സ്മാർട്ട് ഫോണുകൾ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരുടെ. ഫോണുപയോഗം മൂലം കായിക പ്രവർത്തനങ്ങളിലോ വ്യായാമങ്ങളിലോ ഏർപ്പെടാൻ പോലും പലർക്കും സമയമില്ല.  2019 ലെ എസിസി ലാറ്റിൻ അമേരിക്കൻ കോൺഫറൻസിൽ അവതരിപ്പിച്ച ഒരു പഠനം അതുകൊണ്ടു തന്നെ വളരെയധികം പ്രാധാന്യമുള്ളതാണ്. ദിവസം അഞ്ച് മണികൂറിലധികം ഫോൺ ഉപയോഗിക്കുന്നത് പൊണ്ണത്തടിക്കുള്ള സാധ്യത 43 ശതമാനം കൂട്ടും. മാത്രമല്ല ജീവിതശൈലീ രോഗങ്ങളായ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിക്കാനും ഫോണുപയോഗം കാരണമാകുമത്രേ.

കൊളംബിയയിലെ സൈമൺ ബോളിവർ സർവകലാശാല ഗവേഷകർ 1060 കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയത്. ഇവരിൽ 700 പെൺകുട്ടികളും 360 ആൺകുട്ടികളും ഉൾപ്പെടുന്നു. ശരാശരി 19–20 വയസ്സുള്ളവരിലാണ് പഠനം നടത്തിയത്. അഞ്ചു മണിക്കൂറിലധികം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് 43 ശതമാനമാണ് പൊണ്ണത്തടിക്കുള്ള സാധ്യത. മധുരപാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ഫാസ്റ്റ് ഫുഡ്, മധുരം, സ്നാക്സുകൾ ഇവയെല്ലാം ദിവസം രണ്ടു നേരം കഴിക്കുന്ന ഈ കുട്ടികൾക്ക് വ്യായാമം െചയ്യുന്ന ശീലവും ഇല്ല. പഠനത്തിൽ പങ്കെടുത്ത 26 ശതമാനവും അമിതഭാരം ഉള്ളവരും 46 ശതമാനം പേർ പൊണ്ണത്തടിയുള്ളവരും ആയിരുന്നു. ഇവർ ദിവസം അഞ്ചു മണിക്കൂറിലധികം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ആയിരുന്നു.

‘‘മൊബൈൽ സാങ്കേതിക വിദ്യ തീർച്ചയായും ആകർഷണീയവും നിരവധി ഉപയോഗങ്ങൾ ഉള്ളതുമാണ്. എന്നാൽ അത് ഉപയോഗിക്കുന്നത് നമ്മുടെ ശീലങ്ങളും പെരുമാറ്റവും മെച്ചപ്പെടുത്താൻ ആയിരിക്കണം. കൂടുതൽ സമയം സ്മാർട്ട് ഫോണിനു മുൻപിൽ ഇരിക്കുന്നത് അലസത, വ്യായാമമില്ലായ്മ, ഹൃദ്രോഗം, വിവിധതരം കാൻസറുകൾ, സന്ധികൾക്കും എല്ലുകൾക്കും ഉണ്ടാകുന്ന രോഗങ്ങൾ ഇവയ്ക്കെല്ലാം കാരണമാകും’’ ഗവേഷകയായ മാന്റില മോറൺ പറയുന്നു.