മഴക്കാലത്ത് കേരളത്തിൽ പലതരത്തിലുള്ള പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കാറുണ്ട്. ഈ വര്‍ഷം എച്ച് 1 എന്‍ 1 പനിയാണ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം കൊല്ലത്ത് ഈ പനിമൂലം രണ്ടു മരണവും 38 പേര്‍ക്ക് രോഗസ്ഥിരീകരണവുമുണ്ടായി. 

ഈ സന്ദര്‍ഭത്തില്‍ എച്ച്1എൻ1 പനിയുടെ ചരിത്രം മനസിലാക്കുന്നത് നന്നായിരിക്കും. 2009 മുതലാണ് എച്ച്1എൻ1 പനി ലോകശ്രദ്ധ പിടിച്ചു പറ്റിയത്. അന്നാണ് ലോകാരോഗ്യസംഘടന പന്നിപ്പനി (ടംശില ളഹൗ)യെന്ന് നാം വിളിച്ചിരുന്ന എച്ച് 1 എന്‍ 1 പനിയെ ഏറ്റവും അപകടകാരികളായ പകര്‍ച്ച പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. ലോകത്തില്‍ 75 ല്‍ പരം രാജ്യങ്ങളിലാണ് ഇന്ന് എച്ച് 1 എന്‍ 1 മരണം വിതയ്ക്കുന്നത്.

1918 ല്‍ എച്ച്1എൻ1 വൈറസിനു സമാനമായ രോഗാണുക്കള്‍ മൂലം സ്പെയിനില്‍ ആരംഭിച്ച പകര്‍ച്ച പനിയാണ് ലോകത്ത് ഏറ്റവും നാശം വിതച്ചത്. ഞെട്ടലോടെ മാത്രമേ ഇന്നും അത് നമുക്ക് ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ലോകജനസംഖ്യയുടെ  മൂന്നിലൊന്ന് ആള്‍ക്കാരെ ബാധിച്ച ആ പനിമൂലം മരിച്ചവരുടെ എണ്ണം 50 ദശലക്ഷം ! വടക്കേ അമേരിക്കയില്‍ പന്നികളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികളില്‍ പനിയുണ്ടാക്കുന്നത് വൈറസാണെന്ന് മനസിലാക്കിയപ്പോള്‍ അത് മനുഷ്യനില്‍ സമാനപനിയുണ്ടാക്കുന്ന വൈറസിനോടു സാമ്യമുണ്ടെന്ന് വ്യക്തമായി. 1919 മുതലാണ് ഇത് ഒരു സാക്രമിക രോഗമായി പടരാന്‍ തുടങ്ങിയത്. പിന്നീട് 2009-10 ല്‍ വീണ്ടും ഈ പകര്‍ച്ചപ്പനി ലോകമാകെ പടര്‍ന്നു പിടിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രായലത്തിന്റെ 2019 ഫെബ്രുവരിയിലെ കണക്കുപ്രകാരം 15,000 പേരെ എച്ച്1എൻ1 പനി ബാധിക്കുകയും 1,103 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 2018 ല്‍ മാത്രം ബാംഗ്ലൂരില്‍ 400 പേര്‍ക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കേരളത്തില്‍ ഒരോ വര്‍ഷവും എച്ച്1എൻ1 ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നു. വായുവില്‍ കൂടി പെട്ടെന്ന് പടരുന്നതും മരണനിരക്ക് കൂടിയതുമായ പനിയായതിനാല്‍ ജനങ്ങള്‍ ഭീതിയിലുമാണ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ എറണാകുളം ജില്ലയില്‍ 55 എച്ച്1എൻ1 പനി സ്ഥിരീകരിച്ചിരുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുള്ള കണക്കാണിത്.

എച്ച് എൻ1 പേരിനു പിന്നിൽ?

ഇന്‍ഫ്ളുവന്‍സ എ വൈറസ് എന്ന രോഗാണുവാണ് എച്ച് എൻ1 പനിക്ക് കാരണമാകുന്നത്. രോഗം പരത്തുന്ന വൈറസിന് ജീവന്‍റെ അടിസ്ഥാനഘടകമായ കോശങ്ങള്‍ പോലുമില്ല. ഒരു ന്യൂക്ലിക് ആസിഡും അതിനെ ചുറ്റി ഒരു പ്രോട്ടീന്‍ ആവരണവും മാത്രമേ ഉള്ളൂ. ആവരണത്തിലെ ഘടകങ്ങളെ ആശ്രയിച്ചാണ് വൈറസിന് പേരിട്ടിരിക്കുന്നത്. എച്ച് എൻ1 വൈറസിന്‍റെ പ്രോട്ടീന്‍ ആവരണത്തിലെ ഘടകങ്ങളായ Haemaglutinin, Neuraminidase എന്നിവയുടെ ആദ്യ അക്ഷരങ്ങളാണ് നാമകരണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

(കോട്ടയം പൊന്‍കുന്നം ശാന്തിനികേതന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനാണ് ലേഖകൻ)