ശരീരത്തെ ആരോഗ്യമുള്ളതാക്കാൻ ദിവസവും നാം ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുന്നുണ്ട്. വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, പല്ലു തേക്കുക, ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക ഇതെല്ലാം നമ്മുടെ ശീലങ്ങളാണ്. ഇവയെല്ലാം ചേരുമ്പോൾ ആരോഗ്യവും ദീർഘായുസ്സും ലഭിക്കും. തലച്ചോറിന്റെ ആരോഗ്യവും വ്യത്യസ്തമല്ല. നാം തലച്ചോർ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ചില ശീലങ്ങൾ ഓർമക്കുറവ് ഇല്ലാതാക്കാനും സർഗാത്മകത വർധിപ്പിക്കാനും വിഷാദം അകറ്റാനുമെല്ലാം സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനായി ചില ശീലങ്ങൾ തുടങ്ങാം. 

∙ ഒരേസമയം പല ജോലി വേണ്ട – നിങ്ങൾ ടിവി കണ്ടു കൊണ്ടാണോ ഇത് വായിക്കുന്നത്? അതോ എന്തെങ്കിലും എഴുതുകയാണോ? എങ്കിൽ അതു വേണ്ട. മൾട്ടി ടാസ്കിങ് തലച്ചോറിന് സ്ട്രെസ് ഉണ്ടാക്കും. ഒരു സമയം ഒരു കാര്യം ചെയ്യുവാനേ തലച്ചോറിനു കഴിയൂ. സ്ട്രെസ് കൂടുമ്പോൾ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂടും. അത് നാഡികളുടെ പ്രവർത്തനത്തിനു ദോഷമാണ്. തലച്ചോറിലെ ഓർമശക്തിയുടെയും അറിവിന്റെയും കേന്ദ്രമായ ഹിപ്പോകാംപസിനെയും ഈ മൾട്ടിടാസ്കിങ് ബാധിക്കും. 

∙ കളിക്കാം – ചില കളികൾ മാനസികമായ ഒരു ഉണർവ് നൽകും. ഓർമശക്തി മെച്ചപ്പെടുത്താൻ പസിലുകൾ അടക്കമുള്ള ബ്രെയ്ൻ ഗെയിമുകൾ സഹായിക്കും.

∙ റെഡ് വൈൻ – ഹൃദയാരോഗ്യത്തിനു മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിനും റെഡ് വൈൻ മികച്ചതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. റെഡ് വൈൻ, ബ്ലൂബെറി, ഡാർക്ക് ചോക്ലേറ്റ് ഇവയിൽ അടങ്ങിയ ആന്റി ഓക്സിഡന്റ് ആയ റെസ്‍വെറാട്രോൾ ഓർമശക്തി മെച്ചപ്പെടുത്തും. 

∙ മധുരം കുറയ്ക്കാം – പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണം തലച്ചോറിന് അത്ര നല്ലതല്ല. മധുരം കുറയ്ക്കുന്നത് ഓർമശക്തി മെച്ചപ്പെടുത്തും. 

∙ നന്നായി ഉറങ്ങാം – ആവശ്യത്തിന് ഉറക്കം ലഭിച്ചാൽ തലച്ചോറ്‍ ആരോഗ്യമുള്ളതാകും. തടസ്സപ്പെടുന്ന ഉറക്കം ഡിമെൻഷ്യക്കു കാരണമാകും. വാഷിങ്ടൻ സർവകലാശാല സ്കൂൾ ഓഫ് മെ‍ഡിസിൻ നടത്തിയ പഠനത്തിൽ, രാത്രിയിൽ അഞ്ചിലധികം തവണ ഉണരുന്ന ആളുകളിൽ അൽഷിമേഴ്സിനു കാരണമാകുന്ന അമിലോയ്ഡ് പ്ലാക്ക് ഉണ്ടാകുന്നതായി കണ്ടു.

∙ സംഗീതം പഠിക്കാം – സംഗീതോപകരണം വായിക്കാൻ പഠിക്കുന്നത് ശ്രദ്ധിക്കാനും കേൾക്കാനും ഉള്ള കഴിവു കൂട്ടും എന്ന് ജേണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പ്രായം കൂടുമ്പോഴുണ്ടാകുന്ന ഓർമക്കുറവ് അകറ്റാനും ഇതിലൂടെ സാധിക്കും.

∙ നൃത്തം ചെയ്യാം – ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും ഡാൻസ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓർമശക്തിയും കൂട്ടും. ഓർമക്കുറവുള്ളവർക്ക് നൃത്തം ഏറെ നല്ലതാണ്.

∙ യോഗ ചെയ്യാം – യോഗ, ധ്യാനം ഇവ ഓർമശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും. അൾഷിമേഴ്സ് തടയാനും പതിവായി യോഗ പരിശീലിക്കുന്നതു സഹായിക്കും.

∙ പദപ്രശ്നം പൂരിപ്പിക്കാം– ഇന്റർനാഷനൽ ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, അൻപതോ അതിനുമുകളിലോ പ്രായമുള്ളവർ വേഡ് ഗെയിമുകളും നമ്പർ ഗെയിമുകളും – അതായത് പദപ്രശ്നം, സുഡോക്കു മുതലായവ– കളിക്കുന്നത് ഓർമശക്തി, ശ്രദ്ധ, ചിന്ത ഇവയെല്ലാം വർധിപ്പിക്കും എന്നാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ മികച്ച മാർഗമാണിത്. പസിലുകൾ സോൾവ് ചെയ്യുന്നവർക്ക് എട്ടുവയസ്സ് കുറഞ്ഞ ഫലമാണെന്ന് പഠനം പറയുന്നു.

∙ ചെറുമയക്കം ആവാം– മുക്കാൽ മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ചെറുതായി മയങ്ങുന്നത് തലച്ചോറിന് ആരോഗ്യമേകും. ഓർമശക്തിയും പഠനശേഷിയും മെച്ചപ്പെടും. 

∙ നിറം കൊടുക്കാം – നോട്ട് ബുക്കിൽ ചെറിയ ഡൂഡിലുകൾ വരയ്ക്കാം അല്ലെങ്കിൽ നിറം കൊടുക്കാം. ഇവയെല്ലാം ഓർമശക്തി, പ്രശ്നപരിഹാരം, ലോജിക്, ശ്രദ്ധ ഇവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രീഫ്രണ്ടൽ കോർട്ടക്സിലേക്കുള്ള രക്തപ്രവാഹം കൂട്ടും. കൂടുതൽ ക്രിയേറ്റീവ് ആകാനും പ്രശ്നങ്ങൾ സോൾവ് ചെയ്യാനും നല്ല ആശയങ്ങൾ പ്രകടിപ്പിക്കാനും ഇതുമൂലം സാധിക്കും.  

∙ ലൈംഗികത – ഓസ്ട്രേലിയൻ ഗവേഷകർ നടത്തിയ പഠനത്തിൽ, പതിവായി ലൈംഗികതയിൽ ഏർപ്പെടുന്ന മധ്യവയസ്കരായ ദമ്പതികൾ ഓർമശക്തി പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്നു കണ്ടു. ആർക്കൈവ്സ് ഓഫ് സെക്‌ഷ്വൽ ബിഹേവിയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അടുപ്പം (intimacy) ഓർമശക്തി മെച്ചപ്പെടുത്തും എന്ന് കണ്ടു. 

∙ മറ്റൊരു ഭാഷ പഠിക്കാം – രണ്ടു ഭാഷ അറിയുന്നത് തലച്ചോറിനെ ആരോഗ്യമുള്ളതാക്കും. ഭാഷ, ചിന്താശക്തി, ഓർമശക്തി ഇവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം കൂടുതൽ കട്ടിയും ആഴവും ഉള്ളതായിരിക്കും. കാനഡയിലെ മോൺട്രിയലിലെ കോൺകോർഡിയ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

∙ പിന്തുടരാം മെഡിറ്ററേനിയൻ ഭക്ഷണരീതി – പഴങ്ങൾ, പച്ചക്കറികൾ, ഒലിവ് ഓയിൽ, മുഴു ധാന്യങ്ങൾ, പയർ വർഗങ്ങൾ, നട്സ്, മത്സ്യം, മിതമായ അളവിൽ റെഡ് വൈൻ, അല്പം െറഡ് മീറ്റ് ഇവയടങ്ങിയ ഭക്ഷണം തലച്ചോറിന് ആരോഗ്യമേകും.

∙ പുതുതായി എന്തെങ്കിലും പഠിക്കാം– പുതുതായി എന്തെങ്കിലും പഠിക്കുന്നത് ഓർമശക്തി കൂട്ടും. മൂന്നാഴ്ചയോളം ഐപാഡ് ഉപയോഗിക്കാൻ പഠിച്ച മുതിർന്ന വ്യക്തികൾക്ക് ഓർമശക്തി മെച്ചപ്പെട്ടതായി പഠനത്തിൽ കണ്ടു. മറ്റുള്ളവരുമായി ഇടപെടുന്നതോ സിനിമ കാണുന്നതോ പുതിയ അറിവുകൾ നേടുന്നതോ ഒക്കെ ഓർമശക്തി മെച്ചപ്പെടുത്തുമെന്ന് ദ് ജെറന്റോളജിസ്റ്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

നിങ്ങളുടെ പ്രായം ഏതുമായിക്കൊള്ളട്ടെ. ഈ ശീലങ്ങൾ പിന്തുടർന്നാൽ തലച്ചോറിനെ ആരോഗ്യമുള്ളതാക്കി നിലനിർത്താം. മറവിരോഗവും അൾഷിമേഴ്സും വരാതെ തടയാം.