വിറയ്ക്കുന്ന ശരീരം; വിഷാദിക്കുന്ന മനസ്സ്
അമ്മ മരിച്ച മൂന്നു മാസമെത്തുംമുൻപ് അച്ചാച്ചന് കാൻസർ വെളിപ്പെട്ടു.
പാർക്കിൻസോണിസത്തിന്റെ പ്രശ്നങ്ങൾക്കു ചികിൽസ തുടരുമ്പോൾ തന്നെയാണ് ആമാശയത്തിലെ കാൻസർ കണ്ടെത്തിയത് .
പാർക്കിൻസോണിസം രോഗിയെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു രോഗമാണ്. കൈവിരലിലെ വിറയലായി തുടങ്ങി അതു പിന്നെ ദേഹം മുഴുവൻ വിറങ്ങലിപ്പിച്ചുകളയാം. എടുത്തു കുടഞ്ഞു വീഴ്ത്തിക്കളയാം. ‘സ്പാസം’ ഉണ്ടാകുന്ന നേരങ്ങളില്‍ ശരീരചലനങ്ങളിൽ രോഗിക്ക് ഒരു നിയന്ത്രണവുമില്ല. വീണുപോകാതെ പിടിച്ച് കട്ടിലിൽ കിടത്താൻ ശ്രമിക്കുമ്പോൾ ശരീരം നമുക്ക് ഒട്ടും വഴങ്ങിത്തരില്ല. ഒരു തടിക്കഷണം പോലെ ആയിപ്പോകും ശരീരം. രോഗിക്ക് അതു വലിയ മാനസികവിഷമവും സൃഷ്ടിക്കും.
ഡോപ്പമൈനും മറ്റും എടുക്കുമ്പോൾത്തന്നെ ആയുർവേദത്തിൽ ഇതിന് വല്ല പരിഹാരവുമുണ്ടോ എന്ന് ഞാൻ തേടി.
മാത്യു കദളിക്കാട് അന്ന് മലയാള മനോരമ കോഴിക്കോട് ബ്യൂറോയിൽ ചീഫ് റിപ്പോർട്ടറാണ്. ആരെയും എപ്പോഴും സഹായിക്കാൻ തയാറുള്ള മുതിർന്ന സഹപ്രവർത്തകൻ.
‘‘സാറേ, കോട്ടയ്ക്കലെ പി.കെ. വാര്യരെ ഒന്നുകാണാൻ തരമാക്കാമോ?’’
ദീർഘകാലം മലപ്പുറം ബ്യൂറോയെ നയിച്ച അദ്ദേഹത്തിന് ഡോ. വാര്യരോടും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ മിക്കവാറും എല്ലാവരോടും തികഞ്ഞ അടുപ്പവും സ്വാതന്ത്ര്യമുണ്ട്.
‘‘ എപ്പഴാ പോകുന്നതെന്ന് പറ "
‘‘ വാര്യരുടെ സൗകര്യം...?’’
‘‘ അതു പിന്നത്തെ വിഷയം. നമുക്ക് എപ്പഴാ പോകാൻ പറ്റുന്നതെന്നു പറ’’
ഞാൻ തൊട്ടടുത്തൊരു ദിവസം പറഞ്ഞു. കദളിക്കാട് ഓക്കേ പറഞ്ഞു.
‘‘ ശരിയാക്കിയേക്കാം.’’
അടുത്ത ദിവസം ഞങ്ങൾ കോട്ടയ്ക്കൽ എത്തി. ആര്യവൈദ്യശാലയുടെ മുൻവാതിലിൽ കാർ നിർത്തി ഇറങ്ങുമ്പോൾ ആദ്യത്തെ പടിയിൽ കദളിക്കാട് സാറിന്റെ നീണ്ട രൂപം. എന്നത്തെയും പോലെ വെളുത്ത മുണ്ട്, വെളുത്ത ജൂബ. സ്വർണഫ്രെയിം കണ്ണട. അദ്ദേഹവുംകൂടി വന്നാണ് അച്ചാച്ചനെ കാറിൽ നിന്നിറക്കിയത്. ‘കദളിക്കാട് പറഞ്ഞയാൾ’ എന്നു പരിചയപ്പെടുത്താൻ മനസ്സിനെ ഒരുക്കിയ എന്നെ കദളിക്കാട് നേരേ ഡോ. പി. കെ. വാര്യരുടെ മുന്നിലെത്തിച്ചു. ബാക്കി ചടങ്ങുകളെല്ലാം പിറകെ മതി.
തന്റെ വിരലിൽ മുറുക്കിപ്പിടിക്കാനൊക്കെ വൈദ്യർ അച്ചാച്ചനോട് പറഞ്ഞു. വിവരങ്ങൾ ചോദിച്ചു. ചില്ലറ തമാശയൊക്കെ പറഞ്ഞു.
അദ്ദേഹം നൽകിയ മരുന്നും ‘ഡോപ്പമൈന്‍’ കഴിക്കുന്നതിനൊപ്പം കഴിച്ചു.
‘ആത്മ ഗുപ്താക്ഷീരം’– അതായിരുന്നു പ്രധാന മരുന്ന്. തേച്ചുകുളിക്കാൻ പഞ്ചാമ്ലതൈലവും. ഗോമൂത്രത്തിന്റെ കടുത്ത ഗന്ധമുണ്ട് പഞ്ചാമ്ളതൈലത്തിന്.
ഇങ്ങനെ പാർക്കിൻസോണിസത്തെ ഒരുതരത്തിൽ ഒക്കെ നിയന്ത്രിച്ചു പിടിച്ചു നിൽക്കെയാണ് കാൻസർ.
ആദ്യമായി ആൾ വീട്ടിൽ പെട്ടെന്ന് കുഴഞ്ഞു വീഴുകയും വയറ്റിൽ നിന്ന് ഏറെ രക്തം പുറത്തു പോവുകയും ചെയ്തതൊരു രാത്രി എട്ടുമണിയോടെയാണ്. വേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനകൾ ഓരോന്നും ഓരോ പ്രശ്നങ്ങൾ ' റൂളൗട്ട് ' ചെയ്തു. ഒടുവിലാണ് ആമാശയ കാൻസർ എന്നതിൽ കാര്യങ്ങളെത്തിയത്.
സർജൻ പറഞ്ഞു!, സർജറി വേണം, നാളെത്തന്നെ വേണം.
" നാളെയോ?’’ ഞാൻ ചോദിച്ചുപോയി.
" നാളെത്തന്നെ. അതർവൈസ് യു വിൽ ബി പുട്ടിങ് ഹിം ടു ഡെത്ത്."
" എനിക്ക് ബ്രദേഴ്സ്, സിസ്റ്റേഴ്സിനോടൊക്കെ ഒന്നു ചോദിക്കണം "
" ചോദിച്ചോളൂ പക്ഷേ, തീരുമാനം ഇന്നു പറയണം "
അമ്മയുടെ അവസ്ഥകൾ എന്റെ മനസ്സിലൂടെ കടന്നു പോയി.
അതെല്ലാറ്റിലൂടെയും അച്ചാച്ചൻ കടന്നുപോകുന്നത് ഞാൻ മനസ്സിന്റെ കണ്ണാടിയിൽ കണ്ടു.
പാർക്കിൻസോണിസത്തിന്റെ എടുത്തടിക്കലുകൾ കീമോതെറപ്പിക്കും വേദനകൾക്കുമിടയിൽ ഉണ്ടാകുന്നത് ഞാൻ ഓർത്തു. നേരിയ ടെൻഷൻ കൊണ്ടുതന്നെ ഏതുനേരവും വരാവുന്നതാണത്.
മകൻ എന്ന നിലയിൽ അപ്പൻ എനിക്കു കരുത്തിന്റെ പ്രതീകമാണ്. കരുതലിന്റെ പ്രതീകമാണ്.
കുത്താൻ വന്ന മൂരിക്കാളയെ രണ്ടു കൈകൊണ്ടും കൊമ്പുകളിൽ പിടിച്ച് കയ്യാലയ്ക്കു താഴേക്കു തള്ളിയ ആളാണ്.
കുഴിയിൽ വീണ ആനയെ കാണാൻ കാട്ടിൽ കൊണ്ടുപോയി തോളിലിരുത്തി കുഴിക്കുള്ളിൽ അതിനെ കാട്ടിത്തന്ന ആളാണ്.
നിലാവുള്ള രാത്രികളിൽ പറമ്പിലിറങ്ങി കിളയ്ക്കുന്ന ആളാണ്.
ആറ്റിനക്കരെ വഴിതടഞ്ഞ് നിന്ന ഒറ്റയാന്റെ കൊമ്പിനും ചൊടിക്കും ചേർന്നു കൊള്ളുംവിധം കല്ലെറിഞ്ഞ് അതിനെ തുരത്തി ഒപ്പമുള്ളവരെയും കൂട്ടി മുന്നോട്ട് നടന്നു പോയ ആളാണ്.
‘വിറകില്ല’ എന്ന് അമ്മ പറഞ്ഞതിനു പിന്നാലെ, കോടാലിയുമെടുത്തു പോയി ‘അപ്പച്ചൻ’ ഒരു പ്ളാവ് ഒറ്റയ്ക്കു വെട്ടിവീഴ്ത്തി ഒറ്റയ്ക്കു കഷണങ്ങളാക്കി ഒറ്റയ്ക്കു കീറിയടുക്കിയതു കണ്ടതിന്റെ അൽഭുതം എന്റെ ഭാര്യക്ക് ഇന്നും തീർന്നിട്ടില്ല. എഴുപതാം വയസ്സിലാണത്.
ആ ആൾ അമ്മ കടന്നുപോയ ദയനീയാവസ്ഥകളിലൂടെ കടന്നുപോകുന്നത് എനിക്ക് ചിന്തിക്കാനാവുന്നതിലുമപ്പുറമായിരുന്നു. ഞാൻ ആ രാത്രി രണ്ടു ചേട്ടന്മാരെയും പെങ്ങന്മാരെയും വിളിച്ചു. കൽക്കട്ടയിലേക്ക്, കുവൈത്തിലേക്ക്, ജർമനിയിലേക്ക്, പറക്കുളത്തേക്ക്. അച്ചാച്ചന്റെ സഹോദരങ്ങളെയും വിളിച്ചു.
ചർച്ചയ്ക്കൊടുവിൽ ഞങ്ങൾ തീരുമാനിച്ചു. സർജറി വേണ്ട. സർജറിയില്ലാത്ത കീമോയും റേഡിയേഷനുമൊന്നുമില്ല.
ആമാശയത്തിലെ വ്രണം വീണ്ടും പൊട്ടും. രക്തം ധാരാളം പോകും. അച്ചാച്ചൻ ബോധരഹിതനാകും. തുടർന്നും സംഭവിക്കാൻ പോകുന്നത് അതാണ്. പൊയ്പോകുന്ന രക്തം പുറത്തുനിന്നു നൽകുക എന്നതേ ചെയ്യാനുള്ളൂ. അതുമതി എന്നു ഞങ്ങൾ തീരുമാനിച്ചു.
സർജന്റെ വാക്കുകൾക്കു പിന്നാലെ അച്ചാച്ചനു ഞാൻ കാര്യങ്ങളുടെ ഒരു ധാരണ കൊടുത്തിരുന്നു.
‘ഒരു ഓപ്പറേഷൻ വേണമെന്നാണു ഡോക്ടർ പറയുന്നത്’ എന്ന് ഒടുവിൽ പറഞ്ഞതിന് ‘എന്റെ ദേഹത്ത് കത്തി കയറ്റരുത്’ എന്നായിരുന്നു മറുപടി. അതും പരിഗണനയിൽ വച്ചു.
ആ ഡോക്ടർ സർജറി കാര്യത്തിൽ അത്രയും തിരക്ക് കാട്ടേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വേണമായിരുന്നിരിക്കാം. കാര്യങ്ങളുടെ ഗൗരവം അദ്ദേഹത്തിനല്ലേ അറിയൂ എന്നു വിചാരിക്കാനാണെനിക്കിഷ്ടം..
പക്ഷേ ഇത്തരം കാര്യങ്ങളിൽ ഡോക്ടർമാര്‍ കാട്ടുന്ന സൂക്ഷ്മമായ വിവേചിക്കൽ തിരിച്ച് ആലോചിക്കാനും പ്രേരിപ്പിക്കുന്നു.
എനിക്കൊരു സർജറി വേണ്ടിവരുമെന്നായപ്പോൾ പള്ളിമുറ്റത്തു വച്ച് ഡോ. റോണി തോമസിനോടാണ് അഭിപ്രായം ചോദിച്ചത്. സർജറിയുടെ ഫലപ്രാപ്തിയെപ്പറ്റി. ഫിഷറും പൈൽസും ചേർന്നുള്ളതാണു പ്രശ്നം. ഹോമിയോ കൊണ്ട് ഏറെക്കാലം നീട്ടിക്കൊണ്ടുപോയത്.
സർജറി നന്നേ ഫലപ്രദം എന്നുറപ്പിച്ചുപറഞ്ഞ അദ്ദേഹം പിന്നെ പറഞ്ഞു:
‘‘ ആദ്യം ഏത് സർജൻ എന്ന് അന്വേഷിക്കുക. പിന്നെ ഏത് ആശുപത്രി എന്ന് അന്വേഷിക്കുക. രണ്ടും കൂടി ഒത്തു വരുന്നതനുസരിച്ചു തീരുമാനിക്കുക.’’ ഇത്രയൊക്കെ വേണോ എന്നു തോന്നി. എന്തായാലും പറഞ്ഞ സ്ഥിതിക്ക് അന്വേഷിക്കുകതന്നെ. ഡോ കൃഷ്ണനോടു തന്നെ ചോദിച്ചു.
‘‘ രണ്ടുദിവസം കഴിഞ്ഞു വിളിച്ചോളൂ. തനിക്കു പറ്റിയ സർജനെ ഞാൻ കണ്ടുപിടിച്ചു തരാം.’’
വിളിച്ചു.
‘‘ഏറ്റവും പറ്റിയ ഒരാൾ ബേബി മെമ്മോറിയലിലുണ്ട് – ഡോ. ശൈലേഷ് ആയിക്കോട്ട്.’’
‘ആയിക്കോട്ട്’എന്നു തീരുമാനിക്കാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടതില്ലായിരുന്നു. ആൾ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സർജനാണ്.
സ്പെഷലൈസേഷൻ അങ്ങനെയങ്ങനെയാണ് പോകുന്നത്.
പെങ്ങൾക്ക് പ്രമേഹത്തുടർച്ചയായി വന്ന ന്യൂറോപ്പതിയുടെ വേദന സഹിക്കാനാവാതെ വന്നപ്പോൾ ഏറെക്കാലമായി തുടർന്ന തിരുവനന്തപുരത്തെ ചികിൽസ നിർത്താൻ തീരുമാനിച്ചു. കോഴിക്കോട്ട് ഒരു ചികിത്സയ്ക്ക് ആരെ കാണണം എന്ന് ഞാൻ തൃശൂരിലുള്ള ഡോ. പി.വി. ഗോവിന്ദൻ നായരോടാണ് അഭിപ്രായം ചോദിച്ചത്. തൃശൂരിൽ റിപ്പോർട്ടറായി ചെന്ന കാലം, കൊമ്പൊഴയിൽ ടാങ്കർ ലോറി മറിഞ്ഞുതൂകിയ ഫിനോൾ വെള്ളത്തിൽ കലർന്നുണ്ടായ ദുരിതകാലത്ത് സർക്കാർ ഡോക്ടർ എന്ന നിലയിൽ പരിചയപ്പെട്ടതു മുതൽ അദ്ദേഹം എനിക്ക് അദ്യുദയകാംക്ഷിയാണ്. ഉപദേശങ്ങൾ ചോദിക്കാവുന്ന ആളാണ്. ചില വേളകളിൽ ഫോണിൽ കൺസൽറ്റ് ചെയ്യാം. ഫോണിൽ മരുന്നും തരും.
‘ഞാൻ അന്വേഷിച്ചിട്ട് പറ്റിയ ഒരു ഫിസിഷനെ പറഞ്ഞു തരാം’ എന്നായിരുന്നു മറുപടി.
രണ്ടുനാൾ കഴിഞ്ഞാണ് അദ്ദേഹം ‘ഡോ. ആർ. കൃഷ്ണൻ’ എന്നു പറഞ്ഞത്.
എനിക്കു ചുണ്ടിൽ നേർത്തൊരു ഒരു ചിരി പൊട്ടി.
ഇങ്ങനെ എന്തിനും ‘ആരെ കാണണം’ എന്ന് ആരോടു വേണമെങ്കിലും ചോദിക്കുന്ന അഥവ ചോദിക്കാവുന്ന ഒരവസ്ഥയിലെത്തിയിരിക്കുന്നു ഞാൻ.
ഇങ്ങനെയൊരു രീതി വേണ്ടതാണോ?. ഇത് എല്ലാവർക്കും സാധിക്കുമോ?.
സംശയങ്ങളെ അതിന്റെ വഴിക്കു വിടുകയേ മാർഗമുള്ളു.
കാലം മുന്നോട്ടുപോകുമ്പോൾ ഓരോരുത്തരും അവരവരുടെ ഒരോ പ്രവീണ്യ മേഖലയിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുന്നുണ്ടാകണം.
ആ പ്രാവിണ്യം കൊണ്ടാവണം ആ സർജനും ‘നാളെത്തന്നെ’ എന്നു പറഞ്ഞത്.
ആറു മാസത്തോളം ബ്ലഡ് ട്രാൻസ്ഫ്യൂഷനിലൂടെ അച്ചാച്ചൻ മുന്നോട്ടു പോയി. അതിന്റെ ഇടവേളകൾ കുറഞ്ഞുകുറഞ്ഞു വന്നുകൊണ്ടിരുന്നു. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഒരിക്കലും കണ്ടിട്ടുകൂടിയില്ലാത്ത കോളജ് വിദ്യാർഥികൾ. അവരൊക്കെ രക്തം തന്നു. നന്ദി പറഞ്ഞു തീർക്കാനാകാത്ത സഹായം, കാരുണ്യം. എ പോസിറ്റീവ് ആയിരുന്നതിനാൽ രക്തം കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല.
അമ്മ മരിച്ച ശേഷമുള്ള കാലത്തെ മനസ്സിന്റെ സന്ത്രാസങ്ങളാലാകണം, പെട്ടെന്ന് ചിലപ്പോൾ അച്ചാച്ചൻ ഒരാവശ്യം ഉന്നയിക്കും.
‘‘ എനിക്കങ്ങു പയ്യനാമണ്ണിനു പോകണം.’’
‘‘ പോയേക്കാം.’’
അടുത്ത പരശുറാം എക്സ്പ്രസിൽ ടിക്കറ്റു ബുക്ക് ചെയ്യും. ഞാൻ മാത്രമായി തിരിച്ചുപോരുമ്പോൾ പറയും: ‘‘ഇവിടെ എല്ലാവരും ഉണ്ടല്ലോ. ഇനി ഇങ്ങനങ്ങു പോകാം.’’
ഒരാഴ്ച കഴിയുംമുൻപ് ഉപ്പാപ്പൻ വിളിക്കും. ‘‘ എടാ, അച്ചാച്ചനങ്ങു കോഴിക്കോട്ടു വരണമെന്നു പറയുന്നു.’’
വടക്കോട്ടുള്ള പരശുറാമിനു ഞാൻ ടിക്കറ്റെടുക്കും.
‘‘ കുഞ്ഞുങ്ങളെ ഒന്നു കാണണ്ടായോ’’ എന്നാണു ന്യായം. ഇതു പലതവണ. ഈ യാത്രകളിൽ ഒരു കാര്യം മാത്രം എന്നെ വിഷമിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിലെ പടികയറ്റം. കോഴിക്കോട്ട് അന്നു നാലാം പ്ളാറ്റ്ഫോമിലേക്കു പ്രവേശനമില്ല. പരശുറാം എന്നും ഒന്നാം പ്ളാറ്റ്ഫോമിലാകുമെന്ന് ഉറപ്പുമില്ല. ഒരുപാടു നേരവും ബുദ്ധിമുട്ടും വേണ്ടിവന്നു അച്ചാച്ചനു പടികൾ കയറാനും ഇറങ്ങാനും.
‘ഇവിടെ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് എന്നു വരും ദൈവമേ’ എന്ന് ആ പാട് കണ്ടുനിൽക്കെ ഞാൻ പലതവണ ചോദിച്ചുപോയിട്ടുണ്ട്.
വർഷങ്ങൾ കഴിഞ്ഞ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് വന്നു. കേരളത്തിലാദ്യം. അതൊരു വലിയ വികസനമായി എംപിയുടെ ആളുകൾ പറയുകയും ചെയ്തു.
‘റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് വരുന്നതൊക്കെയാണോ വികസനം’ എന്ന് ഉന്നതചിന്തകളിൽ മാത്രം രമിക്കുന്ന ഒരു സാമൂഹികപ്രവർത്തകൻ അടുത്ത ദിവസം ഓഫിസിൽ എന്റെ മുന്നിൽ വന്നിരുന്നു പറഞ്ഞു.
– ഒറ്റ അടി വച്ചുകൊടുക്കാനാണു തോന്നിയത്.
വീണുപോകുമെന്ന ഭീതിയിൽ തനിയെ നടക്കാൻ അച്ചാച്ചൻ ഒടുവിലൊടുവിൽ പേടിച്ചു. താങ്ങി നടത്തുമ്പോൾ ‘നന്നായി പിടിക്കണം’ എന്ന് എനിക്ക് എപ്പോഴും മുന്നറിയിപ്പു തന്നു. എന്റെ ബലത്തിൽ പുള്ളിക്ക് ഇത്തിരി സംശയം ഉണ്ടായിരുന്നിരിക്കണം. അഞ്ചടി 11 ഇഞ്ചിൽ അപ്പൻ ഒരു ദുർമേദസുമില്ലാതെ 90 കിലോ ഉണ്ട്. അതേ പൊക്കത്തിൽ ഞാൻ 75 കിലോയേ ഉള്ളൂ.
ഒരു സന്ധ്യയിൽ ഓഫിസിലെ മൂർധന്യനാഴികയിൽ ഭാര്യയുടെ വിളിവന്നു.
‘‘ അപ്പച്ചനു വീണ്ടും രക്തം പോയി; ഓടിവാ ബോധം വീഴുന്നില്ല.’’
ബോധം പെട്ടെന്നു മടങ്ങി വരുന്നതാണ് പതിവ്. അതുണ്ടാകുന്നില്ലെങ്കിൽ......
ഞാൻ പാഞ്ഞെത്തി. ഒരു മാരുതി 800ന് പായാവുന്ന പരമാവധി വേഗത്തിൽ.
ശ്വാസമില്ലാതെ ഒരു തടി പോലെ അച്ചാച്ചൻ കട്ടിലിൽ. വായ് അൽപം തുറന്നു പിടിച്ചിട്ടുണ്ട്. ഞാൻ ആ വായോടു എന്റെ വായ ചേർത്ത് കൃത്രിമ ശ്വാസം നൽകി. ഭാര്യയോടു നെഞ്ചിലമർത്താൻ പറഞ്ഞു. നിമിഷങ്ങൾ മുന്നോട്ടുപോയി. അച്ചാച്ചനിൽ നിന്ന് ഒരു ശബ്ദം പുറപ്പെട്ടു. അതു ശ്വാസം വലിച്ച് എടുക്കുന്നതിലെത്തി.
പ്രഥമ ശുശ്രൂഷകളെക്കുറിച്ച് വായിച്ചുവച്ചിരുന്നത് പ്രയോജനപ്പെട്ട രണ്ടാം നിമിഷം.
ആദ്യ നിമിഷം പിന്നെയും കുറേ മുൻപായിരുന്നു. ഒരുച്ചയ്ക്ക് വൈകി ഭക്ഷണം കഴിക്കാൻ വീട്ടിലെത്തുമ്പോൾ രണ്ടു വയസായ മകൻ മുറ്റത്ത് തനിയെ ഇരുന്നു കളിക്കുന്നുണ്ടായിരുന്നു. ബിലാത്തിക്കുളത്തെ വാടക വീടാണ്.
കുറെ കരിയിലകൾ അടുക്കിവച്ചത്. കുറെ കല്ലുകൾ കൂട്ടിവച്ചത്.
കടയാണത്രെ.
കല്ലുകൾ തൊട്ടുകാട്ടി അവൻ പറഞ്ഞു
‘മുട്ടായിയാ...’
വീശിയ ഇളംകാറ്റിൽ പറന്ന കരയിലകൾ പൊത്തിപ്പിടിച്ച് അവൻ കാറ്റിനെ ശാസിച്ചു.
‘‘എടാ കാറ്റേ നീ അടികൊള്ളും’’.
ഞാൻ ഭക്ഷണം കഴിഞ്ഞ് ഹാളിലെ കട്ടിലിലേക്കൊന്നു ചാഞ്ഞു. തികച്ചും അസ്വാഭാവികമായ പ്രാണൻ പിടയുന്ന പോലത്തെ ഒരു ശബ്ദം കേട്ടു ഞാൻ ചാടിയെണീക്കുമ്പോൾ പിളർന്ന വായും തുറിച്ചുന്തിയ കണ്ണുകളുമായി അവൻ ഓടിവരുന്നു.
തൊണ്ടയിൽ എന്തോ കുടുങ്ങിയെന്നു വ്യക്തം. എന്നുവച്ചാല്‍ ശ്വാസനാളത്തിൽ. പിന്നിൽനിന്ന് ഇടതു കൈത്തണ്ടകൊണ്ട് അവന്റെ നെഞ്ചിൻ കൂടിനു താഴെ അമർത്തി മുറുക്കി ആവുന്ന ശക്തിയെല്ലാമെടുത്ത് വലതു കൈത്തണ്ടകൊണ്ട് ഞാനവന്റെ പുറത്തടിച്ചു. വായിൽ നിന്നൊരു കല്ല് മൂന്നു മീറ്ററെങ്കിലും അകലേക്കു തെറിച്ചുപോയി. നിലത്തുനിന്ന് അവനെ പൊക്കിയെടുത്തു കുലുക്കി. ദീർഘമായൊരു ശ്വാസത്തിൽ എല്ലാം ശുഭമായി.
കടക്കാരൻ സ്വയം ഒരു മിഠായി എടുത്തു തിന്നതാണ്.
പ്രഥമ ശുശ്രൂഷകൾ ഓരോരുത്തരും പഠിച്ചിരിക്കേണ്ടതാണ്. ഒരു വൈദ്യനും എത്തുംമുമ്പേ ഓരോരുത്തരും വൈദ്യൻ ആകേണ്ട സന്ദർഭം എപ്പോഴും ജീവിതത്തിലുണ്ടാകാം.
രണ്ടാമതു പറഞ്ഞ പ്രഥമ ശുശ്രൂഷ ആദ്യം പറഞ്ഞു തന്നയാളെ ഞാനോർത്തു. പ്രീഡിഗ്രിക്ക് മാവേലിക്കര എക്സൽ ട്യൂട്ടോറിയലിൽ ബോട്ടണി പഠിപ്പിച്ച സുരേഷ് സാർ
‘വാരിയെല്ലുകൾ ഒടിഞ്ഞുപോയാലും സാരമില്ല. ആളെ രക്ഷിക്കാൻ അതേയുള്ളു വഴി’ എന്നാണ് നെഞ്ചിൻ കൂടിനു താഴത്തെ ആ പിടിക്കു വേണ്ട ശക്തി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞത്. അധ്യാപകർ അങ്ങനെയൊക്കെയാണു വേണ്ടത്. അദ്ദേഹം പഠിപ്പിച്ച ബോട്ടണിയും ദേ ഓർമ വരുന്നുണ്ട്.
ശ്വാസം കൊടുത്തുകൊണ്ടുള്ള തിരിച്ചുവരവുകൾ ഒന്നിലധികമുണ്ടായി. ഇന്റേണൽ ബ്ലീഡിങ്ങിന്റെയും അതിനോടു ചേർന്നുള്ള പ്രയാസങ്ങളുടെയും ഇടവേള പിന്നെ കുറഞ്ഞുവന്നു. അടുത്തുണ്ടായിരിക്കാൻ ഒരു ഹോം നഴ്സിനെ വച്ചു.
ഒടുവിൽ അമ്മയെ കോഴിക്കോട്ടുനിന്നു കോന്നിയിലേക്കുകൊണ്ടുപോയപോലെ ഒരു ദിവസം നാഷനൽ ഹോസ്പിറ്റലിൽ നിന്നുള്ള അതേ ആംബുലൻസിൽ അച്ചാച്ചനെയും കൊണ്ടുപോയി. ബ്ളഡ് ട്രാൻസ്ഫ്യൂഷൻ തുടർന്നു നടത്താൻ പത്തനംതിട്ടയിൽ ഒരാശുപത്രി പറഞ്ഞുവച്ചിരുന്നു.
വീടെത്തും മുൻപേ പക്ഷേ, അച്ചാച്ചൻ മരിച്ചു. അമ്മ മരിച്ച് ഒൻപതാമത്തെ മാസം.
അപ്പനും അമ്മയും ശേഷിപ്പിച്ച ശൂന്യത ജീവിതത്തെ ചുറ്റിനിന്നു. ഇടയ്ക്ക് അവരുടെ ഒരു വിളി, അടുത്ത് അവരുടെ സാന്നിധ്യം ഇതൊക്കെ നമ്മൾ അനുഭവിക്കും. തൊട്ടടുത്തനിമിഷത്തിൽ ഇല്ലെന്നറിയും. അതാണാ ശൂന്യത. ക്രമത്തിൽ അതു കുറഞ്ഞുവരും.
അങ്ങനെ അതു കുറഞ്ഞുവരുന്നതിനൊപ്പം മറ്റൊന്ന് എന്റെ ഉള്ളിൽ കൂടിവന്നു. ആ സർജന്റെ ഒച്ച.
– ‘‘അതർവൈസ് യു വിൽബി പുട്ടിങ് ഹി ടു ഡെത്ത്.’’
ആരുമറിയാതെ എന്റെ ഉള്ളിൽ ചോദ്യം ഉയർന്നു തുടങ്ങി. അച്ചാച്ചനെ ഞാൻ മരണത്തിലേക്കു തള്ളുകയായിരുന്നോ.
അല്ലല്ലോ എന്നു ഞാൻ എന്നെ ശരിവയ്ക്കും.
‘ആയിരുന്നില്ലേ?’ എന്നു ഞാൻ പിന്നെ എന്നെ ചോദ്യം ചെയ്യും.
സർജറി നിഷേധിച്ചില്ലേ. സർജറിയിലൂടെ എല്ലാം സുഖമാകുമായിരുന്നില്ലേ? ആൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നില്ലേ?
ചോദ്യങ്ങൾ.
പിന്നെയും ചോദ്യങ്ങൾ.
അമ്മയുടെ അവസ്ഥയിൽ അപ്പൻ ആയിപ്പോകുന്നത് അപ്പോൾ ഞാൻ മനസിൽ കാണും. ചെയ്തതു ശരി എന്നു മനസ്സിൽനിന്നു മറുപടി കിട്ടും.
പിന്നെയും അതു തിരച്ചാകും.
ഇരുളും വെളിച്ചവും പോലെ ഇതുമാറിമാറി വന്നപ്പോൾ അകം സംഘർഷഭരിതമായി.
അങ്ങനെയൊരു തീരുമാനം എടുക്കുന്നതിന്റെ അനന്തരഘട്ടമായി ഇങ്ങനെയൊന്നു വിചാരിച്ചിട്ടേയില്ല.
ഉള്ളുവെന്തു.
രാവും പകലും ഒഴിയാതെയുള്ള ഓഫിസിലെ തിരക്ക് ആശ്വാസമായി.
അതൊഴിയുമ്പോൾ മനസ്സ് അസ്വസ്ഥതയുടെ കൊടുമുടി കയറി.
എങ്ങോട്ടെങ്കിലും ഓടിപ്പോവാൻ തോന്നലുകളുണ്ടായി. വഴിയിൽ കാർ നിത്തിയിട്ട് അതിൽ വെറുതെയിരുന്നു. ചിലപ്പോൾ കണ്ണു നിറഞ്ഞു. ഒരു ദിവസം കാർ റോഡിലടുപ്പിച്ചിട്ടു കുരിശുപള്ളിയിൽ കയറിയിരുന്നു. എന്തിനെന്നറിയാതെ.
എനിക്കെന്താണ് സംഭവിക്കുന്നത്? കുറ്റബോധം വേട്ടയാടുന്നു. എനിക്ക് എന്നോടു ദേഷ്യം വരുന്നു.
– എന്റെ അറിവുകൾ വച്ച് ഞാൻ തിരിച്ചറിഞ്ഞു.
ഇതു ഡിപ്രഷൻ ആണ്.
വിഷാദം.
വിഷാദരോഗം!