രാവിലെയുള്ള തൊണ്ടവേദന; ഇവ ശ്രദ്ധിക്കുക
രാവിലെ ഉറങ്ങി എഴുനേല്‍ക്കുമ്പോള്‍ തൊണ്ടയ്ക്ക് വല്ലാത്ത അസ്വസ്ഥതയും വേദനയും തോന്നാറുണ്ടോ? രാവിലെയുള്ള ഈ തൊണ്ട വേദനയ്ക്ക് പരിഹാരം വീട്ടില്‍തന്നെ ചെയ്യാവുന്നതാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഈ തൊണ്ട വേദന ഉണ്ടാകുന്നതെന്നു നോക്കാം.
ആസിഡ് റിഫ്ലെക്സ് - വയറ്റിലെ അമ്ലരസം വായിലേക്ക് തിരികെ വരുന്ന അവസ്ഥയാണിത്. പ്രത്യേകിച്ച് കിടക്കുമ്പോള്‍ ആണ് ഇത് കൂടുതലായി കാണുക. രാത്രി ഉറക്കം കഴിഞ്ഞു ഉണരുമ്പോള്‍ ഇത് തൊണ്ടയില്‍ വീക്കവും വേദനയും ഉണ്ടാക്കും.
കൂര്‍ക്കംവലി - കൂര്‍ക്കം വലിയും രാവിലെയുള്ള തൊണ്ട വേദനയും തമ്മില്‍ ബന്ധമുണ്ട്. കൂര്‍ക്കം വലിക്കുന്നവരുടെ തൊണ്ട വേഗത്തില്‍ വരണ്ടുപോകും. ഇത് തൊണ്ട വേദനയ്ക്ക് കാരണമാകും.
നിര്‍ജലീകരണം- ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നു നമുക്കറിയാം. എന്നാല്‍ ഇത് കുറയുന്നതോടെ നിര്‍ജലീകരണം സംഭവിക്കും. ഇതും തൊണ്ട വേദന ഉണ്ടാക്കും.
ഡ്രൈ എയര്‍ - കൂടിയ തണുപ്പും ഡ്രൈയുമായ അന്തരീക്ഷവും തൊണ്ട വേദനയുണ്ടാക്കും.
ശ്വാസകോശ അണുബാധ - ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധകളും അലര്‍ജിയും തൊണ്ട വേദനയ്ക്കു കാരണമാകും.
ആസിഡ് റിഫ്ലെസ്ക് ഉള്ളവര്‍ ഡോക്ടറെ കണ്ട് അതിനാവശ്യമായ മരുന്നുകള്‍ സ്വീകരിക്കണം. കൂര്‍ക്കംവലി അധികമാകുന്നത് തൊണ്ടയ്ക്ക് പ്രശ്നമാണെന്ന് അറിയാമല്ലോ അതുകൊണ്ട് ഉറക്കത്തിലെ പ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടുക. അതുപോലെതന്നെ ധാരാളം വെള്ളം കുടിക്കുക, ഒപ്പം ആവശ്യത്തിനു വിശ്രമമെടുക്കുക എന്നതും പ്രധാനം.