വായയുടെ ആരോഗ്യം ഏറെ പ്രധാനമാണ് എന്ന കാര്യം ഓർമിപ്പിക്കുന്ന ഒരു പഠനഫലം പുറത്തുവന്നു. വായയുടെ ആരോഗ്യമില്ലായ്മ കരളിലെ അർബുദത്തിനു കാരണമാകും. ഓറൽ ഹൈജീൻ ഇല്ലാത്തവരിൽ ഹെപ്പാറ്റോ സെല്ലുലാർ കാർസിനോമ (HCC) വരാനുള്ള സാധ്യത 75 ശതമാനമാണ്. 

യു.കെയിലെ 469000 പേരെ പങ്കെടുപ്പിച്ച് നടത്തിയ വലിയ ഒരു പഠനം വായുടെ ആരോഗ്യവും കരൾ, മലാശയം, വൻകുടൽ, പാൻക്രിയാസ്, ഗാസ്ട്രോ ഇന്റസ്റ്റൈനൽ എന്നീ കാൻസറുകളും തമ്മിലുള്ള ബന്ധം പരിശോധിച്ചു. 

മോണവേദന, മോണയിൽ നിന്നു രക്തം വരുക, വായ് പുണ്ണ്, പല്ല് പൊഴിയുക തുടങ്ങിയ അവസ്ഥകളും കാൻസർ സാധ്യതയും പരിശോധിച്ചപ്പോൾ കരളിലെ അർബുദവുമായി വായുടെ ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടു. 

വായുടെ ആരോഗ്യം കുറവുള്ളവരിൽ അധികവും ചെറുപ്പക്കാരും സ്ത്രീകളും, പഴങ്ങളും പച്ചക്കറികളും വളരെ കുറച്ചു മാത്രം കഴിക്കുന്നവരും സാമൂഹ്യമായും സാമ്പത്തികമായും അത്ര മെച്ചമല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നവരും ആണെന്നും പഠനം പറയുന്നു. 

മനുഷ്യശരീരത്തിൽ നിന്ന് ബാക്ടീരിയകളെ നീക്കാൻ കരൾ സഹായിക്കുന്നുണ്ട്. എന്നാൽ കരളിന് രോഗങ്ങൾ ബാധിക്കുമ്പോൾ അതായത് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കാൻസർ മുതലായവ ബാധിച്ചാൽ കരളിന്റെ പ്രവർത്തനം തകരാറിലാകുകയും ബാക്ടീരിയ ദീർഘനാൾ ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും. ഇത് കൂടുതൽ അപകടത്തിന് കാരണമാകും. Fusobacterium nucleatum എന്ന ബാക്ടീരിയ ഉണ്ടാകുന്നതേ പല്ലിനടിയിലെ പോടിൽ നിന്നാണ്. ഇത് രോഗകാരണമാവാം.

മറ്റൊരു കാരണം, പല്ല് നഷ്ടപ്പെട്ടവർ തങ്ങളുടെ ഭക്ഷണം വ്യത്യാസപ്പെടുത്തും. അതായത് കൂടുതൽ സോഫ്റ്റ് ആയതും പോഷകങ്ങൾ വളരെ കുറഞ്ഞതുമായ ഭക്ഷണം കഴിക്കും. ഇതും കരളിലെ അർബുദത്തിലേക്കുള്ള സാധ്യത കൂട്ടും പഠനം പറയുന്നു. 

ഡോ. ഹെയ്റ്റീ ഡബ്ല്യൂ. റ്റി ‘ജോർദാവോയുടെ നേതൃത്വത്തിൽ നടത്തിയ ഈ കോഹോർട്ട് പഠനം യുണൈറ്റഡ് യൂറോപ്യൻ ഗാസ്ട്രോ എന്ററോളജി’ ജേണലിൽ പ്രസിദ്ധീകരിച്ചു.