മഴ തീർത്ത വെള്ളക്കെട്ടുകളിൽ നിന്നു ജീവിതം കരയിലേക്ക് അടുപ്പിക്കാനുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. വെള്ളം കയറി ഇറങ്ങിപ്പോയ വഴികളിലൂടെ നമ്മൾ തിരിച്ചു നടക്കുന്നു. വെള്ളം പടിയിറങ്ങിയ വീടുകളിലേക്കു നാം മടങ്ങിയെത്തുന്നു. മാലിന്യം നിറഞ്ഞ ഈ സാഹചര്യം സൃഷ്ടിക്കുന്ന അസുഖങ്ങളെ കരുതിയിരിക്കണം.

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യമുണ്ട്. വീടുകളിൽ തിരിച്ചെത്തിയവരും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരുമെല്ലാം ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധപുലർത്തണം.

സൂക്ഷിക്കുക
മഞ്ഞപ്പിത്തം, വയറിളക്കം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ബാധിക്കാനുള്ള സാധ്യതകളേറെ. കുടിക്കുന്ന വെള്ളം, ആഹാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.

ഓർക്കാം, ഈ കാര്യങ്ങ‍ൾ
∙ ഹോട്ടലുകൾ, കന്റീനുകൾ എന്നിവിടങ്ങളിലെല്ലാം തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ.
∙ കൈകാലുകളിൽ മുറിവുള്ളവർ ചെളിവെള്ളത്തിൽ ഇറങ്ങരുത്.
∙ ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകണം.
∙ കുട്ടികൾ അഴുക്കുവെള്ളത്തിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം സൂക്ഷിക്കുക.
∙ പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടനെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

വെള്ളം 5 മിനിറ്റ് തിളപ്പിക്കണം
കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. 5 മിനിറ്റ് നേരം വെള്ളം തിളപ്പിക്കണം. മിനറൽ വാട്ടർ ആയാലും സൂപ്പർ ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും തിളപ്പിച്ചു മാത്രമേ  ഉപയോഗിക്കാവൂ. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്. കൈകൾ കഴുകുന്നതിനും പാത്രം  കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

എലിപ്പനിക്കെതിരെ ‘ഡോക്സിസൈക്ലിൻ’
മാലിന്യം നിറഞ്ഞ പ്രളയജലവുമായി സമ്പർക്കത്തിലുള്ളവർക്ക് എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. വെള്ളത്തിൽ എലി മൂത്രം കലരാൻ ഇടയുള്ളതുകൊണ്ടാണിത്. എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്സിസൈക്ലിൻ’ ഒരു ഡോസ് കഴിച്ചാൽ ഒരാഴ്ചത്തേക്കു സംരക്ഷണം കിട്ടും.

എങ്ങനെ കഴിക്കണം
∙ മുതിർന്നവർ: 100 മില്ലിഗ്രാമിന്റെ 2 ഗുളികകൾ കഴിക്കണം.
∙ 8– 12 പ്രായത്തിലുള്ള കുട്ടികൾ 100 മില്ലിഗ്രാമിന്റെ ഒരു ഗുളിക കഴിക്കണം.
∙ 2 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾക്കു ഡോക്ടർ നിർദേശിക്കുന്ന ഡോസ് നൽകുക.
∙ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 2 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ ഈ ഗുളിക കഴിക്കരുത്. അവർ ഡോക്ടറുടെ നിർദേശപ്രകാരം മറ്റു മരുന്നുകൾ കഴിക്കുക.
∙ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ആരോഗ്യപ്രവർത്തകർ വഴിയും ഈ ഗുളിക സൗജന്യമായി ലഭിക്കും.