മഴക്കാലത്ത് വിവിധതരം രോഗങ്ങള്‍ നമ്മെ കടന്നാക്രമിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതും ചിലപ്പോള്‍ മാരകമാവുന്നതുമായവ വിവിധ പകര്‍ച്ചപ്പനികളാണ്. 

സാധാരണ പകര്‍ച്ചപ്പനികള്‍

വൈറല്‍ പനി - വൈറസുമൂലമുണ്ടാവുന്നു. വായുവില്‍ കൂടി പകരുന്നു. സാധാരണ മാരകമല്ല.

ഡെങ്കൂഫീവര്‍ - ആര്‍ബോ വൈറസാണ് രോഗമുണ്ടാക്കുന്നത്. കൊതുക് (Aedis) രോഗം പരത്തുന്നു. ചിലപ്പോള്‍ മാരകമാവാം.

ചിക്കുന്‍ ഗുനിയ - ഇതും ആര്‍ബോവൈറസ് മൂലമുണ്ടാവുന്നു. Aedis കൊതുകുതന്നെയാണ് രോഗാണു വാഹകര്‍. സാധാരണ ഇത് മാരകമല്ല. പക്ഷേ രോഗാതുര (morbidity) വളരെ വര്‍ഷം നീണ്ടുനില്‍ക്കാം.

എലിപ്പനി - ബാക്ടീരിയയാണ് രോഗാണു. എലിമൂത്രത്തില്‍ കൂടി രോഗം പകരുന്നു. പലപ്പോഴും ഇത് മാരകമാവുന്നു.

ജപ്പാന്‍ജ്വരം - വൈറസ് മൂലമുണ്ടാവുന്നു. ക്യൂലക്സ് കൊതുകാണ് രോഗം ഉണ്ടാക്കുന്നത്. ചിലപ്പോള്‍ മാരകമാവാം.

മലേറിയ -  പ്ലാസ്മോഡിയം എന്ന സൂക്ഷ്മാണുക്കളാണ് രോഗമുണ്ടാക്കുന്നത്. അനോഫിലിസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. ചിലപ്പോള്‍ മരണകാരണമാവാം.

എച്ച്1എന്‍1പനി - ഏറ്റവും അപകടകാരിയായ പകര്‍ച്ചപ്പനിയില്‍ ഒന്നാണിത്. വൈറസ് ആണ് രോഗമുണ്ടാക്കുന്നത്. രോഗിയില്‍ നിന്നു മറ്റുള്ളവരിലേക്കു രോഗം പകരുന്നത് ശ്വാസനാളിയില്‍ നിന്നു വരുന്ന സ്രവങ്ങളില്‍ നിന്നാണ്.

മലിനജലത്തില്‍ കൂടി ഉണ്ടാവുന്ന രോഗങ്ങള്‍

ഇവയില്‍ പ്രധാനം ടൈഫോയ്ഡ്, സാധാരണ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ, ഇ), കോളറ, വയറ്റിളക്കം, ഗ്യാസ്ട്രോ ഇന്‍ട്രൈറ്റിസ.് ഇവയില്‍  ചിലത് ബാക്ടീരിയകളും മറ്റ് ചിലത്  വൈറസും ഉണ്ടാക്കുന്നു. ഇവയില്‍ ചിലത് (ഉദാ : കോളറ) വളരെ ഗൗരവ സ്വഭാവമുള്ള സാംക്രമിക രോഗമാണ്. ഭക്ഷണത്തില്‍ക്കൂടിയും ഈ വക രോഗങ്ങള്‍ ഉണ്ടാകാം.

മറ്റു രോഗാണു ബാധകള്‍

പനിയോടൊപ്പം ഉണ്ടാകുന്ന ശ്വാസകോശാണുബാധ മഴക്കാലത്ത് വളരെ വ്യാപകമാണ്. വൈറസോ ബാക്ടീരിയ മൂലമോ ഇതുണ്ടാവാം. ബാക്ടീരിയ മൂലമുണ്ടാവുന്ന അണുബാധ ചിലപ്പോള്‍ അപകടകാരിയാവാം.

ഫംഗല്‍ അണുബാധ

മുതിര്‍ന്നവരിലും കുട്ടികളിലും മഴക്കാലത്ത് ഫംഗല്‍ അണുബാധ കൂടുതലായി ഉണ്ടാവുന്നു. ഇതിനു പ്രധാന കാരണം ഈര്‍പ്പം കൂടുന്നതാണ്. ചര്‍മത്തിന്‍റെ ഏതുഭാഗത്തും ഇത് ഉണ്ടാവമെങ്കിലും തുടയിടുക്കുകളിലും കക്ഷത്തിലും കാലിന്‍റെയും കയ്യുടെയും വിരലുകളുടെ ഇടഭാഗങ്ങളിലും ഉണ്ടാവാം.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)