സാധാരണ പനി മുതൽ മാരകമായ ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ടൈഫോയ്‌ഡ് തുടങ്ങി വിവിധതരം പനികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടി. സാധാരണ പനി മൂന്നോ നാലോ ദിവസംകൊണ്ടു ശമിക്കുമെങ്കിലും മറ്റുള്ളവ അങ്ങനെയല്ല. അവയ്‌ക്കു വിദഗ്‌ധ ചികിൽസ കൂടിയേ തീരൂ. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക.

ഡെങ്കിപ്പനി ലക്ഷണങ്ങൾ

മൂന്നുദിവസം കഴിഞ്ഞും കടുത്ത പനി തുടരുകയും അസഹ്യമായ ശരീരവേദന, കണ്ണു ചുവന്നു തടിക്കുക, കൈകാൽ കഴപ്പ് എന്നിവ ഉണ്ടാകുകയും ചെയ്‌താൽ ഡെങ്കിപ്പനി സംശയിക്കാം.

പ്രതിരോധം
കൊതുകു പരത്തുന്ന രോഗമാണിത്. കൊതുകുകൾ വളരാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കിയാൽ രോഗം ഇല്ലാതാക്കാം. വെളളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുകയാണ് മാർഗം. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കികളയുകയോ അതിനു മാർഗമില്ലെങ്കിൽ മണ്ണെണ്ണ, പെട്രോൾ മുതലായവ ഒഴിക്കുകയോ ചെയ്‌തു കൊതുകിന്റെ മുട്ടകൾ വളരുന്നത് ഒഴിവാക്കാം. കൊതുകു ശല്യം കൂടുതലായ സ്‌ഥലങ്ങളിൽ കൊതുകു വല ഉപയോഗിക്കുക. പകൽ സമയത്തു കൊതുകുകടി കൊള്ളാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക.

മലമ്പനി ലക്ഷണങ്ങൾ

പനിക്കൊപ്പം വിറയൽ കൂടിയുണ്ടെങ്കിൽ മലമ്പനി സംശയിക്കാം. ആദ്യം വിറയലും ശേഷം ശരീരം വിയർത്തു പനിയുണ്ടാകുകയുമാണു ലക്ഷണങ്ങൾ.

പ്രതിരോധം
കൊതുകുകടി ഒഴിവാക്കണം. കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണം.

എലിപ്പനി ലക്ഷണങ്ങൾ

ശരീര വേദന, പനി, കൈകാൽ കഴപ്പ്, മൂത്രതടസ്സം എന്നിവ.

പ്രതിരോധം
കെട്ടിക്കിടക്കുന്നതോ അല്ലാത്തതോ ആയ വെള്ളത്തിൽ കലരുന്ന എലി മൂത്രത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിന ജലവുമായി സമ്പർക്കം പരമാവധി ഒഴിവാക്കണം. വയലിൽ പണിയെടുക്കുന്നവർ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

ടൈഫോയ്‌ഡ് ലക്ഷണങ്ങൾ

പനിയാണ് പ്രധാന ലക്ഷണം

പ്രതിരോധം
ജലത്തിലൂടെയാണു പകരുന്നത്. മലിനജലം സമ്പർക്കം പരമാവധി ഒഴിവാക്കണം. ആഹാര സാധനങ്ങൾ പാചകം ചെയ്യുന്നതു ശുദ്ധജലത്തിലാണെന്ന് ഉറപ്പാക്കണം.