പകര്‍ച്ചപ്പനികള്‍ അപകടകാരിയാവുന്നത് എന്തുകൊണ്ട്?
മഴക്കാലത്ത് വിവിധ പകര്‍ച്ചപ്പനികള്‍ കേരളത്തില്‍ വ്യാപകമായി ഉണ്ടാവുന്നു. അവയില്‍ പലതും (വൈറല്‍ പനി, ചിക്കന്‍ ഗുനിയ) സാധാരണ മാരകമല്ല. മറ്റു ചിലവ ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 എന്നിവ പലപ്പോഴും മരണ കാരണമാവുന്നുണ്ട്. എന്തുകൊണ്ടാണ് ഇവ മരണകാരണമാവുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കണം.
∙ മഴക്കാലത്ത് പനി വന്നാല്‍ ഏതു തരം പനിയാണ് ബാധിച്ചിരിക്കുന്നതെന്ന് ആരംഭത്തില്‍തന്നെ വൈദ്യസഹായത്തോടെ സ്ഥിരീകരിക്കണം. ഡെങ്കിപ്പനി, എലിപ്പനി എന്നിവ തുടക്കത്തിലെ കണ്ടെത്തി ചികിത്സച്ചില്ലെങ്കില്‍ അപകടം ഉണ്ടാവാം.
∙ പനി ഉണ്ടാവുമ്പോള്‍ സ്വയം ചികിത്സചെയ്ത് രോഗനിര്‍ണയം താമസിപ്പിക്കരുത്.
∙ ചില പകര്‍ച്ചപ്പനികള്‍ സങ്കീര്‍ണ്ണതകളിലേക്കു നയിക്കാം. ചില ഗൗരവമേറിയ സങ്കീര്‍ണതകള്‍ ആരംഭത്തില്‍തന്നെ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം സംഭവിക്കാം.
സങ്കീര്‍ണതകളെ അറിയാം
മയോകാര്‍ഡൈറ്റിസ് (Myocarditis)– ഹൃദയപേശികള്‍ക്കുണ്ടാവുന്ന നീര്‍ക്കെട്ട്
കരള്‍ രോഗങ്ങള്‍(Liver diseases, Liver failure) - കരളിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നു.
മെനിഞ്ചൈറ്റിസ് (Meningitis) – തലച്ചോറിന്‍റെ ആവരണത്തിനുണ്ടാവുന്ന അണുബാധ
ന്യൂമോണിയ (Pneumonia) – ശ്വസകോശങ്ങള്‍ക്കുണ്ടാവുന്ന അണുബാധ.
അണുബാധകള്‍ (Bacterial Infections)
എന്‍കഫലൈറ്റിസ് (Encephalitis)
തലച്ചോറിനുണ്ടാവുന്ന അണുബാധ
വ്യക്കപരാജയം (Kidney failure) എലിപ്പനി പലപ്പോഴും ഇതിന് കാരണമാവുന്നു.
രക്തത്തിലെ പ്ലേറ്റ്‌ലറ്റ്സിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞ് രക്തസ്രാവം ഉണ്ടാകുന്നതിലേക്കു നയിക്കാം. ചിലപ്പോള്‍ ആന്തരിക രക്തസ്രാവം ഉണ്ടായി രോഗി മരണമടയാം. ഡെങ്കിപ്പനിയിലാണ് ഇത് ഉണ്ടാവുക.
ഷോക്ക് ഉണ്ടാവുന്നത് - അതീവഗൗരവമായ സ്ഥിതിയാണിത്. രക്തസമ്മര്‍ദം കുറഞ്ഞ് ചിലപ്പോള്‍ മരണം സംഭവിക്കുന്നു.
പ്രമേഹം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗമുള്ളവര്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗപ്രതിരോധശക്തി കുറവുള്ളവര്‍ എന്നിവരിലെല്ലാം സങ്കീര്‍ണതകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
ഒരിക്കല്‍ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും വരുന്നത് മാരകമായി തീരാനുള്ള സാധ്യത കൂടുതലാണ്. ഡെങ്കി വൈറസുകള്‍ക്ക് നാല് ഉപവിഭാഗങ്ങളുള്ളതാണ് ഇതിനുകാരണം. രണ്ടാമത് പനി വരുമ്പോള്‍ മറ്റൊരു ഉപവിഭാഗമായിരിക്കും പനിയുണ്ടാക്കുന്നത്. ഇത് അപകടമുണ്ടാക്കും.
പനി തുടക്കത്തിലേതന്നെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ ലഭ്യമാക്കിയാല്‍ ഈ സങ്കീര്‍ണതകളെ ഒരു പരിധിവരെ ഒഴിവാക്കാനും രോഗം ഭേദമാക്കാനും കഴിയും.
(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)