മണ്‍സൂണ്‍ അലര്‍ജിയുണ്ടോ? എങ്കില്‍ ഇതൊക്കെ ശ്രദ്ധിക്കുക
പലതരം അലര്‍ജികള്‍ക്കു സാധ്യതയേറിയ സമയമാണ് മണ്‍സൂണ്‍. അന്തരീക്ഷത്തിലെ ഈര്‍പ്പവും തണുപ്പുമെല്ലാം ഇതിനു കാരണമാകാം. മഴക്കാലം ആസ്വദിക്കാൻ മിക്കവർക്കും ഇഷ്ടമാണെങ്കിലും അനാരോഗ്യകരമായ സാഹചര്യങ്ങൾ ധാരാളമുണ്ടാകാം. പകര്‍ച്ചവ്യാധികള്‍, അലര്‍ജി എന്നിവ മണ്‍സൂണ്‍ കാലത്ത് സാധാരണമാണ്. നനഞ്ഞ ഉടുപ്പുകളും സോക്സുമൊക്കെ മഴക്കാലത്ത് അലര്‍ജി ഉണ്ടാക്കിയേക്കാം.
ഫംഗസ്, ബാക്ടീരിയ എന്നിവയുടെ വിളനിലമാണ് ഈ കാലം. അതുകൊണ്ടുതന്നെ ഏറ്റവും എളുപ്പം ത്വക് രോഗങ്ങള്‍ പിടിപെടാം. റബ്ബര്‍, പ്ലാസ്റ്റിക് ഏജന്റുകള്‍, സിന്തറ്റിക് വസ്ത്രങ്ങള്‍ എന്നിവ മഴക്കാലത്ത് അലര്‍ജി ഉണ്ടാക്കിയേക്കാം. സിന്തറ്റിക് വസ്ത്രങ്ങളില്‍ ഒരുതരം രാസവസ്തുവുണ്ട്. ഇത് നനഞ്ഞ ശേഷം ശരീരവുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാക്കും. ഇതാണ് പലരും മഴക്കാലത്ത് ചൊറിച്ചില്‍ ഉണ്ടാകുന്നു എന്ന് പറയാന്‍ കാരണം. മഴക്കോട്ട്, കയ്യുറകൾ, ജാക്കറ്റ് എന്നിവയെല്ലാം നിലവാരം കുറഞ്ഞ സിന്തറ്റിക് വസ്തുക്കൾ ആണ് പലപ്പോഴും നിര്‍മിക്കുക. ഇവ അലര്‍ജി ഉണ്ടാക്കിയേക്കാം. ശരീരത്തിന്റെ മടക്കുകളില്‍ ഫംഗല്‍ ഇന്‍ഫെക്‌ഷന്‍ ഉണ്ടാകാനും ഇതു കാരണമാകും.
മോള്‍ഡ് എന്ന ഒരുതരം ഫംഗസ് മഴക്കാലത്ത് വീടുകളില്‍ കടന്നു കൂടാറുണ്ട്. ഭിത്തികളിലും വെള്ളത്തിലപമെല്ലാം ഇവയുടെ സാന്നിധ്യം ഈ സമയം കൂടും. allergic rhinitis, allergic asthma എന്നിവ ഇതിന്റെ അനന്തരഫലങ്ങള്‍ ആണ്. കൈകാലുകളില്‍ വളംകടി എന്ന് നമ്മള്‍ പൊതുവേ പറയുന്ന അണുബാധയും മഴക്കാലത്താണ് കൂടുതല്‍. മഴക്കാലത്ത് ശരീരത്തില്‍ ഈര്‍പ്പം കൂടുതലാണ്. ഇതാണ് ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്ക് വളരാന്‍ കൂടുതല്‍ സൗകര്യം ലഭിക്കാനുള്ള കാരണം. പലപ്പോഴും സ്കിന്‍ അലര്‍ജികള്‍ മണ്‍സൂണ്‍ കാലത്ത് പകരാനും സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടറുടെ സേവനം ആവശ്യമെങ്കില്‍ തേടാന്‍ ഒട്ടും മടിക്കരുത്.