കേരളത്തില്‍ മഴക്കാലമെത്തുന്നതോടെ വൈറല്‍ പനി, എലിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പിടിമുറുന്നത് സ്ഥിരം സംഭവമാവുകയാണ്. അപ്രതീക്ഷിതമായി പെട്ടെന്നുണ്ടാവുന്ന പനി മരണത്തിലേക്ക് വഴിയൊരുക്കുന്ന കാഴ്ചകൾപോലും ഇതിനോടകം കേരളം കണ്ടു. ഈ പകര്‍ച്ച പനികള്‍ കേരളത്തെ വിടാതെ പിടികൂടിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്. നമുക്ക് സ്വയം നിയന്ത്രിക്കാവുന്ന ചില ഘടകങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമാവുന്നത്.

പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കുകയും സാനിട്ടേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, ശുദ്ധജലലഭ്യത ഉറപ്പുവരുത്തുകയും  വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയും ചെയ്താല്‍ ഈ രോഗങ്ങളില്‍ മിക്കവയേയും നിയന്ത്രിച്ചു നിര്‍ത്താനോ ഇല്ലായ്മചെയ്യാനോ നമുക്ക് കഴിയും. അത് സാധ്യമാകണമെങ്കില്‍ സർക്കാർ തലത്തില്‍ ചെയ്യുന്ന പ്രവർത്തനങ്ങൾക്കൊപ്പം ഓരോ വ്യക്തിയും തന്‍റെ സ്വന്തം കടമയെന്ന് കരുതി പ്രവര്‍ത്തിക്കണം. അതിന് ആദ്യം വേണ്ടത് ഈ രോഗങ്ങളെപ്പറ്റി അവബോധം ഉണ്ടാവുകയെന്നതാണ്. 

രോഗങ്ങള്‍ എന്തുകൊണ്ട്? 
01. മഴക്കാലത്ത് പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, പൊട്ടിയ മണ്‍പാത്രങ്ങള്‍, കുഴികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ക്ക് പ്രജനനം ചെയ്യാനും അവയുടെ എണ്ണം വന്‍തോതില്‍ കൂടുന്നതിനും കാരണമാവുന്നു. ഇത് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കൂടാനും കാരണമാവുന്നു. 

02. മഴക്കാലത്ത് ഈര്‍പ്പം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത് രോഗാണുക്കളുടെ സാന്ദ്രത വര്‍ധിക്കാന്‍ കാരണമാവുന്നു. 

03. മാളങ്ങളില്‍ വെള്ളം കയറുന്നതു മൂലം എലികള്‍ കൂട്ടത്തോടെ പുറത്തേക്കു വരികയും വെള്ളം വ്യാപകമായി എലിമൂത്രം കൊണ്ട് മലിനമാകുകയും ചെയ്യുന്നു. ഈ മലിനജലവുമായി ത്വക്ക് സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ എലിപ്പനിയുടെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രോഗമുണ്ടാക്കുന്നു. 

04. ശുചിത്വം പൊതുവേ കുറവുള്ള കാലമാണ് മഴക്കാലം. ചപ്പുചവറുകളും ഭക്ഷണാവശിഷ്ടങ്ങളും വീടിനു പുറത്തേക്ക് വലിച്ചെറിയുന്നത് എലികളും ഈച്ചകളും മറ്റും വര്‍ധിക്കുന്നതിനു കാരണമാവും. ഈച്ചകള്‍ പെരുകുന്നത് മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുണ്ടാക്കും. 

05. കുടിവെള്ളം വ്യാപകമായി മലിനമാകുന്നത് പല ജലജന്യരോഗങ്ങള്‍ക്ക് കാരണമാവും. മഴക്കാലത്ത് ചുറ്റുമതില്‍ കെട്ടാത്ത കിണറുകളില്‍ മലിനജലം ഒലിച്ചിറങ്ങാം. പൈപ്പുകളില്‍ വിള്ളല്‍ ഉണ്ടാകുന്നതും വെള്ളം മലിനമാക്കും. 

06. ശരീരത്തിന്‍റെ സ്വഭാവിക രോഗപ്രതിരോധശക്തി കുറവുള്ള സമയമാണ് മഴക്കാലമായ കര്‍ക്കടകം. പഞ്ഞ കര്‍ക്കടകമെന്ന് പഴമക്കാര്‍ വിശേഷിപ്പിക്കുന്ന ഈ സമയത്ത് കൃഷിപ്പണിയും മറ്റും കുറവായതിനാല്‍ ആഹാരലഭ്യതയും കുറഞ്ഞിരുന്നു. രോഗ പ്രതിരോധ ശക്തി നന്നായി നിലനിര്‍ത്തണമെങ്കില്‍ പോഷകാഹാരങ്ങള്‍ കഴിക്കണം. രോഗപ്രതിരോധ ശക്തി കുറയുന്നത് വിവിധ സാംക്രമിക രോഗങ്ങളുടെ അതിപ്രസരണത്തിന് കാരണമാവും. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)