ഒരുദിവസം ഇരുപതുമണിക്കൂര്‍ നേരം വരെ ഉറങ്ങുന്ന രോഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? പണ്ടത്തെ നാടോടിക്കഥകളിലെ ഉറങ്ങുന്ന രാജകുമാരിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഈ രോഗത്തിന്റെ പേര് Kleine-Levin Syndrome എന്നാണ്. ഇതൊരു സ്‌ലീപിങ് ഡിസോഡറാണ്. 

അമേരിക്കയിലെ ന്യൂജഴ്സിയില്‍ അടുത്തിടെ ഈ രോഗമുള്ള ഒരു  17 കാരന്റെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജെന്നി ഗ്രോസ്മാന്‍ എന്ന 47കാരിയുടെ മകന്‍ കൂപ്പറിനാണ് ഈ രോഗം നിര്‍ണയിക്കപെട്ടത്. ചില ദിവസങ്ങളില്‍ ഇരുപതുമണിക്കൂര്‍ വരെയാണ് കൂപ്പര്‍ ഉറങ്ങുക. രണ്ടുവർഷം മുന്‍പാണ് കൂപ്പറിന് ഈ രോഗം കണ്ടെത്തിയത്. മൂന്നാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഒരു എപ്പിസോഡ് പോലെയാണ് കൂപ്പറിന് ഈ അവസ്ഥ ഉണ്ടാകുക. ഒരുതരം ഹിപ്നോടിക് കോമ അവസ്ഥയിലാണ് ആ സമയം കൂപ്പര്‍. അവനു ചുറ്റുമുള്ള ഒന്നും അവന്‍ അപ്പോള്‍ അറിയില്ല. എന്നാല്‍ ഉറങ്ങി ഉണര്‍ന്ന ശേഷം കൂപ്പര്‍ വല്ലാതെ അസ്വസ്ഥനായിരിക്കുമെന്ന് അവന്റെ അമ്മ പറയുന്നു. സാധാരണ നേരങ്ങളില്‍ വളരെ ശാന്തനായ സ്വഭാവക്കാരനാണ്. എന്നാല്‍ ഉറക്കം കഴിഞ്ഞുള്ള സമയങ്ങളില്‍ അവനു വല്ലാതെ ദേഷ്യം വരുന്ന സ്വഭാവമാണ്. 

കൂപ്പർ അമ്മ ജെന്നിയോടൊപ്പം

2017 ഫെബ്രുവരി മാസത്തിലാണ് കൂപ്പര്‍ രോഗലക്ഷണം കാണിച്ചു തുടങ്ങുന്നത്. ഒരു പനി വന്നതാണ് തുടക്കം. മരുന്നുകള്‍ കഴിച്ച ശേഷം ഹോക്കി കളിക്കാന്‍ പോയ അവന്‍ പിന്നീട് അമ്മയെ വിളിച്ചു തനിക്ക് സുഖമില്ലാത്ത പോലെയെന്നും ഉടനെ എത്തണമെന്നും അറിയിച്ചു. അന്ന് രാത്രി കൂപ്പര്‍ നന്നായി ഉറങ്ങി. അടുത്ത ദിവസം എയര്‍പോര്‍ട്ടിലേക്ക് അവര്‍ക്ക് പോകേണ്ടതുണ്ടായിരുന്നു. അപ്പോഴും കൂപ്പര്‍ വല്ലാതെ ക്ഷീണിതനായിരുന്നു. ഫ്ലോറിഡയില്‍ എത്തിയിട്ടും കൂപ്പര്‍ ഒട്ടും ആരോഗ്യവാനായിരുന്നില്ല. അവിടെയൊരു ഡോക്ടറെ കണ്ടെങ്കിലും ഒരു പ്രശ്നവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

തിരികെ ന്യൂജഴ്സിയില്‍ എത്തിയിട്ടും കൂപ്പര്‍ ഒട്ടും ഉന്മേഷവാനായില്ല. തുടര്‍ന്നാണ്‌ ഇരുപതുമണിക്കൂര്‍ നീണ്ട ഉറക്കത്തിലേക്ക് വീഴുന്നത്. പലവിധ ടെസ്റ്റുകള്‍, ചികിത്സകള്‍ ഒക്കെ തുടർന്നുള്ള ദിവസങ്ങളില്‍ നടന്നു. ഒടുവില്‍ ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒരു മാനസികരോഗവിദഗ്ധനെ കാണിക്കാനും നിർദ്ദേശിച്ചു. 

ഭര്‍ത്താവിന്റെ സഹോദരിയാണ് കൂപ്പറിന്  Kleine-Levin Syndrome ആണോ എന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്. ഈ അവസ്ഥ ഉണ്ടാകുമ്പോള്‍ രോഗിയുടെ തലച്ചോറ് ഒരു സ്‌ലീപ് മോഡിലേക്ക് വീഴുകയാണ് ചെയ്യുക. ചുറ്റുമുള്ളത് ഒന്നും അപ്പോള്‍ അറിയാന്‍ സാധിക്കില്ല.   Kleine-Levin Syndrome അവസ്ഥയ്ക്ക് ഇപ്പോഴും ശരിയായ ചികിത്സ ഇല്ല. ഓരോ രോഗിയുടെയും അവസ്ഥ വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ മരുന്നുകളും ചികിത്സകളും എപ്പോഴും വ്യത്യസ്തമാണ്. കൂപ്പറിന് രോഗം വരുന്ന അവസ്ഥയില്‍ താന്‍ വീട് വിട്ടു എവിടേക്കും പോകില്ലെന്ന് അവന്റെ അമ്മ പറയുന്നു. എന്നാല്‍ ഉറക്കം വിട്ട് അവന്‍ ഉണരുമ്പോള്‍ മാത്രമാണ് തനിക്ക് സമാധാനം കിട്ടുകയെന്നു കൂപ്പറിന്റെ അമ്മ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT