നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? നന്നായി ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ  ശുഭാപ്തി വിശ്വാസം വളർത്തിയെടുത്തോളൂ. ശുഭാപ്തി വിശ്വാസികൾക്ക് കൂടുതൽ നേരം നന്നായി ഉറങ്ങാനാകുമെന്ന് പഠനം. ജേണൽ ഓഫ് ബിഹേവിയറൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ഉൾപ്പെട്ടിരിക്കുന്നത്. 

32 നും 51 നും ഇടയിൽ പ്രായമുള്ള 3500 പേരിലാണ് പഠനം നടത്തിയത്. സർവേയിൽ ശുഭാപ്തി വിശ്വാസം അളക്കുന്നതിനാവശ്യമായ 10 ചോദ്യങ്ങളാണ് തയ്യാറാക്കിയത്. കുറഞ്ഞ അളവിൽ ശുഭാപ്തി വിശ്വാസം ഉള്ളവർക്ക് ആറും കൂടിയ അളവില്‍ ശുഭാപ്തി വിശ്വാസം ഉള്ളവർക്ക് മുപ്പതും സ്കോർ ലഭിച്ചു. തുടർന്ന് ഇവരുടെ ഉറക്ക ശീലങ്ങൾ രേഖപ്പെടുത്തി. 

ഇപ്പോഴുള്ളതും അഞ്ചു വർഷം മുൻപ് ഉണ്ടായിരുന്നതുമായ ഉറക്കശീലങ്ങളും രേഖപ്പെടുത്തി താരതമ്യം ചെയ്തു. ഉറക്കമില്ലായ്മ, ഉറങ്ങാൻ നേരിടുന്ന ബുദ്ധിമുട്ട്, ദിവസവും ഉറങ്ങുന്ന സമയം എന്നിവയും രേഖപ്പെടുത്തി. ഇവരിൽ മൂന്നു ദിവസത്തെ ഉറക്കസമയം പഠന വിധേയമാക്കി. ഉയര്‍ന്ന ശുഭാപ്തി വിശ്വാസമുള്ള ആളുകള്‍ക്ക് 74% കൂടുതല്‍ നന്നായി ഉറങ്ങുന്നതായി ആയിരുന്നു പഠനഫലം.