നവജാത ശിശുവിന് പുതുജീവൻ നൽകി കാരിത്താസ് ആശുപത്രി
1.8ഗ്രാം ഹീമോഗ്ലോബിൻ മാത്രമായി ജനിച്ച കുഞ്ഞിന് പുതുജീവൻ നൽകി തെള്ളകം കാരിത്താസ് ആശുപത്രി. രണ്ടു ഗ്രാമിൽ താഴെ ഹീമോഗ്ലോബിനുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ ജീവിതത്തിലേക്കു തിരിച്ചു വരുന്നതുതന്നെ വളരെ അപൂർവമാണ്. അത്തരം സാഹചര്യത്തിലാണ് കാരിത്താസ് നിയോനേറ്റൽ വിഭാഗം ഈ കുഞ്ഞിന് പുതുജീവൻ നൽകിയിരിക്കുന്നത്.
ഗർഭസ്ഥ ശിശുവിന് അനക്കക്കുറവുണ്ടെന്ന കാരണത്താലാണ് പത്തനംതിട്ട സ്വദേശികളായ ബാബു–ബീര ദമ്പതികൾ കാരിത്താസ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. വിദഗ്ധ പരിശോധനയിൽ ഗർഭസ്ഥ ശിശുവിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഗൈനക്കോളജിസ്റ്റ് അടിയന്തര ശസ്ത്രക്രിയയിലൂടെ മാസം തികയുന്നതിനു മുന്നേതന്നെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഫിറ്റോ മറ്റേർണൽ ഹെമറേജ് എന്ന അതിസങ്കീർണമായ രോഗാവസ്ഥയായിരുന്നു ഇവർക്കു ബാധിച്ചിരുന്നത്.
കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ 1.8 ഗ്രാം ഹീമോഗ്ലോബിൻ മാത്രമാണ് രക്തത്തിലുണ്ടായിരുന്നത്. കാരിത്താസിലെ നിയോനേറ്റൽ വിഭാഗം മേധാവി ഡോ. സാജൻ തോമസ്, ഗൈനക്കോളജിസ്റ്റ് ഡോ. ഡി. റെജി, ഡോ. ദീപ സാജൻ, ഡോ. ആൻ ജോസഫ്, ഡോ.ബ്ലെസി വർഗീസ് എന്നിവരോടൊപ്പം നഴ്സിങ് ടീമും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ടീമും നടത്തിയ കഠിന പരിശ്രമത്തിലൂടെയാണ് ഈ കുഞ്ഞുമാലാഖയെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത്. ബാബു–ബീര ദമ്പതികളുടെ ആദ്യ കൺമണിയായിരുന്നു ഇത്. മാലാഖ എന്നർഥത്തിൽ ഏയ്ഞ്ചൽ എന്നാണ് ഇവർ കുഞ്ഞിനു പേരു നൽകിയതും. ആശുപത്രി വിട്ട അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.