എച്ച്1എൻ1 പനി കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, ചികിൽസയ്ക്കു വിധേയരാകുന്നവര്‍ അതിനുശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയണം. എച്ച്1എൻ1 പനി പെട്ടെന്നു പകരുന്നതും മാരകമായേക്കാവുന്നതുമായ സാംക്രമികരോഗമാണ്. ആരംഭത്തില്‍ത്തന്നെ ചികിത്സ നല്‍കിയാല്‍ ഭേദമാക്കാം. ആന്‍റി വൈറല്‍ മരുന്നുകളും ലഭ്യമാണ്. ആരോഗ്യം പൂർണമായും വീണ്ടെടുക്കാന്‍ ചികിത്സയ്ക്കു ശേഷം കുറച്ചു നാള്‍ കൂടി വിശ്രമവും ഭക്ഷണക്രമീകരണവും അത്യാവശ്യമാണ്. സാധാരണ എച്ച്1എൻ1 പനി സങ്കീര്‍ണതകള്‍ ഒന്നും ഉണ്ടാക്കാതെ 4 മുതൽ 7 വരെ ദിവസങ്ങള്‍കൊണ്ട് ഭേദമാകും. പക്ഷേ ക്ഷീണം, ചുമ എന്നിവയൊക്കെ ഒന്നുരണ്ടാഴ്ച കൂടി തുടരാറുണ്ട്. സങ്കീര്‍ണ്ണതകള്‍ ഉണ്ടാവുന്നവരില്‍ ആശുപത്രിവാസം നീളാം, പൂര്‍ണ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവു വൈകാം.  ചികിൽസയ്ക്ക് ശേഷം കുറച്ചുനാള്‍ കൂടി ഭക്ഷണത്തിലും വിശ്രമത്തിലും ശ്രദ്ധിക്കണമെന്നു പറയാൻ രണ്ടു കാരണങ്ങളുണ്ട്.

ഒന്ന്: ശരിയായ ഭക്ഷണക്രമത്തിലൂടെയും വിശ്രമത്തിലൂടെയും ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ വളരെക്കാലം നീണ്ടു നില്‍ക്കുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാം. അതില്‍ പ്രധാനം ക്രോണിക് ഫറ്റീക് സിൻഡ്രോം (CFS - Chronic Fatigue Syndrome) ആണ്. അൽപം ഗൗരവമേറിയ രോഗാവസ്ഥയാണിത്.  തുടര്‍ച്ചയായ, ചെറിയ തോതിലുള്ള ക്ഷീണം മുതല്‍ ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങള്‍ വരെ ഉണ്ടാവാം.

രണ്ട്: ചികിത്സയ്ക്ക് ശേഷം 8-10 ദിവസം കൂടിയെങ്കിലും രോഗിയുടെ ശരീരത്തില്‍ എച്ച്1എൻ1 വൈറസ് ഉണ്ടാവാം. ആ സമയത്ത് അവരില്‍നിന്നു മറ്റുള്ളവരിലേക്കു രോഗം പകരാന്‍ സാധ്യതയുണ്ട്

ആരോഗ്യം വീണ്ടെടുക്കാനുള്ള ഭക്ഷണക്രമം

രോഗപ്രതിരോധ ശക്തിയും ആരോഗ്യവും വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമമാണ് വേണ്ടത്. 

∙ ധാരാളം വെള്ളം കുടിക്കുക.

∙ വിവിധ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. രോഗപ്രതിരോധശക്തി കൂട്ടുന്ന ധാരാളം പോഷകങ്ങള്‍ (വിറ്റമിന്‍സ്, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍) ഇവയില്‍ അടങ്ങിയിരിക്കുന്നു. 

∙ ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണപദാർഥങ്ങള്‍ക്കു മുന്‍ഗണന നല്‍കുക. പൊറോട്ട, റെഡ് മീറ്റ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. തവിടുള്ള ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ വിവിധതരം  നട്സ് എന്നിവയൊക്കെ ഉള്‍പ്പെടുത്താം.

വിശ്രമത്തിന്റെ പ്രാധാന്യം

ചികിൽസയ്ക്കു ശേഷം അടുത്തദിവസം തന്നെ ജോലിക്കു പോകുന്നവരുണ്ട്. ഇത് അപകടം വരുത്തി വച്ചേക്കാം. ആരോഗ്യം വീണ്ടെടുക്കാന്‍ വിശ്രമം അത്യാവശ്യമാണെന്നു മാത്രമല്ല, സഹപ്രവര്‍ത്തകർക്കും മറ്റും രോഗാണുബാധയുണ്ടാവാതിരിക്കാനും സഹായിക്കും. അതുകൊണ്ട് ഒരാഴ്ചയെങ്കിലും വീട്ടില്‍ വിശ്രമിക്കണം. വിശ്രമിക്കാതെ ജോലിക്കു പോകുന്നവരില്‍ പലര്‍ക്കും ന്യൂമോണിയ ഉണ്ടാവുന്നതായി കണ്ടിട്ടുണ്ട്.

വിശ്രമം എന്നാൽ എപ്പോഴും കിടക്കുകയോ ഇരിക്കുകയോ അല്ല. അങ്ങനെ ചെയ്താല്‍ കാലിന്‍റെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് അപകടം ഉണ്ടാവാം. അതുകൊണ്ട് ഉറങ്ങുന്ന സമയമൊഴികെ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മുറിക്കുള്ളിലെങ്കിലും അൽപം നടക്കുന്നത് രക്തസഞ്ചാരത്തിനു സഹായിക്കും. ദിവസവും വീടിനു പുറത്ത് അൽപനേരം നടക്കുന്നതും ഗുണം ചെയ്യും. യാത്രകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ദിവസവും 8 മുതൽ 10 വരെ മണിക്കൂര്‍ ഉറങ്ങുന്നത് ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമാണ്.

(കോട്ടയം പൊന്‍കുന്നം ശാന്തിനികേതന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനാണ് ലേഖകൻ)