊരു തീർപ്പുണ്ടായി.  അപ്പോൾ തന്നെ ചെന്നുകയറി. അകത്തുകടന്നതും ഉള്ളിലൊരുപിടച്ചിലുണ്ടായി. കതിരു പോലൊരു പെൺകുട്ടിയാണു ഡോക്ടർ. സാരിയാണെന്നേയുള്ളു. ഒരു കൊച്ചുസുന്ദരി. ഇതുവരെ ഡോക്ടർ എന്നു വച്ചാൽ നമ്മളെക്കാളൊക്കെ മുതിർന്ന ഒരാളുടെ ചിത്രമേ മനസ്സിലുളളു.  പ്രായത്തിന്റെ ഇരുത്തം വന്നിട്ടുള്ളവർ. ഇതുപക്ഷേ... 

ഒന്നും ആലോചിക്കാൻ കഴിയുംമുൻപേ റിസപ്ഷനിൽ നിന്നു വിളിയും ചോദ്യവും റജിസ്ട്രേഷനും കഴിഞ്ഞു. ഞാനേയുള്ളു രോഗിയായി. ‘നീ രോഗി. അതു ഡോക്ടർ. ഒന്നും വിചാരിക്കാനില്ല’ എന്നുമനസ്സിനെ ധൈര്യപ്പെടുത്തി. കിടക്കാൻ പറഞ്ഞു. ഭയപ്പെട്ടതു സംഭവിച്ചു. 

‘പാന്റ്സ് താഴ്ത്തുക’.

ഗ്ളൗസിട്ട കയ്യിലെ കൊടിൽ കൊണ്ടെടുത്തു പരിശോധന. ഒരു ജാള്യം മനസ്സിലൂടെ തെക്കുവടക്കു നടന്നു.  ഡോക്ടർക്കു പ്രശ്നമൊന്നുമില്ല.  

ഓയിന്റ്മെന്റ് എഴുതി– കാൻഡിഡ്!

പിന്നെയുള്ള നിർദേശങ്ങളാണു പ്രശ്നം. അടിവസ്ത്രങ്ങൾ പുഴുങ്ങിയലക്കണം. ദിവസം രണ്ടുനേരം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി വലിയ ചരുവത്തിലോ ബേസിനിലോ എടുത്ത് അതിൽ അര മണിക്കൂർ ഇരിക്കണം. പിന്നെ ഓയിന്റ്മെന്റും പുരട്ടണം.

വളരെ എളുപ്പമുള്ള കാര്യങ്ങൾ!

പനമ്പള്ളിനഗറിൽ എഡിറ്റോറിയൽ ട്രെയിനികൾക്കായി മനോരമ എടുത്തിട്ടിട്ടുള്ള ക്വാർട്ടേഴ്സിലാണു താമസം. ദ് വീക്കിലെ സ്റ്റാൻലിയും സന്തോഷുമൊക്കെ വേറെ അന്തേവാസികളായി അവിടെ ഉണ്ട്. 

സ്റ്റാൻലി എനിക്ക് ഇംഗ്ളിഷിൽ കഞ്ഞി വിളമ്പിയ ആളാണ്.

ക്വാർട്ടേഴ്സിൽ ഞാനൊരു രാത്രിയിലാണ് ആദ്യമായി കയറിച്ചെന്നത്. സ്റ്റാൻലിയും സന്തോഷും അപ്പോൾ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ കണ്ടതും സ്റ്റാൻലി പറഞ്ഞു: ‘‘ഹായ്, വെൽക്കം ജോഷ്വാ... വി ആർ ഹാവിങ് അവ്ർ ഡിന്നർ, ആൻഡ് ‍റ്റുഡേ ഇറ്റീസ് കഞ്ഞി...’’

ഞാൻ ഇളിച്ചു നിന്നു.

‘‘ വൺസിനേവൈൽ വി മേക്ക് കഞ്ഞി ഹിയർ... ആൻഡ് ഇഫ് യൂ ഡോൺ‍‍‍ട് മൈൻഡ്.... ’’

എന്തു മൈൻഡ് ചെയ്യാൻ. ഞാൻ കഞ്ഞി കോരിക്കുടിച്ചു താങ്ക്സ് പറഞ്ഞു. 

സ്റ്റാൻലി കേരളത്തിനു പുറത്തു വളരുകയും പഠിക്കുകയും ചെയ്ത ഓതറക്കാരനാണ്. കേരളത്തോടുള്ള മുഴുവൻ സ്നേഹവും ആസ്വദിച്ചുള്ള കഞ്ഞികുടിയിൽ കാണാം. 

 പണ്ട് ശങ്കരസദനത്തിൽ നിന്ന് വാൻറോസ് ജംക്‌ഷനിലെ കേരളഹോട്ടലിൽ കഞ്ഞി കുടിക്കാൻ പോകുന്നതും അപ്പോൾ ഓർമ വന്നു. ഞങ്ങളുടെ തലവെട്ടം വാതിൽക്കൽ കാണുമ്പോഴേ സപ്ളയർ വിളിച്ചു പറയും: രണ്ടു കഞ്ഞീ....

ആളു കൂടുന്നതനുസരിച്ച് അത് മൂന്നു കഞ്ഞിയോ നാലു കഞ്ഞിയോ ആകും.

ഒരു ദിവസം ജീവി പറഞ്ഞു: 

‘‘ഈ തെണ്ടിയെന്തിനാ ഇങ്ങനെ വിളിച്ചുകൂവുന്നത്. ഒരു ദിവസം പറയണം: കഞ്ഞിയല്ലെടാ..... പൊറോട്ടയും മട്ടൺ ചാപ്സും എട്....’’

അതൊന്നും ഉണ്ടായില്ല.

ഇപ്പോൾ പ്രശ്നം സുന്ദരി ഡോക്ടറുടെ കുറിപ്പടിയാണ്.

 കാൻഡിഡ് തന്നെ എങ്ങനെ സൂക്ഷിക്കും എന്നതു പ്രശ്നമായിരിക്കെയാണ് പുഴുങ്ങിയലക്കും ബേസിനിൽ ഇരിപ്പും. 

മാപ്പുനൽകൂ, പ്രിയപ്പെട്ട സുന്ദരി ഡോക്ടറേ.

എന്നാലും കാൻഡിഡ് മാത്രം പിന്നെയും ഉപയോഗിച്ചു. ഫലമെന്താകും എന്ന ധാരണയോടെ തന്നെ.

കാലമുരുണ്ടു. ഞാൻ കൊച്ചിയിലെയും കോഴിക്കോട്ടെയുമൊക്കെ സേവനം കഴിഞ്ഞ് വീണ്ടും കോട്ടയത്തെത്തി. ഒരു ദിവസം ‘ബ്ളൂ ഫോക്സ്’ ഹോട്ടലിൽ ഉച്ചയൂണു കഴിഞ്ഞ് ബസേലിയോസ് ഷോപ്പിങ് കോംപ്ളക്സിനു മുന്നിലൂടെ അതുമിതും കണ്ടു നടന്നുവരുമ്പോൾ അവിടെ ഡോ. പി. ടി. തോമസിന്റെ ബോർഡ്. ഹോമിയോ ആണ്. താഴെ ചെറിയൊരു ബോർഡിൽ നേരത്തേ പറഞ്ഞപോലെ അവിടെ ചികിൽസിച്ചു ഭേദമാക്കുന്ന രോഗങ്ങളുടെ ഒരു ലിസ്റ്റും. ചർമരോഗങ്ങൾ അതിലുണ്ട്. ഹോമിയോയിൽ ചർമരോഗങ്ങള്‍ക്കു മരുന്നോ! ഓഹോ, എങ്കിൽ അതൊന്നുനോക്കാം. 

പിറ്റേന്നു ‍ഞാൻ ക്ളിനിക്കിൽ കയറിച്ചെന്നു.  മേശയ്ക്കു പിന്നിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്.

‘‘‍ഡോക്ടറെ കാണാനാണ്’’

‘‘ഇരിക്കൂ’’

‘‘പി. ടി. തോമസ് ഡോക്ടർ?’’

‘‘ഡോക്ടർ ഇന്നില്ല, ഞാനദ്ദേഹത്തിന്റെ ഭാര്യ. ഞാനും ഡോക്ടറാ..’’

കുഴപ്പമായല്ലോ തമ്പുരാനേ എന്ന് എന്റെ ഉള്ളിലൊരു നിലവിളി ഉയർന്നു. ഇവരുടെ പ്രയോഗം ഇനി എന്തൊക്കെയാണോ?  

‘‘ ഇരിക്കൂ.... ’’ ഡോക്ടർ വീണ്ടും പറഞ്ഞു. 

വേറെ വഴിയൊന്നുമില്ല. ഇരുന്നു. ഡോക്ടർ കാര്യങ്ങൾ ചോദിക്കുകയും ഞാൻ പ്രശ്നങ്ങൾ പറയുകയും ചെയ്തു. പിന്നെ അവർ ഇതുമായൊന്നും ഒരു ബന്ധവുമില്ലാത്ത കുറെ കാര്യങ്ങൾ ചോദിച്ചു. മധുരമോ ഉപ്പോ ഇഷ്ടം? തണുപ്പോ ചൂടോ താൽപര്യം? അച്ചാർ കഴിക്കുമോ? എന്ന മട്ടിൽ. എല്ലാറ്റിനുമൊടുവിൽ ഞാനങ്ങോട്ടു പറഞ്ഞതു തന്നെ ഇങ്ങോട്ടു പറഞ്ഞു–

‘‘ഫംഗസാണ്’’.

ബാക്കി പറയൂ എന്ന മട്ടിൽ ഞാൻ ഇരുന്നു. 

ഡോക്ടർ അകത്തേക്കു പോയി. വസ്ത്രാക്ഷേപത്തിനു വിളി ഇപ്പോഴുണ്ടാകും എന്നു പേടിച്ചിരിക്കെ ഡോക്ടർ മടങ്ങിവന്നു. പൊതിയായും കുപ്പിഗുളികയായും മരുന്നു തന്നു. കഴിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞു വരണമെന്നും പറഞ്ഞു.

‘‘ പെരട്ടാനൊന്നും ....?’’ അതുവരെയുള്ള ഓയ്ന്റ്മെന്റ് ശീലം വച്ച് ഞാനൊരു സംശയം ഉന്നയിച്ചു.

‘‘ ഒന്നും വേണ്ട. പുറത്തു മരുന്നു പുരട്ടുന്നതിലല്ല കാര്യം. അസുഖം പുറത്താണെങ്കിലും മരുന്ന് അകത്തേക്കുതന്നെയാണ്.’’

പിന്നെ ഹോമിയോപ്പതിയുടെ രീതികളെക്കുറിച്ചു ചിലതൊക്കെ പറഞ്ഞു. കൺവിൻസിങ് ആയി തോന്നി. 

പോയി മരുന്നു കഴിച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അസുഖബാധിതപ്രദേശങ്ങളിലെ ത്വക്ക് വരണ്ടു. അടുത്ത ദിവസം മുതൽ ചെറിയ പാട പോലൊന്ന് വരണ്ട ഭാഗങ്ങളിൽ നിന്ന്  വേർപെട്ടു വന്നു.

രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ക്ളിനിക്കിലെത്തി. സാക്ഷാൽ പി. ടി. തോമസ് ഡോക്ടർ അന്നവിടെയുണ്ടായിരുന്നു. അദ്ദേഹം ബാക്കി മരുന്നുകൾ തന്നു. ഒരു തവണ കൂടിയേ പോയുള്ളു. ഫംഗസ് പ്രശ്നം പരിഹരിക്കപ്പെട്ടു.  

അങ്ങനെ പരിഹരിക്കപ്പെട്ട പ്രശ്നമാണിപ്പോൾ മടങ്ങിവരവിന്റെ ലക്ഷണം കാണിക്കുന്നത്. ഡോ. പി. ടി. തോമസിനെ തിരഞ്ഞെങ്കിലും ബസേലിയോസ് കോംപ്ളക്സിൽ അദ്ദേഹമോ ക്ളിനിക്കോ ഇല്ലായിരുന്നു.

കലക്ടറേറ്റ് പരിസരത്തിതാ ഇപ്പോൾ ഇതാ മറ്റൊരു ഹോമിയോ ഡോക്ടർ. ഡോക്ടറെ കണ്ടു. ചെറുപ്പക്കാരൻ. അധികം സംസാരമില്ല. ശ്രീകുമാർ എന്നോ ശശികുമാർ എന്നോ ഒരു പേര്. വലിയ കണ്ണട. ചെവി പൊതിഞ്ഞ് സ്റ്റൈൽ ആക്കിയ മുടി. രോഗവിവരം ചോദിച്ചുതുടങ്ങിയ  ഡോക്ടർ പക്ഷേ ഒരുപാടു ചോദ്യങ്ങൾ ചോദിച്ചു. പൂർവചരിത്രങ്ങൾ. പിന്നെയും പിന്നെയും ചോദ്യങ്ങൾ. അതു ദുഷ്ട് പുറത്തു തള്ളുന്ന ചൊറിച്ചിലിനെയും പുറത്തു കൊണ്ടുവന്നു. 

ഡോക്ടർ ഒന്നും പറയുന്നില്ല. ഞാൻ പറഞ്ഞു: 

‘‘ അതുകൊണ്ട് പ്രശ്നമൊന്നുമില്ല, കുടിക്കാതിരുന്നാൽ ചൊറിച്ചിലുമില്ല.’’

അപ്പോൾ ഡോക്ടറുടെ സ്റ്റാർട്ടിങ് ട്രബിൾ മാറി. അദ്ദേഹം പറഞ്ഞു.

‘‘ അതു ശരിയല്ല, നിങ്ങൾക്ക് അങ്ങനൊരു ടെൻഡൻസി ഉണ്ട്. ഇപ്പോൾ ആൽക്കഹോൾ ആണ് പ്രശ്നം. കുറെ കഴിയുമ്പോൾ വേറെ ഓരോന്നിനോടും ഇതു പോലെ പ്രശ്നം വരാം.’’

‘‘എന്തുവരാൻ ? ’’

‘‘ഉദാഹരണത്തിന് ചില മത്സ്യം കഴിച്ചാൽ, കൊഞ്ചു കഴിച്ചാൽ....., മാംസം കഴിച്ചാൽ... ’’

മീനും കൊഞ്ചുമൊക്കെ കഴിച്ചാൽ ചൊറിയുന്ന രംഗം ആലോചിച്ചതേ ഞാൻ ഉള്ളിൽ ഞെട്ടി.

‘‘എന്തു ചെയ്യും ?’’

‘‘മരുന്നു കഴിച്ചു മാറ്റാം.’’

പൊതിയും ഗുളികയും തന്ന് ഡോക്ടർ എന്നെ വിട്ടു. ഒരു മാസം കഴിഞ്ഞ് ചെല്ലാൻ പറഞ്ഞു. ഫംഗസ് കീഴടങ്ങി.

ആ ഒരു മാസം കഴിഞ്ഞ് ചെന്നപ്പോൾ ഡോക്ടർ വീണ്ടും മരുന്നു തന്നു. പൊതികളും ഗുളികകളും.

വിശ്വാസം അത്ര വന്നില്ലെങ്കിലും ഞാനതു കഴിച്ചുകൊണ്ടിരുന്നു. ചുമ്മാ കഴിച്ചാൽ മതിയല്ലോ. രണ്ടുമാസം കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു: 

‘‘മാറിയിട്ടുണ്ടാകും.’’

എനിക്ക് ധൈര്യം വന്നില്ല. പിന്നെയും ഒരു മാസം കഴിഞ്ഞു. ഒരു ബിയർ വാങ്ങി കുറച്ചു കഴിച്ചു നോക്കി.

‘ദുഷ്ട്’ വരുന്നില്ല!

എന്നാലും  വരുമോ വരുമോ എന്നു പേടിച്ചാണ് അന്നു കഴിഞ്ഞത്.

പിന്നെയും രണ്ടാഴ്ച കഴിഞ്ഞ് ഞാൻ ഒരു പെഗ് റം കഴിച്ചു നോക്കി. 

–ചൊറിഞ്ഞില്ല!!

ഒരു മാസം കഴിഞ്ഞ് ഞാൻ ഒന്നര   പെഗ് കഴിച്ചുനോക്കി. ഉറപ്പിക്കണമല്ലോ.

–ചൊറിഞ്ഞില്ല !!!

വെട്ടൂർ വൈദ്യനിൽ തുടങ്ങിയ ആ ദുഷ്ട് ചൊറിച്ചിലിനു സമാപ്തിയായിരിക്കുന്നു!

കഴിക്കാതിരുന്നേക്കുക എന്നു പറഞ്ഞ ഡോക്ടർ നല്ല ഡോക്ടറാണ്.

കഴിക്കാതിരിക്കുകയല്ല, ആ ചൊറിച്ചിൽവാസന സമ്പൂർണമായി ഇല്ലാതാക്കുകയാണു വേണ്ടത് എന്നു പറഞ്ഞ ഡോക്ടറാണ് കുറെക്കൂടി നല്ല ഡോക്ടർ ആയി എനിക്ക് ഇന്നും തോന്നുന്നത്.

(മലയാള മനോരമ കോഴിക്കോട് ചീഫ് ന്യൂസ് എഡിറ്ററാണ് ലേഖകൻ)


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT